വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ പാർവതി, ആദ്യമായി കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലൂടെ പൊലീസ് വേഷത്തിൽ എത്തിയിരിക്കുകയാണ്. കൗമാരകാലത്ത് താൻ റിബലായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി പാർവതി തിരുവോത്ത്.
ഓരോ പ്രായത്തിലും ഓരോ കാര്യങ്ങളെയാണ് താൻ ചോദ്യം ചെയ്തിരുന്നതെന്നും, അതിന് പിന്നിൽ കാര്യങ്ങൾ മനസിലാക്കാനുള്ള താൽപര്യമായിരുന്നെന്നും പാർവതി പറയുന്നു. മറ്റുള്ളവർ കരുതുന്നതുപോലെ വെറുതെ റിബലാകാൻ വേണ്ടി ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘ഓരോ പ്രായത്തിലും ഓരോ കാര്യങ്ങളെയാണു ചോദ്യം ചെയ്തത്. ‘എന്തുകൊണ്ട് ഇങ്ങനെ, എന്തുകൊണ്ട് അങ്ങനെ’ എന്ന് ചോദിക്കുന്നത് അറിയാനുള്ള താൽപര്യം കൊണ്ടാണ്. അല്ലാതെ പലരും തെറ്റിദ്ധരിക്കുന്നതുപോലെ Rebellion for rebellion sake ഒരിക്കലും ചെയ്തിട്ടില്ല,’ പാർവതി പറഞ്ഞു.
പ്ലസ് വണ്ണിന് പഠിക്കുമ്പോൾ മാതാപിതാക്കളോട് ചോദിച്ച ഒരു കാര്യവും പാർവതി ഓർത്തെടുക്കുന്നുണ്ട്. അച്ഛനും അമ്മയും ലവ് മാരേജായിരുന്നോ എന്നായിരുന്നു ചോദ്യം. അല്ലെന്ന മറുപടി കേട്ടതോടെ പിന്നെയും സംശയങ്ങളുണ്ടായെന്നും പാർവതി പറഞ്ഞു.
‘പിന്നെയെപ്പോഴാണ് ലൗ ആയത് എന്നായിരുന്നു അടുത്ത ചോദ്യം. എപ്പോഴെങ്കിലും ലൗ ആകാതെ ഇത്ര സന്തോഷമുള്ള ദമ്പതികളാകില്ലല്ലോ. അന്നും ഇന്നും അച്ഛനും അമ്മയുമാണ് എന്റെ അടുത്ത കൂട്ടുകാർ. ഭക്ഷണം മുതൽ ഡേറ്റിങ് വരെ അവരോട് മറയില്ലാതെ സംസാരിക്കാം. സ്വാതന്ത്ര്യവും സന്തോഷവുമാണ് വലുതെന്ന് അവരാണ് എന്നെ പഠിപ്പിച്ചത്,’ താരം വ്യക്തമാക്കി.
‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലെ അഞ്ജുവിനെ പോലെ യഥാർഥ ജീവിതത്തിൽ വിവാഹത്തിന് സമ്മർദം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിനും പാർവതി മറുപടി നൽകി.
’25 വയസായ കാലത്ത് അച്ഛൻ പറഞ്ഞു, ഒന്നുകിൽ കല്യാണം സീരിയസ്സായി നോക്കണം, അല്ലെങ്കിൽ വീട് വാങ്ങണം. ‘വീട് വാങ്ങാനുള്ള പേപ്പറുകൾ തരൂ, ഒപ്പിടാം’ എന്നാണ് അന്ന് മറുപടി പറഞ്ഞത്. ആദ്യത്തെ വീട് വാങ്ങിയത് അങ്ങനെയാണ്. അതിന് ശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല,’ പാർവതി വ്യക്തമാക്കി.
വിവാഹം എന്നത് ഒരു നിശ്ചിത പ്രായത്തിൽ ചെയ്യേണ്ട കാര്യമല്ലെന്നും സ്വന്തം തീരുമാനവും താത്പര്യവുമാണ് അതിൽ പ്രധാനമെന്നും പാർവതി പറയുന്നു. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും വിവാഹ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube
‘ഒരാളുടെ കൂടെ ജീവിക്കണമെന്ന് ഉള്ളിന്റെയുള്ളിൽ തോന്നിയാലേ വിവാഹമുണ്ടാകൂ. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ വിവാഹ തീരുമാനത്തിലേക്ക് അവയൊന്നും എത്തിയിട്ടില്ല. എല്ലാം നല്ല പ്രണയങ്ങളായിരുന്നു എന്നതാണ് സന്തോഷമുള്ള കാര്യം. ഇത്ര പ്രായത്തിൽ കല്യാണം കഴിക്കണമെന്നൊക്കെ സമൂഹം പറയുന്നതല്ലേ. സ്ത്രീയുടെ കൺസെന്റ് ഉണ്ടെങ്കിൽ മാത്രമേ വിവാഹ തീരുമാനം കുടുംബം എടുക്കാവൂ. ആ കാര്യത്തിൽ ഞാൻ ലക്കിയാണ്,’ പാർവതി പറഞ്ഞു.
Content Highlight: Actress Parvathy Thiruvoth talks about her marrieage