| Monday, 23rd November 2026, 8:11 am

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അഭിനയിക്കണമെന്ന് തോന്നിയില്ല; നോട്ട്ബുക്കാണ് ആ കാഴ്ചപ്പാട് മാറ്റിയത്: പാർവതി തിരുവോത്ത്

അജ്മല്‍ കെ

അഭിനയത്തെക്കുറിച്ചുള്ള തന്റെ ധാരണ മാറിയത് ‘നോട്ട്ബുക്ക്’ സിനിമയുടെ ഓഡിഷനിലൂടെയാണെന്ന് തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്. ആദ്യ സിനിമയായ ‘ഔട്ട് ഓഫ് സിലബസ്’ ചെയ്ത സമയത്ത് അഭിനയമെന്നാൽ ഡയലോഗുകൾ പഠിച്ച് ക്യാമറയ്ക്ക് മുന്നിൽ നാടകീയമായി പറയുക മാത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ‘നോട്ട്ബുക്ക്’ ഓഡിഷനിൽ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കാനും കഥാപാത്രത്തിന്റെ ജീവിതം മനസിലാക്കാനും ആവശ്യപ്പെട്ടപ്പോൾ അഭിനയത്തോടുള്ള സമീപനം മാറിയെന്നും പാർവതി രഞ്ജിനി ഹരിദാസിന് നൽകിയ പോഡ്‌കാസ്റ്റിൽ പറഞ്ഞു.

‘നോട്ട്ബുക്ക്’ സിനിമയുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് പുതുമുഖങ്ങൾക്കായി നടത്തിയ വർക്ക്‌ഷോയും തന്നെ സഹായിച്ചിരുന്നുവെന്ന് പാർവതി വ്യക്തമാക്കി.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

‘നോട്ട്ബുക്കിൽ ബോബി-സഞ്ജയ് ഞങ്ങളെല്ലാ പുതുമുഖങ്ങളുമായി ഒരു വർക്ക്‌ഷോപ്പ് നടത്തിയിരുന്നു. അപ്പോഴും പൂജ കൃഷ്ണ എന്ന കഥാപാത്രത്തെക്കുറിച്ച് എന്റെ മനസിൽ വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. അഭിനയമെന്നാൽ ഡയലോഗുകൾ പഠിച്ച് ക്യാമറയ്ക്ക് മുന്നിൽ പോയി പറയുക എന്നതായിരുന്നു എന്റെ ധാരണ,’ പാർവതി പറഞ്ഞു.

ആദ്യ സിനിമയായ ‘ഔട്ട് ഓഫ് സിലബസ്’ ചെയ്തപ്പോഴും അഭിനയത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിയിരുന്നില്ലെന്നും ആ സിനിമയിലെ തന്റെ അഭിനയം കാണുമ്പോൾ ഇപ്പോൾ വളരെ മോശമായി തോന്നാറുണ്ടെന്നും പാർവതി പറയുന്നു. അതിനുശേഷം സിനിമ ചെയ്യണമെന്ന ആഗ്രഹം പോലും ഉണ്ടായിരുന്നില്ല. കോളേജിൽ ചേർന്ന ശേഷം പിന്നീട് പരസ്യങ്ങളിലേക്ക് എത്തിയെങ്കിലും അവിടത്തെ അനുഭവവും ഇഷ്ടമായില്ലെന്നും താരം പറഞ്ഞു.

‘ഔട്ട് ഓഫ് സിലബസ് കഴിഞ്ഞതിന് ശേഷം എനിക്ക് സിനിമ ചെയ്യണമെന്ന് തോന്നിയിട്ടേയില്ല. പിന്നെ കോളേജിൽ ചേർന്നു. പരസ്യങ്ങൾ ചെയ്യാൻ ഒരുപാട് അവസരങ്ങൾ വന്നു. പക്ഷേ അവിടത്തെ ട്രീറ്റ്മെന്റും എനിക്ക് ഇഷ്ടപ്പെട്ടില്ല. ഒരു മാനെക്വിൻ പോലെ നിൽക്കുന്നതായിട്ടാണ് തോന്നിയത്. മോഡലിങ്ങിന്റെ ആ രീതിയിലുള്ള അനുഭവം എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് ആ അനുഭവം ഞാൻ വെറുത്തു,’നടി പറഞ്ഞു.

പിന്നീട് ‘നോട്ട്ബുക്ക്’ ഓഡിഷനിൽ പങ്കെടുത്തപ്പോഴാണ് ആദ്യമായി അഭിനയപ്രക്രിയ ആസ്വദിക്കാൻ കഴിഞ്ഞതെന്നും പാർവതി പറഞ്ഞു.

‘ആദ്യമായിട്ടാണ് അഭിനയിക്കുക എന്നത് ഇങ്ങനെയാണെന്ന് ഞാൻ തിരിച്ചറിയുന്നത്. പൂജ എന്താണ് ഇഷ്ടപ്പെടുക, വീട്ടിൽ എങ്ങനെയായിരിക്കും, അമ്മയോടൊപ്പം എന്താണ് ചെയ്യുക എന്നൊക്കെ ചോദിച്ചു. പാത്രം കഴുകുമോ, ചെസ് കളിക്കുമോ എന്നൊക്കെ. എനിക്ക് ആ പ്രക്രിയ ഒരുപാട് ഇഷ്ടപ്പെട്ടു. പെട്ടെന്ന് അത് എന്നെക്കുറിച്ചല്ല, മറ്റൊരാളെക്കുറിച്ചായി മാറി. അപ്പോഴാണ് എനിക്ക് തോന്നിയത്, ഇത് രസകരമാണ്, എനിക്ക് ചെയ്യാൻ പറ്റുന്ന ജോലിയാണെന്ന് തിരിച്ചറിഞ്ഞത്.

നോട്ട്ബുക്ക്. Photo. IMDb

ഔട്ട് ഓഫ് സിലബസ് ചെയ്തപ്പോൾ അതിലെ ഗായത്രി ആരാണെന്നോ കഥാപാത്രത്തിന്റെ സ്വഭാവം എന്താണെന്നോ തനിക്ക് വ്യക്തമായി അറിയില്ലായിരുന്നുവെന്നും എന്നാൽ ‘നോട്ട്ബുക്ക്’ ചെയ്തപ്പോൾ പൂജ ആരാണെന്നും അവളുടെ സ്വഭാവം എന്താണെന്നും മനസിലാക്കിയിരുന്നുവെന്നും പാർവതി കൂട്ടിച്ചേർത്തു.

Content Highlight:  Actress Parvathy Thiruvothu revealed that her understanding of acting changed through the audition for the film ‘Notebook’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more