| Monday, 16th November 2026, 2:44 pm

ബിഗ് ബിയിൽ അഭിനയിക്കുമ്പോൾ 15 വയസായിരുന്നു, അമൽ നീരദിനൊപ്പം വീണ്ടും പ്രവർത്തിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു: പാരിസ് ലക്ഷ്മി

അജ്മല്‍ കെ

നിലവിൽ മോളിവുഡിലെ വെയിറ്റിങ് ലിസ്റ്റിലുള്ള ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്‌ലർ പാർട്ടി ഡ്യൂ. അനൗൺസ്‌മെന്റ് മുതൽ തന്നെ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. അമൽ നീരദിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ബാച്ച്‌ലർ പാർട്ടിയുടെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടർ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്.

ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്‌ലെൻ, ചന്തു സലീം കുമാർ, ലാൽ, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. നവംബർ 19ന് തിയേറ്ററുകളിലെത്തും.

പാരിസ് ലക്ഷ്മി. Photo. Screen Grab/ Youtube

ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം അമൽ നീരദിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാരിസ് ലക്ഷ്മി. തന്റെ ജീവിതത്തിലെ ഏറ്റവും സ്പെഷ്യലായ നിമിഷമാണിതെന്നും പുതിയ ചിത്രമായ ബാച്ചിലർ പാർട്ടി ഡ്യൂവിൽ ഇതുവരെ ചെയ്തതിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നും താരം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ മൊമന്റാണിത്. എന്റെ ആദ്യ സിനിമ ബിഗ് ബി അമലേട്ടന്റെ കൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഇത് എനിക്ക് ഭയങ്കര സ്പെഷ്യലായ ഒരു അനുഭവമാണ്. ബിഗ് ബിയിൽ അഭിനയിക്കുമ്പോൾ എനിക്ക് പതിനഞ്ച് വയസേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഒരു കുട്ടിയുടെ സ്വപ്നമാണ് അങ്ങനെയൊരു സിനിമയുടെ ഭാഗമാകുക എന്നത്.

എന്റെ കുടുംബത്തിലെ എല്ലാവരും ആർട്ടിസ്റ്റുകളാണ്. വലിയ സ്ക്രീനിൽ വളർന്നുവരണമെന്നൊരു സ്വപ്നം എനിക്കുമുണ്ടായിരുന്നു. പക്ഷേ അതെല്ലാം അങ്ങനെ സംഭവിച്ചുപോയതാണ്. ഒന്നും കണക്കുകൂട്ടി സംഭവിച്ചതല്ല,’ പാരിസ് ലക്ഷ്മി പറഞ്ഞു.

ബിഗ് ബിക്ക് ശേഷം അമൽ നീരദുമായി സൗഹൃദം തുടർന്നിരുന്നുവെന്നും അദ്ദേഹത്തിനൊപ്പം വീണ്ടും പ്രവർത്തിക്കണമെന്ന ആഗ്രഹം പലപ്പോഴും പങ്കുവെച്ചിരുന്നുവെന്നും താരം പറഞ്ഞു.

‘ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അമലേട്ടനുമായി നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം വീണ്ടും വർക്ക് ചെയ്യണമെന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. അത് അദ്ദേഹത്തോട് പറയാറുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയിൽ ലഭിച്ച കഥാപാത്രം എനിക്ക് ഏറെ സന്തോഷം നൽകുന്നതാണ്,’ ലക്ഷ്മി പറഞ്ഞു.

ബാച്ചിലർ പാർട്ടി ഡ്യൂവിൽ നളിനി എന്ന കഥാപാത്രത്തെയാണ് പാരിസ് ലക്ഷ്മി അവതരിപ്പിക്കുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് നളിനിയെന്നും ചിത്രം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.

ബാച്ച്‌ലർ പാർട്ടി ഡ്യൂ.Photo. IMDb

‘നളിനി എന്ന എന്റെ കഥാപാത്രം ഇതുവരെ ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഞാൻ വളരെ എക്സൈറ്റഡാണ്. എല്ലാവർക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്,’ പാരിസ് ലക്ഷ്മി പറഞ്ഞു.

Content Highlight:  Actress Paris Laxmi says she is happy to have had the opportunity to work with Amal Neerad again after all these years

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more