| Thursday, 19th November 2026, 10:30 pm

വിവാഹത്തിന് എതിരല്ല, ശരിയായ ബന്ധമാണ് വേണ്ടത്; സമാധാനം കളയുന്ന ഒരാളെ എന്തിന് സ്വീകരിക്കണം: നിത്യ മേനോൻ

അജ്മല്‍ കെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടാൻ നടിക്ക് എളുപ്പത്തിൽ സാധിച്ചിരുന്നു. ബാലതാരമായി സിനിമാ മേഖലയിൽ എത്തിയ നിത്യ 2008ൽ കെ.പി. കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.

പിന്നാലെ ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ താരം സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലും സജീവമാകുകയായിരുന്നു. തമിഴിൽ ഓകെ കണ്മണി, വിജയ് ചിത്രം മെർസൽ തുടങ്ങിയവയിൽ നായികയായ താരം തെലുങ്കിൽ ഗീതാ ഗോവിന്ദം, ഭീംലാ നായിക് എന്നീ ചിത്രങ്ങളിലും പ്രധാനവേഷത്തിലെത്തിയിരുന്നു.

നിത്യ മേനോൻ. Photo. Screen Grab/ Youtube

എന്നാൽ ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്റെ നിലപാട് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ടെന്ന് പറയുകയാണ് നടി നിത്യ മേനോൻ. വിവാഹത്തിന് എതിരല്ല താനെന്നും, വിവാഹത്തേക്കാൾ ശരിയായ ബന്ധത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും നിത്യ പറയുന്നു. ജീവിതത്തിലേക്ക് വരുന്ന വ്യക്തി തന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്ന ഒരാളായിരിക്കണം. അങ്ങനെയൊരാളെ കണ്ടെത്തിയാൽ വിവാഹം കഴിക്കാൻ തനിക്ക് സന്തോഷമാണെന്നും നിത്യ ഗോപിനാഥ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘ഞാൻ വിവാഹത്തിന് എതിരാണെന്ന് ആളുകൾ പറയാറുണ്ട്. അങ്ങനെയല്ല എന്നാൽ. എനിക്കും വിവാഹം കഴിക്കണമെന്നുണ്ട്. എനിക്ക് അനുയോജ്യമായ ഒരാളെ കണ്ടെത്തണമെന്നാണ് ആഗ്രഹം. പക്ഷേ ഞാൻ വിവാഹത്തിന് പിന്നാലെയല്ല, ശരിയായ ബന്ധത്തിന് പിന്നാലെയാണ്. അതുകൊണ്ട് അങ്ങനെയൊരു ബന്ധമല്ലെങ്കിൽ ഞാൻ വിവാഹം കഴിക്കില്ല’ നടി പറഞ്ഞു.

ജീവിതത്തിലേക്ക് വരുന്ന വ്യക്തി സ്വാതന്ത്ര്യം നൽകുന്ന ഒരാളായിരിക്കണം. അയാൾക്കും സ്വന്തം ജീവിതത്തിൽ സ്വാതന്ത്ര്യമുണ്ടാകണം. ഈഗോയുടെ അടിസ്ഥാനത്തിൽ പെരുമാറുന്നവരുമായി ഒരു ബന്ധവും മുന്നോട്ടുപോകില്ലെന്നും നിത്യ വ്യക്തമാക്കി.

‘ജീവിതത്തിൽ സ്വതന്ത്രനായിരിക്കണം. ഈഗോയുടെ അടിസ്ഥാനത്തിൽ പെരുമാറുന്നവരാണെങ്കിൽ ആ ബന്ധം ഒരിക്കലും ശരിയാകില്ല. പരസ്പരം വളരാൻ കഴിയുന്ന, ജീവിതത്തെ കുറച്ചുകൂടി ബോധത്തോടെ കാണുന്ന ആളുകളെയാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ളവരെ കണ്ടെത്തുക എളുപ്പമല്ല,’ താരം പറഞ്ഞു.

തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടുമുട്ടിയവരിൽ താൻ ആഗ്രഹിക്കുന്ന ജീവിതവുമായി ഒത്തുപോകുന്ന ഒരാളെ കണ്ടെത്താനായിട്ടില്ലെന്നും നിത്യ വ്യക്തമാക്കി. ഇതിനെ വലിയ കാര്യമായി കാണേണ്ടതില്ലെന്നും, ജീവിതത്തിലെ തന്റെ ചോയ്‌സുകൾ വ്യത്യസ്തമാണെന്നും താരം പറഞ്ഞു.

നിത്യ മേനോൻ. Photo. Facebook.com

‘എന്റെ ജീവിതം വളരെ മനോഹരവും സമാധാനപരവുമാണ്. ആ സമാധാനത്തെ ഇല്ലാതാക്കുന്ന ഒന്നിലേക്ക് എന്തിനാണ് ഞാൻ കടക്കുന്നത്? ആ ജീവിതത്തെ കൂടുതൽ മനോഹരമാക്കാൻ കഴിയുന്ന ഒരാളാണെങ്കിൽ തീർച്ചയായും അതിലേക്ക് വരാൻ ഞാൻ ആഗ്രഹിക്കും,’ നിത്യ മേനോൻ കൂട്ടിച്ചേർത്തു.

Content Highlight:  Actress Nithya Menen says that her stance on marriage is often misinterpreted

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more