| Thursday, 19th November 2026, 7:37 pm

യന്ത്രം പോലെ ജോലി ചെയ്യാൻ എനിക്ക് കഴിയില്ല, ഞാൻ കലാകാരിയാണ്, തൊഴിലാളിയല്ല; സിനിമയിൽ നിന്ന് ഇടവേളയെടുത്തതിന്റെ കാരണം പറഞ്ഞ് നിത്യ മേനൻ

അജ്മല്‍ കെ

സിനിമയിൽ തുടർച്ചയായി അഭിനയിക്കുന്നതിനേക്കാൾ ഇടവേളകളെടുത്ത് സ്വന്തം ജീവിതത്തിനും വ്യക്തിപരമായ വളർച്ചയ്ക്കും സമയം നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് നടി നിത്യ മേനോൻ. ഒരു സിനിമയ്ക്ക് ശേഷം അടുത്ത സിനിമ എന്ന രീതിയിൽ യന്ത്രത്തെപ്പോലെ ജോലി ചെയ്യാൻ തനിക്ക് കഴിയില്ലെന്നും അഭിനയത്തിന് മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണെന്നും നിത്യ മേനോൻ പറഞ്ഞു. സിനിമയിൽ നിന്ന് നീണ്ട ഇടവേളകളെടുക്കുന്നതിനെക്കുറിച്ച് ഗോപിനാഥ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘സിനിമയിൽ നിന്ന് ഇടവേളയെടുക്കുമ്പോൾ ഞാൻ വീട്ടിൽ തന്നെയായിരിക്കും. ആ സമയത്ത് പല കാര്യങ്ങളും ചെയ്യും, പുതിയ കാര്യങ്ങൾ പഠിക്കും. എന്തിനാണ് ഇടവേളയെടുക്കുന്നതെന്ന് ചോദിച്ചാൽ എനിക്ക് അത് ആവശ്യമായിരുന്നു. ഒരു യന്ത്രത്തെപ്പോലെ എനിക്ക് ജോലി ചെയ്യാൻ കഴിയില്ല. പ്ലാസ്റ്റിക് പൂവും യഥാർഥ പൂവും തമ്മിലുള്ള വ്യത്യാസം പോലെയാണത്. യഥാർഥ പൂവ് ചുറ്റുപാടുകളിൽ നിന്ന് പലതും സ്വീകരിക്കും. എനിക്കും അങ്ങനെയാണ്. എനിക്ക് ഒരു യന്ത്രത്തെപ്പോലെ പ്രവർത്തിക്കാൻ കഴിയില്ല. ഞാൻ പ്ലാസ്റ്റിക് അല്ലല്ലോ,’ നിത്യ പറഞ്ഞു.

നിത്യ മേനൻ.Photo.Facebook.com

അഭിനയം വെറുമൊരു ജോലിയായോ കഴിവ് പ്രകടിപ്പിക്കലായോ കാണാൻ തനിക്ക് കഴിയില്ലെന്നും അത് ഉള്ളിൽ നിന്ന് വരേണ്ടതാണെന്നും നിത്യ പറഞ്ഞു. ഒരു കലാകാരിയെന്ന നിലയിൽ വ്യക്തിപരമായ ജീവിതവും ആരോഗ്യവും കൃത്യമായി പരിപാലിക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.

‘എനിക്ക് ആർട്ടിഫിഷ്യലായിക്കൊണ്ട് അഭിനയിക്കാൻ കഴിയില്ല. അത് ഉള്ളിൽ നിന്ന് വരേണ്ടതാണ്. ഒരു മനുഷ്യനെന്ന നിലയിൽ നമ്മുടെ അടിത്തറ ഉറച്ചതായിരിക്കണം. അല്ലെങ്കിൽ എനിക്ക് എങ്ങനെ അഭിനയിക്കാൻ കഴിയും? ഞാൻ ഒരു കലാകാരിയാണ്, തൊഴിലാളിയല്ല. എന്റെ ആരോഗ്യം മോശമാണെങ്കിൽ എനിക്ക് എങ്ങനെ നൂറ് ശതമാനം നൽകാൻ കഴിയും? അഭിനയിക്കുമ്പോൾ പ്രേക്ഷകർക്ക് അത് നല്ലതാണെന്ന് തോന്നുന്നതിന് പിന്നിൽ ഞാൻ അതിനായി നടത്തുന്ന ഒരുപാട് തയ്യാറെടുപ്പുകളുണ്ട്. അതുകൊണ്ട് തന്നെ സ്വയം വീണ്ടെടുക്കാനും റീചാർജ് ചെയ്യാനും എനിക്ക് സമയം ആവശ്യമാണ്,’ നടി പറഞ്ഞു.

വലിയ ഹിറ്റുകൾക്ക് ശേഷം പോലും സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതിനെക്കുറിച്ച് സഹപ്രവർത്തകർ ചോദിക്കാറുണ്ടെന്നും നിത്യ വെളിപ്പെടുത്തി. തിരുചിത്രമ്പലം എന്ന സിനിമയ്ക്ക് ശേഷം ഒമ്പത് മുതൽ പത്ത് മാസം വരെ ഇടവേളയെടുത്തിരുന്നു. തലൈവൻ തലൈവിക്ക് ശേഷവും ഏകദേശം രണ്ട് വർഷത്തോളം സിനിമയിൽ നിന്ന് മാറിനിന്നു. ജനപ്രീതിയുള്ള ഒരു താരം ഇത്രയും കാലം മാറിനിൽക്കുന്നത് കരിയറിനെ ബാധിക്കില്ലേയെന്ന ചോദ്യവും താൻ കേട്ടിട്ടുണ്ടെന്ന് താരം പറഞ്ഞു.

നിത്യ മേനൻ.Photo.Facebook.com

‘ഒരുപാട് പേർ എന്നോട് ഇതിനെക്കുറിച്ച് ചോദിക്കാറുണ്ട്. എത്ര നാളായി സിനിമയിൽ നിന്ന് മാറിനിൽക്കുന്നു എന്ന് സഹപ്രവർത്തകർ ചോദിക്കുമ്പോൾ ഒരു വർഷവും എട്ട് മാസവുമൊക്കെയായി എന്ന് ഞാൻ പറയും. വലിയ ഹിറ്റിന് ശേഷം ഇങ്ങനെ ഇടവേളയെടുക്കാൻ എനിക്ക് മാത്രമേ കഴിയൂ എന്നാണ് അവർ പറയാറുള്ളത്. പക്ഷേ സിനിമയോ ജോലിയോ മാത്രമല്ല ജീവിതം. ഒരു പൈ ചാർട്ട് വരച്ചാൽ അതിലെ ഒരു ഭാഗം മാത്രമാണ് ജോലി. അതിനപ്പുറം ജീവിതത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ, ഒരു ആത്മാവെന്ന നിലയിൽ വളരുക എന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്,’ നിത്യ കൂട്ടിച്ചേർത്തു.

Content Highlight:Actress Nithya Menen says that rather than acting in films continuously, she prefers to take breaks to dedicate time to her own life and personal growth

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more