എണ്‍പതുകളിലും തൊണ്ണൂറുകളിലും അഭിനയിച്ച ചിത്രങ്ങളിലൂടെ മാത്രം മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേത്രിയാണ് പാര്‍വതി. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, തൂവാനത്തുമ്പികള്‍, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി പ്രേക്ഷക പ്രീതി നേടിയ ഒട്ടനവധി ചിത്രങ്ങളിലാണ് വേഷമിട്ടിരിക്കുന്നത്.
എന്നാല്‍ നടന്‍ ജയറാമുമായുള്ള താരത്തിന്റെ വിവാഹ ശേഷം പാര്‍വതി അഭിനയജീവിതം അവസാനിപ്പിച്ചിരുന്നു. 1993ല്‍ പുറത്തിറങ്ങിയ ചെങ്കോലായിരുന്നു മലയാളത്തില്‍ പാര്‍വതി അവസാനമായി വേഷമിട്ട ചിത്രം. പാര്‍വതിയുടെ കരിയറിലെ തന്നെ ക്ലാസിക്കുകളിലൊന്നായ കിരീടത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് താരം വീണ്ടും വേദികളില്‍ സജീവമായിരുന്നു.
Photo: IB Times India
ജയറാമിന് പിന്നാലെ ദമ്പതിമാരുടെ മകനായ കാളിദാസും സിനിമയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ കിരീടത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മകന്‍ കാളിദാസിനെ കുറിച്ചും ജയറാമിനെ കുറിച്ചും പാര്‍വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ജയറാമിനും കാളിദാസിനും മാനേജര്‍മാരില്ല, അവരുടെ അക്കൗണ്ട്, ബാങ്ക്, മെയില്‍ സംബന്ധമായ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. സെറ്റില്‍ അവര്‍ക്കൊപ്പം പോകുന്ന പതിവില്ല. ജയാറാമിന് ഷൂട്ടിന്റെയോ പ്രോഗ്രാമുകളുടെയോ ഭാഗമായി വിദേശ യാത്രകളുണ്ടെങ്കില്‍ മറ്റ് തിരക്കുകളെല്ലാം തീര്‍ത്ത് ഞങ്ങളും ഒപ്പം കൂടുകയാണ് ചെയ്യാറുള്ളത്.
ഷൂട്ട് കഴിഞ്ഞാല്‍ അവിടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യും. മക്കളുടെ വിവാഹം കഴിഞ്ഞ ശേഷം ആറ് പേരും ഒന്നിച്ചുള്ള യാത്രകളാണ് ഇപ്പോഴുണ്ടാകാറുള്ളത്. അവരുടെ വിവാഹശേഷം ഒരുപാട് പുതിയ സ്വന്തക്കാരെ കിട്ടിയതില്‍ സന്തോഷമുണ്ട്. സംസാരിച്ചിരിക്കാനും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകാനും കഴിയുന്ന ഒരു കൂട്ടത്തിനൊപ്പം ചേര്‍ന്നതിന്റെ സന്തോഷമുണ്ട്,’ പാര്‍വതി പറഞ്ഞു.
Photo: Samakalika Malayalam
അഭിനയിക്കാന്‍ തീരുമാനിക്കുന്ന സിനിമകളെ കുറിച്ച് ജയറാമും കാളിദാസും വീട്ടില്‍ സംസാരിക്കാറുണ്ടെന്നും എന്നാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട് ഉറപ്പിച്ചാല്‍ പിന്നീട് താന്‍ കഥ കേള്‍ക്കാറില്ലെന്നും പാര്‍വതി പറയുന്നു. കഥയുടെ സസ്‌പെന്‍സ് അറിയാതെ സിനിമ കാണുന്നതാണ് തനിക്ക് ഇഷ്ടമെന്നും എന്നാല്‍ ചില പ്രൊജക്ടുകളില്‍ സംശയമുണ്ടായാല്‍ അത്തരം കഥകള്‍ വീട്ടില്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Actress Parvathy talks about her husband Jayaram and Son Kalidas Jayaram