2005ൽ പതിനേഴാം വയസിൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് പാർവതി തിരുവോത്ത്. തുടർന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമടക്കം ഒട്ടനവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ട്. എന്ന് നിന്റെ മൊയ്തീൻ, ചാർളി, ടേക്ക്ഓഫ്, ഉള്ളൊഴുക്ക്, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ നിരവധി സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിൽ 20 വർഷം പൂർത്തിയാക്കാൻ കഴിയുന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് തുറന്നു പറയുകയാണ് നടി പാർവതി തിരുവോത്ത്. സിനിമയിൽ എത്തിയ കാലം മുതൽ കേട്ട ചില ഉപദേശങ്ങളെക്കുറിച്ചും സ്വന്തം വഴിയിലൂടെ മുന്നോട്ടുപോകാൻ തീരുമാനിച്ചതിനെക്കുറിച്ചും സംസാരിക്കുകയാണ് താരം. രഞ്ജിനി ഹരിദാസിന് നൽകിയ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.
പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘20 വർഷമായി സിനിമയിൽ എന്നത് സന്തോഷമുള്ള കാര്യമാണ്. ശരിക്കും വലിയൊരു കാര്യം തന്നെയാണത്. ഇൻഡസ്ട്രിയിൽ എത്തുന്ന സമയത്ത് എല്ലാവരും പറയുന്ന ഒരു കാര്യമുണ്ട്. അഞ്ചോ ആറോ വർഷം കഴിഞ്ഞാൽ സിനിമയിൽ ഉണ്ടാകില്ല, വിവാഹം കഴിഞ്ഞാൽ പിന്നെ അഭിനയം ഉണ്ടാകില്ല എന്നൊക്കെയാണ് പറയുക. അങ്ങനെ കേൾക്കുന്നത് തുടക്കം മുതൽ തന്നെ എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു. ഒരു റെക്കോർഡ് ഉണ്ടാക്കണമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. പക്ഷേ, എന്തുകൊണ്ടാണ് സ്ത്രീകളോട് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിട്ടുണ്ട്’, പാർവതി പറഞ്ഞു.
കരിയറിന്റെ തുടക്കത്തിൽ തന്നെ ചിലർ തനിക്ക് നൽകിയ ഉപദേശങ്ങളെക്കുറിച്ചും പാർവതി സംസാരിച്ചു. തമിഴിലും തെലുങ്കിലും പോയി ഐറ്റം ഡാൻസുകൾ ചെയ്ത് പണമുണ്ടാക്കണമെന്നും, നല്ല കഥാപാത്രങ്ങൾ മലയാളത്തിൽ ചെയ്താൽ മതിയെന്നുമായിരുന്നു അത്തരത്തിലുള്ള ഉപദേശമെന്നും താരം കൂട്ടിച്ചേർത്തു.
‘നിനക്ക് പണമുണ്ടാക്കണമെങ്കിൽ തമിഴിലും തെലുങ്കിലും പോയി ഐറ്റം ഡാൻസ് ചെയ്യണം. നിനക്ക് നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ടെങ്കിൽ മലയാളത്തിൽ ചെയ്യാം. പക്ഷേ പണം അവിടെനിന്നാണ് കിട്ടുക എന്നൊക്കെയാണ് ഒരാൾ എന്നോട് പറഞ്ഞത്. എനിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ബുദ്ധിയില്ലെന്ന പോലെയാണ് അയാൾ സംസാരിച്ചത്. എനിക്ക് എന്റെ വഴി തെരഞ്ഞെടുക്കാൻ കഴിയില്ലേ എന്ന് തോന്നി. അന്ന് ആ വ്യക്തിയോട് ശരി, ബൈ എന്ന് പറഞ്ഞ് അവിടെനിന്ന് മാറി. പിന്നീട് അയാൾ പറഞ്ഞ രീതിയിൽ കരിയർ മുന്നോട്ടുകൊണ്ടുപോകാതിരിക്കാനും തീരുമാനിച്ചു’, താരം പറഞ്ഞു.
സിനിമയിൽ അഭിനയിക്കുന്ന ഒരാൾക്ക് തിരക്കഥ ചോദിക്കാൻ പോലും അവകാശമില്ലാത്ത രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പാർവതി പറയുന്നു. പതിനേഴും പതിനെട്ടും വയസുള്ളപ്പോഴാണ് ഇത്തരം കാര്യങ്ങൾ നേരിടേണ്ടിവന്നതെന്നും താരം വ്യക്തമാക്കി.
‘ഞാൻ അഭിനയിക്കുന്ന സിനിമയുടെ തിരക്കഥ ചോദിക്കുന്നതിൽ എന്താണ് തെറ്റ്? വീട്ടിൽ ഭക്ഷണം ഉണ്ടാക്കാൻ വരുന്ന ചേച്ചിയോട് ഫ്രിഡ്ജിൽ എന്തൊക്കെയുണ്ടെന്ന് ഞാൻ പറഞ്ഞുകൊടുക്കും. ഭക്ഷണം ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങളെക്കുറിച്ചാണ് അവർ ചോദിക്കുന്നത്. അതുപോലെ തന്നെയല്ലേ ഒരു കഥാപാത്രം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ ഞാനും ചോദിക്കുന്നത്? അതിൽ എന്തിനാണ് ഈഗോ? ഞങ്ങളാണ് നിങ്ങളെ ലോഞ്ച് ചെയ്യുന്നതെന്ന് ചിലർ പറയും.
പാർവതി തിരുവോത്ത്. Photo. Facebook.com
ഞാൻ റോക്കറ്റ് ഒന്നുമല്ല നിങ്ങൾ എന്നെ ലോഞ്ച് ചെയ്യാൻ എന്ന് ഞാൻ പറയാറുണ്ട്. എന്റെ കലയിലൂടെ ഒരു ജോലി ചെയ്യാനാണ് ഞാൻ വരുന്നത്. അതിനൊപ്പം എന്റെ ബുദ്ധിയെയും അഭിപ്രായങ്ങളെയും എന്തിനാണ് ചെറുതാക്കുന്നത്,’പാർവതി പറഞ്ഞു.
Content Highlight: Actress Parvathy Thiruvothu reveals that being able to complete 20 years in cinema is a matter of great joy