ശക്തമായ നിലപാടുകളിലൂടെയും അഭിനയമികവിലൂടെയും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. ഇപ്പോഴിതാ, ശക്തയായ സ്ത്രീയെന്നാൽ എല്ലാം ഒറ്റയ്ക്ക് നേരിടുകയും വികാരങ്ങൾ പുറത്തുകാണിക്കാതിരിക്കുകയും ചെയ്യുന്നവളാണെന്ന ധാരണയെക്കുറിച്ച് സംസാരിക്കുകയാണ് താരം.
കരയാനും തളർന്നുപോകാനും മറ്റുള്ളവരുടെ സഹായം തേടാനുമുള്ള സ്വാതന്ത്ര്യവും യഥാർഥ ശക്തിയുടെ ഭാഗമാണെന്ന് പാർവതി പറയുന്നു. സ്ത്രീകളെ ആദ്യം മനുഷ്യരായി കാണണമെന്നും അവർക്കും സ്നേഹവും സമാധാനവും വിശ്രമവും ആവശ്യമാണെന്നും താരം വ്യക്തമാക്കി.
പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘എല്ലാ സമയത്തും നമ്മൾ ശക്തരായിരിക്കണമെന്നില്ല. ചിലപ്പോൾ കരയേണ്ടിവരും. മറ്റൊരാൾ നമ്മളെ ചേർത്തുപിടിക്കുമെന്ന് വിശ്വസിക്കാൻ കഴിയുന്നതാണ് യഥാർഥ ശക്തി. എനിക്ക് എല്ലാം കൃത്യമായി അറിയണമെന്നില്ലെന്നും എല്ലാ കാര്യങ്ങളും തനിയെ ചെയ്യേണ്ടതില്ലെന്നും കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഞാൻ പഠിച്ചു.
മിക്കപ്പോഴും ഞാൻ എന്നെത്തന്നെ നോക്കാറുണ്ട്. പക്ഷേ, എനിക്ക് നല്ല സുഹൃത്തുക്കളും കുടുംബവുമുണ്ട്. ചിലപ്പോൾ എനിക്ക് ദേഷ്യം വരാം, അസ്വസ്ഥത തോന്നാം, കരച്ചിലുണ്ടാകാം. അപ്പോഴൊക്കെ അവർ എന്നെ നോക്കിക്കൊള്ളും. ജീവിതം എന്നുപറയുന്നത് അതുകൂടിയല്ലേ. വ്യക്തിജീവിതത്തിൽ മറ്റുള്ളവരുടെ കരുതൽ സ്വീകരിക്കാനും എനിക്ക് ഇഷ്ടമാണ്,’ നടി പറഞ്ഞു.
മറ്റുള്ളവരെ സ്നേഹിക്കുന്നതുപോലെ അവരുടെ സ്നേഹം സ്വീകരിക്കാനും പഠിക്കേണ്ടതുണ്ടെന്ന് പാർവതി പറയുന്നു. എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യണമെന്ന ചിന്തയിൽനിന്ന് മാറിയതിനെക്കുറിച്ചും താരം പങ്കുവെച്ചു.
‘എനിക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ ഒരുപാട് ഇഷ്ടമാണ്. എന്റെ ജീവിതം തിരക്കുപിടിച്ചതാണെന്ന് കാണുമ്പോൾ ആളുകൾ എന്നെ സമീപിക്കാൻ മടിക്കാറുണ്ട്. എന്നാൽ മറ്റുള്ളവർക്കായി സമയം കണ്ടെത്താൻ എനിക്ക് എപ്പോഴും കഴിയാറുണ്ട്. ഒരിക്കൽ അഞ്ജലി എന്നോട് പറഞ്ഞു, സ്നേഹം സ്വീകരിക്കാനും പഠിക്കണമെന്ന്. അപ്പോഴാണ് അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചത്. എനിക്ക് എല്ലാം എപ്പോഴും ശരിയായിരിക്കണം എന്ന ചിന്തയിൽ ഞാൻ സഹായം സ്വീകരിക്കാൻ മറന്നുപോയിരുന്നു. ഇപ്പോൾ സഹായം ആവശ്യമുള്ളപ്പോൾ മറ്റുള്ളവരോട് ചോദിക്കാൻ എനിക്ക് കഴിയുന്നുണ്ട്,’ താരം വ്യക്തമാക്കി.
സ്ത്രീകൾ എപ്പോഴും അധ്വാനിക്കുകയും എല്ലാ ഉത്തരവാദിത്തങ്ങളും തനിയെ ഏറ്റെടുക്കുകയും വേണമെന്ന സമൂഹത്തിന്റെ പ്രതീക്ഷകളെയും പാർവതി ചോദ്യം ചെയ്യുന്നു. ശക്തയായ സ്ത്രീയെന്നാൽ വികാരങ്ങളില്ലാത്തവളാണെന്ന ധാരണ മാറണമെന്നും താരം പറയുന്നു.
പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘സ്ത്രീകളെ മനുഷ്യരായി കാണാൻ നമ്മൾ പഠിക്കണം. ഒരു സ്ത്രീ അമ്മയായാലും മകളായാലും അഭിനേത്രിയായാലും ആദ്യം അവൾ ഒരു മനുഷ്യനാണ്. മറ്റുള്ളവരെപ്പോലെ അവൾക്കും സ്നേഹവും സമാധാനവും വിശ്രമവും അർഹതപ്പെട്ടതാണ്. ഒരു സ്ത്രീ ശക്തയാണെന്നും ആക്ടിവിസ്റ്റാണെന്നും പറഞ്ഞ് അവൾക്ക് മറ്റാരുടെയും സഹായം ആവശ്യമില്ലെന്ന് കരുതരുത്. സ്ത്രീകൾ കൂടുതൽ അധ്വാനിച്ചാൽ മാത്രമേ മികച്ചവരാകൂ എന്നൊരു ധാരണയുണ്ട്. എന്നാൽ എല്ലാ കാര്യങ്ങളും തനിയെ ചെയ്യണമെന്ന് എന്തിനാണ് നമ്മൾ കരുതുന്നത്,’പാർവതി പറഞ്ഞു.
Content Highlight: Actress Parvathy Thiruvothu speaks out about the notion that a ‘strong woman’ is someone who faces everything alone and never shows her emotions