പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളും സഹതാരമായ കുട്ടേട്ടനിൽ നിന്ന് ലഭിച്ച പിന്തുണയും പങ്കുവെച്ച് നടി പാർവതി തിരുവോത്ത്. മാസ് എൻട്രിയോടെയാണ് കുട്ടേട്ടൻ സെറ്റിലേക്ക് എത്തിയതെന്ന് പാർവതി ഓർത്തെടുത്തു. തന്റെ സ്വാഗും സ്റ്റൈലും കൊണ്ട് എല്ലാവരുടെയും ശ്രദ്ധ നേടിയ അദ്ദേഹം സെറ്റിലുള്ളവരെ ഏറെ കരുതലോടെ കണ്ടിരുന്നുവെന്നും പാർവതി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സിനിമയുടെ വിജയാഘോഷ വേദിയിൽ പറഞ്ഞു.
‘മാസ് എൻട്രിയായിട്ടാണ് കുട്ടേട്ടൻ സെറ്റിൽ വന്നത്. അദ്ദേഹത്തിന്റെ ആ സ്വാഗും സ്റ്റൈലും വളരെ അനായാസമായിരുന്നു. ശരിക്കും ഒരു ലീഡറെപ്പോലെയാണ് അദ്ദേഹം. നമ്മളെ ഒരുപാട് കെയർ ചെയ്യും. നല്ല ഭക്ഷണവും സ്നേഹവും സംഭാഷണങ്ങളുമൊക്കെയായി എപ്പോഴും കൂടെയുണ്ടാകും. ഒരുപാട് കാര്യങ്ങളിൽ ഞങ്ങളെ ഗൈഡ് ചെയ്തിട്ടുണ്ട്,’ പാർവതി പറഞ്ഞു.
പാർവതി തിരുവോത്ത്, Photo. Screen Grab/ Youtube
പോലീസ് കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ കുട്ടേട്ടൻ തന്റെ അഭിനയത്തിലും തിരുത്തലുകൾ വരുത്താൻ സഹായിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഒരു കഥാപാത്രം മികച്ചതാകുന്നത് ഇത്തരം ചെറിയ കാര്യങ്ങൾ കൂടി ചേരുമ്പോഴാണെന്നും പാർവതി പറഞ്ഞു.
‘എന്റെ പല ഷോട്ടുകളിലും തിരുത്തലുകൾ വരുത്തിയത് കുട്ടേട്ടനാണ്. ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ഒരുമിച്ചുചേരുമ്പോഴാണ് ഒരു കഥാപാത്രം നന്നാകുന്നത്,’ പാർവതി പറഞ്ഞു.
ചിത്രത്തിലെ അലീന എബ്രഹാം എന്ന കഥാപാത്രത്തിന് ലഭിക്കുന്ന പ്രതികരണത്തിലും പാർവതി സന്തോഷം പങ്കുവെച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥ എന്നതിലുപരി ഒരു അമ്മ കൂടിയായ അലീനയെ പ്രേക്ഷകർ സ്വീകരിച്ചതാണ് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതെന്ന് താരം പറഞ്ഞു. ഇരുപത് വർഷത്തെ അഭിനയജീവിതത്തിൽ നിരവധി കഥാപാത്രങ്ങൾക്ക് സ്നേഹം ലഭിച്ചിട്ടുണ്ടെങ്കിലും അലീനയെക്കുറിച്ച് ലഭിക്കുന്ന സന്ദേശങ്ങൾ ഏറെ പ്രത്യേകതയുള്ളതാണെന്നും പാർവതി കൂട്ടിച്ചേർത്തു.
‘എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഒരുപാട് കഥാപാത്രങ്ങൾക്ക് സ്നേഹം ലഭിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് കിട്ടിയ മെസേജുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് അലീന എബ്രഹാം എന്ന കഥാപാത്രത്തെക്കുറിച്ചാണ്. ഒരു പൊലീസ് കഥാപാത്രമാണ് അലീന, പക്ഷേ അവൾ ഒരു അമ്മ കൂടിയാണ്. ആ കാര്യം എത്ര മനോഹരമായാണ് സിനിമയിൽ വന്നിരിക്കുന്നതെന്നാണ് പലരും പറയുന്നത്. അത് കാണുമ്പോൾ എനിക്ക് ഇപ്പോഴും ഒരുപാട് സന്തോഷമുണ്ട്. ഷഹദും എഴുത്തുകാരും ആ കാര്യം കൃത്യമായി കൊണ്ടുവന്നതിൽ വളരെ സന്തോഷമുണ്ട്,’ പാർവതി പറഞ്ഞു.
സിനിമ കണ്ടുവെന്നും കഥാപാത്രം നന്നായെന്നും കഥ ഇഷ്ടമായെന്നും പറഞ്ഞ് ഇപ്പോഴും നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
Content Highlight: Actress Parvathy Thiruvothu shares her experiences during the filming of ‘Prathama Drushtya Kuttakkar’ and the support she received from her co-star, Kuttettan