| Friday, 28th August 2026, 11:21 am

ഒരു സംഘടനയുമില്ലാതെ തന്നെ ഞാൻ സുരക്ഷിതയാണ്; AMMA-യിലേക്ക് തിരിച്ചുപോകാൻ താത്പര്യമില്ല: പാർവതി തിരുവോത്ത്

അജ്മല്‍ കെ

അമ്മ സംഘടനയോടുള്ള വിയോജിപ്പ് പ്രകടനമാക്കി നടി പാർവതി തിരുവോത്ത്. നിലവിലെ സാഹചര്യത്തിൽ അമ്മയിലേക്ക് തിരിച്ചുപോകാൻ തനിക്ക് താത്പര്യമില്ലെന്നും ഒരു സംഘടനയുടെയും ഭാഗമാകാതെ തന്നെ താൻ സുരക്ഷിതയാണെന്നും പാർവതി പറഞ്ഞു.

സംഘടനയിലേക്ക് ഇനി തിരിച്ചുപോകുന്നതിൽ തനിക്ക് യാതൊരു മൂല്യവും കാണാൻ കഴിയുന്നില്ലെന്നും താരം വ്യക്തമാക്കി. തന്റെ പുതിയ സിനിമയായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

പാർവതി തിരുവോത്ത്.photo.screen grab/youtube/IMDb

‘ആളുകൾക്ക് ഇപ്പോൾ അമ്മയെക്കുറിച്ച് വലിയ താൽപര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്ത് സംഭവിച്ചാലും അതല്ല പ്രധാനപ്പെട്ട കാര്യം. നമ്മൾ ഉണ്ടാക്കിയെടുത്ത ചില ഘടനകളുണ്ട്. അതിന് നമ്മൾ നൽകിയിട്ടുള്ള മൂല്യവുമുണ്ട്. 25 വർഷമായി ഒരു സ്ഥാനത്ത് തുടരുന്ന ഒരാൾക്ക് ആ മേഖലയിൽ നല്ല രീതിയിൽ പ്രവർത്തിക്കാനുള്ള അനുഭവമുണ്ട്. ഒരാൾക്ക് 25 വർഷം നൽകിയിട്ട് മറ്റൊരാൾക്ക് വെറും അര വർഷം നൽകി, ‘നിങ്ങൾക്ക് ഒന്നും അറിയില്ല’ എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? അത് വളരെ വിഡ്ഢിത്തമായാണ് എനിക്ക് തോന്നുന്നത്,’ പാർവതി പറഞ്ഞു.

സംഘടനയ്ക്കുള്ളിൽ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വ്യക്തിപരമായും WCC വഴിയും സംസാരിക്കാൻ തങ്ങൾ എപ്പോഴും തയ്യാറായിരുന്നുവെന്നും പാർവതി വ്യക്തമാക്കി. എന്നാൽ അത്തരം നിർദേശങ്ങളെ മുൻകാലങ്ങളിൽ പലപ്പോഴും ഒരു ‘distraction technique’ ആയി മാത്രമാണ് അമ്മയിൽ ഉള്ളവർ ഉപയോഗിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ തനിക്ക് അതിൽ താത്പര്യമില്ലെന്നും താരം പറഞ്ഞു.

‘WCC എപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്, ഞാനും വ്യക്തിപരമായി പറഞ്ഞിട്ടുള്ള കാര്യമാണ്. കാര്യങ്ങൾ മെച്ചപ്പെടണമെന്ന് താത്പര്യമുണ്ടെങ്കിൽ, ഒരു വ്യക്തി എന്ന നിലയിൽ പോലും ഒരു സംഭാഷണത്തിന് ഞാൻ എപ്പോഴും തയ്യാറാണ്. പക്ഷേ ആ നിർദേശം മുൻകാലങ്ങളിൽ അവർ പലപ്പോഴും വെറുമൊരു distraction technique ആയിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് ഇപ്പോൾ എനിക്ക് അതിൽ താത്പര്യമില്ല. ഇനി എനിക്ക് എന്റെ ജോലി ചെയ്യാനാണ് താൽപര്യം,’ പാർവതി വ്യക്തമാക്കി.

തനിക്ക് പിന്തുണ നൽകുന്നതും സുരക്ഷിതത്വം ഉറപ്പാക്കുന്നതും എല്ലാവരെയും ബഹുമാനിക്കുന്നതുമായ ഇടമായി നിലവിൽ AMMAയെ കാണാൻ കഴിയുന്നില്ലെന്നും പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്.photo.screen grab/youtube

‘എനിക്ക് സപ്പോർട്ടീവ് ആയിട്ടുള്ളതും സുരക്ഷിതമായിട്ടുള്ളതും എല്ലാവരെയും ബഹുമാനിക്കുന്നതുമായ ഒരു സ്പേസാണ് അമ്മ എന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടുതന്നെ അങ്ങോട്ട് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നുമില്ല. ഒരു സംഘടനയുടെയും ഭാഗമാകേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു. ഒരു സംഘടനയുമില്ലാതെ തന്നെ ഇപ്പോൾ വളരെ സുരക്ഷിതയായി എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. അതുകൊണ്ട് അത് ഒരു പ്രശ്നമല്ല,’ പാർവതി പറഞ്ഞു.

AMMAയുടെ പ്രവർത്തനവും സംഘടനയ്ക്കുള്ളിലെ ഘടനയും സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് പാർവതിയുടെ ഈ പ്രതികരണം. സംഘടനയുടെ ഭാഗമാകുന്നതിനേക്കാൾ സ്വന്തം നിലയിൽ സുരക്ഷിതമായും സ്വതന്ത്രമായും പ്രവർത്തിക്കാനാണ് താത്പര്യമെന്നും താരം വ്യക്തമാക്കി.

Content Highlight: Actress Parvathy Thirivothu Talks about A.M.M.A association

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more