| Friday, 9th October 2026, 9:14 pm

ഹനുമാൻ കൈൻഡിനെ കണ്ടപ്പോൾ 'ഇതൊക്കെ ഏത്' എന്ന് തോന്നി, മൈൻഡ് പോലും ചെയ്തിരുന്നില്ല; പൊന്നമ്മ ബാബു

അജ്മല്‍ കെ

മലയാളികൾക്ക് ഏറെ പരിചിതയായ നടിയാണ് പൊന്നമ്മ ബാബു. 300ൽ അധികം സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും കോമഡി ഷോകളിലും അഭിനയിച്ചിട്ടുള്ള നടി കൂടെയാണ് അവർ. ഇപ്പോഴും മലയാള സിനിമയിൽ സജീവമായ ഇവർ 2024-ൽ പുറത്തിറങ്ങിയ ആക്ഷൻ കോമഡി ചിത്രമായ റൈഫിൾ ക്ലബിലും പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ ഹനുമാൻ കൈൻഡും പ്രധാന വേഷത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ റാപ്പർ ഹനുമാൻ കൈൻഡിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് നടി പൊന്നമ്മ ബാബു. പുതിയ തലമുറയിലെ കുട്ടികൾ പാടിനടക്കുന്നതൊന്നും താൻ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും ഹനുമാൻ കൈൻഡ് റാപ്പറാണെന്നുപോലും അറിയില്ലായിരുന്നുവെന്നും താരം പറയുന്നു. അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

റൈഫിൾ ക്ലബ. Photo. IMDb

‘ഹനുമാൻ കൈൻഡിനെ ഞാനൊട്ടും മൈൻഡ് ചെയ്തിരുന്നില്ല. അദ്ദേഹം റാപ്പറാണെന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോഴത്തെ ജനറേഷൻ പിള്ളേരല്ലേ. ഈ ചെക്കനൊക്കെ ഇങ്ങനെ ഓരോന്ന് പാടിനടക്കുമ്പോൾ ഇതൊക്കെ ഏതാണെന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. എന്തെങ്കിലുമാകട്ടെ എന്നു കരുതി ഞാൻ അവിടെ ഇരിക്കുകയായിരുന്നു,’ പൊന്നമ്മ ബാബു പറഞ്ഞു.

പിന്നീട് തന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചേച്ചിയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞു എന്നും പിന്നീട് ഒപ്പം ഫോട്ടോ എടുത്തു എന്നും താരം പറഞ്ഞു.

‘ചേച്ചിയുടെ ഭയങ്കര ഫാനാണ് ഞാൻ എന്നു പറഞ്ഞ് അടുത്തുവന്ന് കെട്ടിപ്പിടിച്ചു. ഞാൻ താങ്ക്യൂ മോനെ എന്നു പറഞ്ഞു. വീട്ടിലെ ഉമ്മയ്ക്കും എല്ലാവർക്കും പൊന്നമ്മ ചേച്ചിയെ ഭയങ്കര ഇഷ്ടമാണെന്നും പറഞ്ഞു. നമുക്കൊരു സെൽഫി എടുത്താലോ എന്ന് ചോദിച്ചപ്പോൾ ഞാൻ വാ, എടുക്കാമെന്ന് പറഞ്ഞു. ആദ്യം ഒന്ന് നോക്കിയെങ്കിലും പിന്നെ ലുക്കൊക്കെ കണ്ട് നേരെ നിന്ന് ഫോട്ടോ എടുത്തു,’ നടി പറഞ്ഞു.

ആ സെൽഫിയോടെ തുടങ്ങിയ പരിചയം പിന്നീട് നല്ല സൗഹൃദമായി മാറുകയായിരുന്നു. പിന്നീടുള്ള കൂടിക്കാഴ്ചകളിലെല്ലാം ഹനുമാൻ കൈൻഡ് സ്നേഹത്തോടെ പെരുമാറിയിരുന്നുവെന്നും രാവിലെ കാണുമ്പോൾ തന്നെ കെട്ടിപ്പിടിച്ച് സ്നേഹം പ്രകടിപ്പിക്കുമായിരുന്നുവെന്നും പൊന്നമ്മ ബാബു ഓർത്തെടുത്തു.

പൊന്നമ്മ ബാബു. Photo. Screen Grab/ Youtube

‘പിന്നീട് ഞങ്ങൾ ഭയങ്കര കമ്പനിയായി. എന്നും രാവിലെ വന്ന് കെട്ടിപ്പിടിക്കും. ഭയങ്കര സ്നേഹം പ്രകടിപ്പിക്കുന്ന ആളായിരുന്നു ഹനുമാൻ കൈൻഡ്,’ പൊന്നമ്മ ബാബു പറഞ്ഞു.

Content Highlight: Actress Ponnamma Babu Talks about hanumankind

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more