മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ കളങ്കാവല്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയും പ്രേക്ഷകപ്രശംസ പിടിച്ചുപറ്റുകയും ചെയ്ത വ്യക്തിയാണ് ജിതിന്. കെ ജോസ്. മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു സിനിമാ അനുഭവം സമ്മാനിച്ച ജിതിന് സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയസൂര്യ നായകനാകുന്ന മായന്‍.
ഫാന്റസി ഹൊറര്‍ എന്ന ലേബലില്‍ അനൗണ്‍സ്മെന്റ് മുതല്‍ തന്നെ ചിത്രം വലിയ ഹൈപ്പുയര്ത്തിയിരുന്നു. നിഗൂഢത നിറഞ്ഞ ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കൊപ്പം ഭീതി പടര്‍ത്തുന്ന ടീസറും ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതോടെ ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് വലിയ വിഭാഗം പ്രേക്ഷകര്‍. മുജീബ് മജീദ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ ‘കൊല്ലിപ്രാക്ക്’ എന്ന ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ഡാര്‍ക്ക് മൂഡ് ഗാനം കേള്‍ക്കുമ്പോള്‍ മനസിലാകുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മായന്‍. Photo: X.com
ഐശ്വര്യ രാജ്, നൈല ഉഷ, വിജയ് ബാബു, ജിബിന്‍ ഗോപിനാഥ്, അര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മായനുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കുറിച്ച് നൈല ഉഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘മായനില് ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പൊലീസ് ഓഫീസറാണ്. ഞാന്‍ ചെയ്യുന്ന സിമി എന്ന ക്യാരക്ടര്‍ അദ്ദേഹത്തിന്റെ വൈഫാണ്. ഈ ഭാര്യയും ഭര്‍ത്താവും അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഇവരുടെ ലൈഫില്‍ വളരെ നിര്‍ഭാഗ്യകരമായ, പുറത്തുവരാന്‍ ബുദ്ധിമുട്ടുള്ള ഒരു സംഭവം നടക്കുന്നുണ്ട്. അതില്‍ നിന്നും പുറത്തുകടക്കാന്‍ ഇരുവരും അവരുടെതായ രീതിയില്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഇദ്ദേഹത്തിന്റെ പൊലീസ് ലൈഫില്‍ ഇവര്‍ കണ്ടുമുട്ടേണ്ടി വരുന്ന അല്ലെങ്കില്‍ നേരിടേണ്ടി വരുന്ന ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തെ ചില സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയും അതിലൂടെ മായന്‍ എന്ന വേള്‍ഡ് നമുക്ക് മുന്നില്‍ കാണിച്ചുതരികയും ചെയ്യുകയാണ്.
മായന്‍. Photo: X.com
ആ ലോകത്ത് പറയുന്നത് എല്ലാം ഹൊറര്‍ അല്ല, പക്ഷേ അത് കണ്ട് കഴിയുമ്പോള്‍ നമ്മളെ ഹോണ്ട് ചെയ്യും. ഇതിന്റെ ടീസറില്‍ പറഞ്ഞ പോലെ ഇത്രയും നന്നായി നടന്ന കടയിലെ ബിസിനസ് എല്ലാം എങ്ങനെ പെട്ടെന്ന് പൊളിഞ്ഞുപോയെന്നും, കറുത്തച്ഛനെ കുറിച്ചുള്ള കാര്യങ്ങളും എല്ലാം കേള്‍ക്കുമ്പോള്‍ നമുക്ക് പേടിയുണ്ടാകും. കറുത്തച്ഛനുമായി ബന്ധപ്പെട്ട് ആചാരങ്ങള്‍ എന്തെല്ലാമാണെന്ന് ഞാനും കണ്ടിട്ടില്ല. അതിന് വേണ്ടി റിലീസിനായി ഞാനും കാത്തിരിക്കുകയാണ്. ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന കഥയാണ് മായനിലും പറയുന്നത്,’ നൈല പറഞ്ഞു.
Content Highlight: Actress Nyla Usha talks about the synopsis of Mayan movie and horror element in it