| Friday, 6th November 2026, 8:13 am

‘ആളുകൾക്ക് എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നിൽ വിശ്വസിച്ച് ഈ കഥാപാത്രം നൽകി’; കണ്ണുനിറഞ്ഞ് പാർവതി തിരുവോത്ത്

അജ്മല്‍ കെ

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സിനിമയുടെ വിജയാഘോഷ വേദിയിൽ സംസാരിക്കുന്നതിനിടെ കണ്ണുനിറഞ്ഞും വാക്കുകൾ ഇടറിയും നടി പാർവതി തിരുവോത്ത്. സിനിമയുടെ ചിത്രീകരണകാലത്തെ ഓർമകളും സഹപ്രവർത്തകരുമായുള്ള സൗഹൃദവും കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയുമെല്ലാം പാർവതി പങ്കുവെച്ചു. ഇതൊരു പൊതുപരിപാടിയായി തോന്നുന്നില്ലെന്നും സുഹൃത്തുക്കളോടൊപ്പം വീണ്ടും ഒത്തുചേരുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും താരം പറഞ്ഞു.

‘ഇതൊരു പബ്ലിക് ഇവന്റാണെന്ന് എനിക്ക് തോന്നുന്നില്ല. പ്രഥമ ദൃഷ്ട്യാ കുറ്റക്കാരുടെ ടീമിലുള്ള എല്ലാവരും ഒരുമിച്ചുള്ള ഒരു മുറിയിലേക്ക് വരുമ്പോൾ, വീണ്ടും സെറ്റിലേക്ക് വന്നതുപോലെയാണ് തോന്നുന്നത്. നമുക്കെല്ലാവർക്കും പരസ്പരം പരിചയമാണ്. ഇപ്പോൾ നമ്മൾ സുഹൃത്തുക്കളുമാണ്. അതുകൊണ്ട് എനിക്ക് വളരെ റിലാക്സ്ഡ് ആയി തോന്നുന്നു. മറ്റ് പബ്ലിക് പരിപാടികളിൽ പങ്കെടുക്കുമ്പോഴുള്ള പ്രസംഗത്തിന്റെയോ ഔപചാരികതയുടെയോ അന്തരീക്ഷം ഇവിടെയില്ല,’ പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്.Photo. Screen Grab/ Youtube

സിനിമയുടെ റിലീസിന് ശേഷം പലപ്പോഴായി കണ്ടുമുട്ടിയപ്പോഴും എല്ലാവരും ഒരുമിച്ച് വീണ്ടും ഒത്തുചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അത് സാധ്യമായതിൽ സന്തോഷമുണ്ടെന്നും പാർവതി പറഞ്ഞു. പരിപാടി സംഘടിപ്പിച്ച സഹദിനും താരം നന്ദി അറിയിച്ചു.

‘ഷൂട്ടിങ് ദിവസങ്ങൾ ഞാൻ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അന്ന് ഇത്രയധികം അധ്വാനിക്കേണ്ടിവന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. 18–20 മണിക്കൂർ വരെ ഷൂട്ട് നീണ്ട ദിവസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോഴാണ് അതിന് പിന്നിൽ എത്രയോ ആളുകളുടെ അധ്വാനമുണ്ടെന്ന് തിരിച്ചറിയുന്നത്. ഒരു ഷോട്ടിനുവേണ്ടി ഇത്രയധികം ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നത് ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്,’ താരം പറഞ്ഞു.

സിനിമയ്ക്ക് ലഭിക്കുന്ന ഓരോ പ്രതികരണവും വായിക്കുമ്പോൾ അത് താൻ മാത്രം ചെയ്ത ഒരു സിനിമയായി തോന്നുന്നില്ലെന്നും എല്ലാവരും ചേർന്ന് ചെയ്ത ഒന്നായാണ് അനുഭവപ്പെടുന്നതെന്നും പാർവതി കൂട്ടിച്ചേർത്തു. ചിത്രത്തിലൂടെ ഉണ്ണിമായയുമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന സൗഹൃദം ലഭിച്ചെന്നും സെറ്റിലെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞു.

ചിത്രത്തിൽ കുട്ടേട്ടൻ എത്തിയതും സെറ്റിലെ അന്തരീക്ഷത്തിന് വലിയ മാറ്റമായിരുന്നുവെന്ന് പാർവതി ഓർത്തെടുത്തു. അദ്ദേഹത്തിന്റെ സ്വാഭാവികമായ സ്വാഗും എല്ലാവരോടുമുള്ള കരുതലും സ്നേഹവും നല്ല സംഭാഷണങ്ങളും തങ്ങൾക്ക് വലിയ പിന്തുണയായിരുന്നുവെന്നും നടി പറഞ്ഞു. നിരവധി പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ള നടനാണ് കുട്ടേട്ടനെന്നും തന്റെ പല ഷോട്ടുകളിലും തിരുത്തലുകൾ നിർദേശിച്ചത് അദ്ദേഹമായിരുന്നുവെന്നും പാർവതി വ്യക്തമാക്കി.

അലീന എബ്രഹാം എന്ന കഥാപാത്രത്തിന് ലഭിച്ച പ്രതികരണത്തെക്കുറിച്ചും പാർവതി സംസാരിച്ചു. ഒരു പൊലീസ് കഥാപാത്രം എന്നതിലുപരി അലീനയെ ഒരു അമ്മയായും പ്രേക്ഷകർ സ്വീകരിച്ചുവെന്നതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകിയതെന്ന് താരം പറഞ്ഞു.

‘എന്റെ ഇരുപത് വർഷത്തെ കരിയറിൽ ഒരുപാട് സ്നേഹം ലഭിച്ച കഥാപാത്രങ്ങളുണ്ട്. പക്ഷേ, എനിക്ക് ലഭിച്ച മെസേജുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പറയുന്നത് അലീന എബ്രഹാം ഒരു പൊലീസ് കഥാപാത്രമാണെങ്കിലും അവൾ ഒരു അമ്മ കൂടിയാണെന്നാണ്. ആ സ്വീകാര്യത എത്ര മനോഹരമായാണ് വന്നതെന്ന് കാണുമ്പോൾ ഇപ്പോഴും സന്തോഷം തോന്നുന്നു. സഹദും എഴുത്തുകാരും ആ കാര്യം കൃത്യമായി മനസിലാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്,’ പാർവതി പറഞ്ഞു.

സിനിമയ്ക്ക് പിന്നിൽ നടന്ന ചർച്ചകളും തർക്കങ്ങളും എഡിറ്റിങ് റൂമിലെ തീരുമാനങ്ങളുമൊന്നും പ്രേക്ഷകർ അറിയണമെന്നില്ലെന്നും എന്നാൽ ഓരോരുത്തരും തങ്ങളുടെ ജോലി മനോഹരമായി ചെയ്തതിന്റെ ഫലമാണ് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയെന്നും താരം കൂട്ടിച്ചേർത്തു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Phot, Screen Grab/ Youtube

തന്റെ അഭിനയജീവിതത്തിൽ ഒരു ഘട്ടത്തിൽ ആത്മവിശ്വാസം കുറഞ്ഞുപോയിരുന്നുവെന്നും ആ സമയത്ത് തന്നിൽ വിശ്വാസമർപ്പിച്ച് അലീന എബ്രഹാം എന്ന കഥാപാത്രം നൽകിയതിന് സഹദിനോട് നന്ദിയുണ്ടെന്നും പാർവതി പറഞ്ഞു. മുൻ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്ന സാഹചര്യത്തിലും വ്യത്യസ്തമായൊരു സിനിമ ചെയ്യാനും തനിക്കൊപ്പം പ്രവർത്തിക്കാനും സഹദ് തയ്യാറായതും നിർമാതാക്കൾ ആ തീരുമാനത്തെ പിന്തുണച്ചതും വലിയ കാര്യമാണെന്നും താരം പറഞ്ഞു.

‘ഒരു സമയത്ത് പല കാരണങ്ങളാൽ എന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്നുണ്ടായിരുന്നു. അപ്പോഴാണ് സഹദ് എന്നിൽ വിശ്വസിച്ച് ഈ കഥാപാത്രം നൽകിയത്. അതിന് ഒരുപാട് നന്ദിയുണ്ട്. മുൻ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നിട്ടും ഒരു പുതിയ ജോണറിലേക്ക് മാറാനും സംവിധായകനെന്ന നിലയിൽ തന്റെ രീതിയിൽ മാറ്റം വരുത്താനും സഹദ് തയ്യാറായി. അതൊരു റിസ്ക് തന്നെയായിരുന്നു. ആ തീരുമാനത്തെ നിർമാണസംഘവും പിന്തുണച്ചു. എന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് ഇത്തരം അവസരങ്ങൾ വലിയ മാറ്റമുണ്ടാക്കും,’ പാർവതി പറഞ്ഞു.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Phot, Screen Grab/ Youtube

ചിത്രത്തിന്റെ ഛായാഗ്രാഹകൻ റോബിയും സെറ്റിൽ തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് പാർവതി പരാമർശിച്ചു. തെറ്റുകൾ സംഭവിക്കുമ്പോഴും തിരക്കുകൂട്ടാതെ സമയമെടുത്ത് ചെയ്യാൻ അവസരം നൽകിയിരുന്നത് വലിയ ആശ്വാസമായിരുന്നുവെന്നും പാർവതി പറഞ്ഞു.

അവസാനമായി അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുമ്പോഴും പാർവതി വികാരാധീനയായി. താൻ ജോലി ചെയ്യുമ്പോൾ അച്ഛനും അമ്മയും തന്നെ മിസ് ചെയ്യാറുണ്ടെങ്കിലും ഓരോ വിജയത്തിലും അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷവും അഭിമാനവുമാണ് തനിക്ക് കൂടുതൽ കരുത്ത് നൽകുന്നതെന്ന് താരം പറഞ്ഞു. ആ സന്തോഷവും ചിരിയും വീണ്ടും സമ്മാനിക്കാൻ അവസരം നൽകിയതിന് സിനിമയുടെ മുഴുവൻ ടീമിനോടും നന്ദി പറഞ്ഞാണ് പാർവതി പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight:Actress Parvathy Thiruvothu became teary-eyed and her voice faltered while speaking at the success celebration event for the film ‘Prathama Drushtya Kuttakkar’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more