സിനിമാമേഖലയിലെ അനീതികൾക്കെതിരെ സംസാരിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ട നടിയാണ് പാർവതി തിരുവോത്ത്. എന്നാൽ ഇപ്പോൾ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന് ലഭിക്കുന്ന വിജയവും പ്രേക്ഷക പ്രശംസയും താരത്തിന് വലിയ സന്തോഷം നൽകുകയാണ്. ഇപ്പോഴിതാ സംസാരിക്കുന്നവരെ സിനിമയിൽനിന്ന് മാറ്റിനിർത്താമെന്ന് കരുതുന്നവർക്ക് മുന്നിൽ താൻ തോറ്റുകൊടുക്കില്ലെന്ന് തെളിയിക്കാനാണ് ശ്രമിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
ചിത്രത്തിൽ ഭർത്താവ് പൊലീസ് ഓപ്പറേഷനിടെ കൊല്ലപ്പെട്ടതിനെ തുടർന്ന് നിയമനത്തിലൂടെ പൊലീസിൽ ജോലിക്ക് എത്തുന്ന ഉദ്യോഗസ്ഥയായാണ് പാർവതി അഭിനയിക്കുന്നത്. സ്ത്രീയാണ് പ്രധാന കഥാപാത്രമെങ്കിലും സിനിമയെ ‘ഫീമെയിൽ ഓറിയന്റഡ്’ ചിത്രമെന്ന് വിളിക്കേണ്ടതില്ലെന്നാണ് താരത്തിന്റെ അഭിപ്രായം. ഒരു സിനിമയിൽ സ്ത്രീയാണ് പ്രധാന കഥാപാത്രമെന്നതുകൊണ്ട് മാത്രം അതിനെ സ്ത്രീകൾക്കു വേണ്ടിയുള്ള സിനിമയായി കാണേണ്ടതില്ലെന്നും പാർവതി പറഞ്ഞു.
പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘ഒരു കലാകാരിയെന്ന നിലയിലുള്ള എന്റെ ചിന്തകളും രാഷ്ട്രീയ നിലപാടുകളും തമ്മിൽ എപ്പോഴും ബന്ധമുള്ളതാണ്. ഈ സിനിമയുടെ വിജയം ആ രണ്ട് കാര്യത്തിലും എനിക്ക് സന്തോഷം നൽകുന്നുണ്ട്. പ്രധാന കഥാപാത്രം സ്ത്രീയാണെന്നതുകൊണ്ട് മാത്രം സിനിമയെ ‘ഫീമെയിൽ ഓറിയന്റഡ്’ എന്ന് വിളിക്കേണ്ടതില്ല. എന്നെ സംബന്ധിച്ച് അതാണ് യഥാർഥ തുല്യത. സിനിമകളിൽ മറ്റു സമൂഹങ്ങളിൽനിന്നുള്ളവർക്കും ന്യൂനപക്ഷങ്ങൾക്കും കൂടി പ്രാതിനിധ്യം ലഭിക്കണം,’ പാർവതി വ്യക്തമാക്കി.
2017ൽ വിമൻ ഇൻ സിനിമ കളക്ടീവ് (WCC) രൂപീകരിച്ചതിനുശേഷം സിനിമാമേഖലയിൽ പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടനയിലുള്ള ചിലർക്ക് ജീവിതച്ചെലവുകൾ കണ്ടെത്താൻ മറ്റു ജോലികൾ തേടേണ്ടിവന്നതോടെ സിനിമയിൽനിന്ന് മാറിനിൽക്കേണ്ടിവന്നു. എന്നാൽ സാമ്പത്തികമായി കുറച്ചുകാലം കാത്തിരിക്കാനുള്ള സാഹചര്യം തനിക്കുണ്ടായിരുന്നതിനാൽ സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതുവരെ കാത്തിരിക്കാൻ കഴിഞ്ഞുവെന്നും പാർവതി പറഞ്ഞു.
നിലപാടുകളുടെ പേരിൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെങ്കിലും സിനിമയിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറിയിരുന്നില്ല. കഴിവും വിജയവും തെളിയിച്ചിട്ടും ഒരാളെ എത്രകാലം മാറ്റിനിർത്താൻ കഴിയുമെന്ന ചിന്തയാണ് മുന്നോട്ടുപോകാൻ തനിക്ക് കരുത്തായത്,’നടി പറഞ്ഞു.
സംസാരിക്കുന്നവരെ മാറ്റിനിർത്താമെന്ന് കരുതുന്നവർക്ക് മുന്നിൽ തോറ്റുകൊടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു . ആ ചിന്തയാണ് എന്നിൽ കൂടുതൽ വാശിയുണ്ടാക്കിയത്,’ പാർവതി പറഞ്ഞു.
തിയേറ്ററിലെത്തി സിനിമ കാണാൻ പണം ചെലവഴിക്കുന്നവർക്ക് അതിനനുസരിച്ചുള്ള അനുഭവം നൽകണമെന്നാണ് തന്റെ ആഗ്രഹം. അതിനായി പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നും തന്റെ സിനിമകൾ ഇഷ്ടപ്പെടാത്തവരുടെ അഭിപ്രായങ്ങൾ പോലും അറിയാൻ താൽപര്യമുണ്ടെന്നും താരം വ്യക്തമാക്കി.
പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
തന്റെ സിനിമകൾ ഓരോ വ്യക്തിയെയും സമൂഹത്തെയും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് അറിയാൻ തനിക്ക് കൗതുകമുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.
Content Highlight: Actress Parvathy Thiruvothu has openly stated that she sought to prove she would not yield to those who believe they can sideline outspoken individuals from the film industry