| Friday, 26th June 2026, 10:13 am

വിജയിച്ചേ തീരൂ എന്നൊരു സമ്മര്‍ദമുണ്ട്, പൈസ കൊടുത്ത് സിനിമ കാണാന്‍ വരുന്നവര്‍ക്ക് എന്റെ ഏറ്റവും ആത്മാര്‍ത്ഥമായ പ്രകടനം സ്‌ക്രീനില്‍ കാണാം: പാര്‍വതി തിരുവോത്ത്

അക്ഷര

‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിലെ അഞ്ജു എന്ന ഗംഭീര കഥാപാത്രത്തിന് ശേഷം പാര്‍വതി മലയാള സിനിമയുടെ ഭാഗമാകുന്ന അടുത്ത ചിത്രമാണ് നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’. ചിത്രത്തിലെ തന്റെ കഥാപാത്രമായ മീരയെക്കുറിച്ചും സിനിമയെക്കുറിച്ചുമുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് താരം.

ഉള്ളൊഴുക്കിലെ അഞ്ജുവിനെപ്പോലെ ‘ഐ നോബഡി’യിലെ കഥാപാത്രവും ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ചോദ്യത്തിനും പാര്‍വതി മറുപടി നല്‍കി.

‘പ്രേക്ഷകര്‍ക്ക് ഈ കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ പറ്റുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഉള്ളൊഴുക്കിലെ അഞ്ജുവിനെപ്പോലെ, മീരയെപ്പോലെയുള്ള ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരാളെയും ഞാന്‍ എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ കഥാപാത്രത്തിനായി ഞാന്‍ സംവിധായകന്‍ നിസാമുമായും സമീറുമായും നടത്തിയ ചര്‍ച്ചകളെയാണ് ഏറെയും ആശ്രയിച്ചത്.’പാര്‍വതി പറഞ്ഞു.

സിനിമയെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഈ ക്രാഫ്റ്റിനെക്കുറിച്ചും ഒരുപാട് അറിവുള്ള ഒരു കാലമാണിതെന്നും, വിമര്‍ശനങ്ങള്‍ വരുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

എനിക്ക് ഏറെ പ്രചോദനം നല്‍കുന്ന ഒന്നാണിത്. കാരണം, മുന്‍പുള്ളതില്‍ നിന്ന് മാറി ചിന്തിക്കാന്‍ അത് എന്നെ പ്രേരിപ്പിക്കുന്നുണ്ട്. ഇനി ആ ഒരു പ്രോസസില്‍ പരാജയപ്പെട്ടാല്‍ പോലും അത് സാരമില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോഴത്തെ ഒരു സംസ്‌കാരത്തില്‍ ‘നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കണം’ എന്നൊരു വലിയ സമ്മര്‍ദമുണ്ട്. എന്നാല്‍ പുതിയതായി എന്തെങ്കിലും ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അടുത്ത തവണ അത് ലക്ഷ്യത്തില്‍ എത്തുമോ എന്ന് നോക്കണം., പാര്‍വതി പറഞ്ഞു.

മീര എന്ന കഥാപാത്രത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.

‘മീരയുടെ കോസ്റ്റ്യൂം ഇട്ട് ചെന്ന് നില്‍ക്കുമ്പോള്‍, ആ കഥാപാത്രത്തിലേക്ക് എത്തിയിട്ടില്ലെങ്കില്‍ അത് തുറന്നു പറയാമെന്ന് നിസാം പറയുമായിരുന്നു. ഒരുപാട് സന്ദര്‍ഭങ്ങളില്‍ കഥാപാത്രം അതിന്റെ പൂര്‍ണതയില്‍ എത്തിയിട്ടില്ലെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആ രീതിയില്‍ മറ്റ് സംവിധായകരില്‍ നിന്നും വളരെ വ്യത്യസ്തനാണ് നിസാം ബഷീര്‍. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ ആശയത്തെക്കുറിച്ച് എനിക്ക് ഒട്ടും ആത്മവിശ്വാസക്കുറവില്ല. അത്രയും ഭംഗിയായി എഴുതപ്പെട്ട ഒരു കഥാപാത്രമാണ് മീര.’ പാര്‍വതി പറഞ്ഞു.

പ്രേക്ഷകരുമായുള്ള കണക്ഷനെക്കുറിച്ചും അമിത പ്രതീക്ഷ കാരണമുള്ള സമ്മര്‍ദത്തെക്കുറിച്ചുമുള്ള ചോദ്യത്തിനും താരം മറുപടി നല്‍കി.

‘അതൊരു അനാവശ്യമായ പ്രതീക്ഷയാണ്. ഞാന്‍ ഒരു സെറ്റില്‍ ആയിരിക്കുമ്പോള്‍ നല്‍കുന്ന ഏക വാഗ്ദാനം ഇതാണ് നിങ്ങള്‍ പൈസ കൊടുത്ത് സിനിമ കാണാന്‍ പോവുകയാണെങ്കില്‍ എന്റെ ഏറ്റവും ആത്മാര്‍ത്ഥമായ പ്രകടനം നിങ്ങള്‍ക്ക് സ്‌ക്രീനില്‍ കാണാം. ഞാന്‍ അതിനെ ഒരിക്കലും നിസ്സാരമായി കാണാറില്ല. പിന്നെ ഓരോരുത്തരുടെയും സിനിമാ അനുഭവം വ്യത്യസ്തമായിരിക്കുമെന്നും താരം ഓര്‍മ്മിപ്പിച്ചു.

‘ഉദാഹരണത്തിന്, ചിലര്‍ വന്ന് എന്നോട് പറയും ‘രാച്ചിയമ്മ’യില്‍ നിങ്ങള്‍ ഗംഭീരമായിരുന്നു എന്ന്. എന്നാല്‍ മറ്റുചിലര്‍ ‘എന്താണ് നിങ്ങള്‍ ഈ ചെയ്തുവെച്ചിരിക്കുന്നത്’ എന്നും ചോദിച്ചിട്ടുണ്ട്. അത് ആ സിനിമ കാണുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വ്യക്തിപരമായ അനുഭവമാണ്. അതില്‍ എനിക്ക് കുഴപ്പമില്ല. ഞാന്‍ ഈ സിനിമകളെല്ലാം ഒരേ മനസ്സോടെയാണ് ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യത്തെ അത് ഇല്ലാതാക്കുന്നില്ല. എന്റെ ആ ഒരു ഉദ്ദേശശുദ്ധിക്ക് കോട്ടം തട്ടിയിട്ടില്ലെങ്കില്‍, തുടര്‍ന്നും എന്റെ ഏറ്റവും മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുവരാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, പാര്‍വതി പറഞ്ഞു.

Content Highlight: Actress Parvathy Thiruvoth about Ullozhuk Movie and I Nobody

അക്ഷര

We use cookies to give you the best possible experience. Learn more