| Saturday, 21st November 2026, 8:44 am

കസബ വിവാദം കരിയറിനെയും വ്യക്തിത്വത്തെയും ബാധിച്ചു; പക്ഷേ സൈബർ ആക്രമണവും ഒറ്റപ്പെടലും അതിജീവിച്ചു: പാർവതി തിരുവോത്ത്

അജ്മല്‍ കെ

പുതിയ കാര്യങ്ങൾ വളരണമെങ്കിൽ ചിലത് തകർന്നുവീഴേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്ന് നടി പാർവതി തിരുവോത്ത്. 2017ൽ കസബ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനു പിന്നാലെ നേരിട്ട സൈബർ ആക്രമണവും ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും തുറന്നുപറയുകയാണ് താരം. ആ സംഭവം തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നുവെന്നും അതിലൂടെ പല കാര്യങ്ങളും തിരിച്ചറിയാൻ കഴിഞ്ഞെന്നും പാർവതി രഞ്ജിനി ഹരിദാസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കസബ വിവാദം വലിയ രീതിയിൽ ചർച്ചയായതോടെ നേരിട്ട വിദ്വേഷവും ആളുകളുടെ അകൽച്ചയും തന്നെ ഏറെ വേദനിപ്പിച്ചു. അതേസമയം, ആ സംഭവത്തിലൂടെ ആരൊക്കെയാണ് തനിക്കൊപ്പം നിൽക്കുന്നതെന്നും ആരൊക്കെയാണ് അകന്നുപോകുന്നതെന്നും തിരിച്ചറിയാൻ കഴിഞ്ഞെന്നും നടി പറഞ്ഞു.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

‘എന്റെ ജീവിതത്തിൽ പലതവണ കാര്യങ്ങൾ തകർന്നുവീഴുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ കസബ വിവാദം വലിയൊരു രീതിയിലാണ് സംഭവിച്ചത്. അന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ പ്രശ്നം എന്നെക്കുറിച്ച് മാത്രമായിരുന്നില്ല എന്നതാണ്. പുരുഷാധിപത്യവും സ്ത്രീ വിരുദ്ധതയും ഇത്ര വലിയ രീതിയിൽ തുറന്നുകാണിക്കപ്പെടാൻ ഒരു കാരണമായി ഞാൻ മാറുകയായിരുന്നു. പക്ഷേ അതിന്റെ പേരിൽ വന്ന വിദ്വേഷവും വെറുപ്പും നേരിട്ട് എന്റെ അടുത്തേക്കാണ് മാത്രമാണ് വന്നത്.

ആ സമയത്ത് തനിക്കൊപ്പം നിന്നവരെയും അകന്നുപോയവരെയും തിരിച്ചറിയാൻ കഴിഞ്ഞു. അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോയ അനുഭവം ഉണ്ടായെങ്കിലും പുതിയ സൗഹൃദങ്ങൾ ലഭിക്കുകയും സ്വന്തം നിലയിൽ ഉറച്ചുനിൽക്കാൻ പഠിക്കുകയും ചെയ്തു. മാനസികമായും ശാരീരികമായും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന തിരിച്ചറിവും ആ അനുഭവം നൽകി,’പാർവതി പറഞ്ഞു.

കരുതലോടെ കെട്ടിപ്പടുത്ത കരിയർ തകർന്നുപോകുന്നത് നോക്കിനിൽക്കേണ്ടിവന്നത് ഏറെ പ്രയാസകരമായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ എല്ലാം നഷ്ടപ്പെട്ടാലും പോരാടാൻ തയ്യാറാണെന്ന നിലയിലേക്ക് താൻ മാറിയെന്നും താരം തുറന്നുപറഞ്ഞു.

‘ഒരുപാട് കരുതലോടെ ഞാൻ കെട്ടിപ്പടുത്ത കാര്യങ്ങൾ സമ്മർദം കാരണം തകർന്നുപോകുന്നത് കണ്ടുനിൽക്കേണ്ടിവന്നു. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. പക്ഷേ ഒരു ഘട്ടത്തിൽ എന്റെ കരിയറോ ജീവിതമോ നിങ്ങൾ എടുത്തോളൂ, പക്ഷേ ഞാൻ പോരാടാതെ പിന്മാറില്ല എന്നൊരു മനോഭാവത്തിലേക്ക് ഞാൻ എത്തി. അതെനിക്ക് വലിയ സന്തോഷം നൽകി.

ചാർലി, എന്ന് നിന്റെ മൊയ്തീൻ, ടേക്ക് ഓഫ് തുടങ്ങിയ സിനിമകളിലൂടെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ സമയത്താണ് കസബ വിവാദം ഉണ്ടായത്. ഫിലിം ഫെയർ പുരസ്കാരവും ഗോവ ചലച്ചിത്രമേളയിലെ സിൽവർ പീക്കോക്കും ലഭിച്ചതിന് പിന്നാലെ രണ്ട് മാസത്തിനുള്ളിലാണ് ഈ സംഭവം നടന്നത്. കരിയറിലെ ഉയർച്ചയ്ക്കിടെയുണ്ടായ ഈ തിരിച്ചടി തന്നെ മാനസികമായി തളർത്തി,’ പാർവതി വ്യക്തമാക്കി.

എന്നാൽ ഈ അനുഭവം തന്റെ വ്യക്തിത്വത്തിലും വലിയ മാറ്റങ്ങളുണ്ടാക്കിഎന്നും പാർവതി പറഞ്ഞു. സാഹചര്യങ്ങളെ മാറ്റാൻ കഴിയാത്തപ്പോൾ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും സ്വയം എങ്ങനെയുള്ള വ്യക്തിയായി മാറണമെന്നും തീരുമാനിക്കാനുള്ള അവസരമായാണ് അതിനെ കാണുന്നത്. അങ്ങനെ ജീവിതത്തിൽ പല പുതിയ പതിപ്പുകളായി സ്വയം മാറാൻ ആ അനുഭവം സഹായിച്ചെന്നും പാർവതി കൂട്ടിച്ചേർത്തു.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

2016ൽ ചലച്ചിത്രമേളയിലെ ചർച്ചയ്ക്കിടെയാണ് പാർവതി മമ്മൂട്ടി നായകനായ ‘കസബ’യിലെ സ്ത്രീകളുടെ അവതരണത്തെയും സ്ത്രീ വിരുദ്ധ പരാമർശങ്ങളെയും വിമർശിച്ചത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളോടുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സമീപനവും സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളും അംഗീകരിക്കാനാകില്ലെന്നായിരുന്നു പാർവതിയുടെ നിലപാട്. പരാമർശത്തിന് പിന്നാലെ പാർവതിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും ട്രോളുകളും ഉണ്ടായിരുന്നു.

Content Highlight:  Actress Parvathy Thiruvothu speaks openly about the controversy surrounding the film ‘Kasaba’.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more