മലയാളികളുടെ പ്രിയ താരമായ നിമിഷ സജയൻ മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് മുഴുവൻ ശ്രദ്ധിക്കപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ്. വിവിധ ഭാഷകളിലായി തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാനും നിമിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലെ നിമിഷയുടെ പ്രകടനമാണ് താരത്തെ മറ്റു ഭാഷകളിലേക്കും കൂടുതൽ പരിചയപ്പെടുത്തിയത്. 2023ൽ പുറത്തിറങ്ങിയ ‘അദൃശ്യ ജാലകങ്ങൾ’ ആണ് നിമിഷയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം.
ഇപ്പോൾ താൻ വളർന്നതും പഠിച്ചതും മുംബൈയിൽ ആണെങ്കിലും അഭിനയം ആരംഭിച്ചത് മലയാളത്തിലാണെന്നും അതിന് പിന്നിലെ കാരണവും തുറന്നു പറയുകയാണ് നിമിഷ .
‘എന്നെ ഒറ്റനോട്ടത്തിൽ തന്നെ മലയാളിയാണെന്ന് ഐഡന്റിഫൈ ചെയ്യാൻ കഴിയും. എൻ്റെ രൂപഘടന അങ്ങനെയാണ്. അതുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമകൾ എനിക്ക് യോജിച്ചതായിരിക്കുമെന്ന് തോന്നി.
നിമിഷ സജയൻ, Photo: Nimisha Sajayan/ Facebook
പിന്നെ മലയാളത്തിലും തമിഴിലും കഥയ്ക്ക് പ്രാധാന്യം നൽകി സിനിമയെടുക്കുന്നു. നടീനടന്മാർക്കല്ല, കഥയ്ക്കാണ് പ്രാധാന്യം. കഥ നല്ലതാണെങ്കിൽ, അഭിനയവും അവതരണവും നന്നായാൽ ആ സിനിമയെ പ്രേക്ഷകർ തീർച്ചയായും സ്വീകരിക്കും. അതും ഒരു പ്രധാന കാരണമാണ്,’ നിമിഷ പറഞ്ഞു.
തമിഴിൽ അഭിനയിച്ച നാല് സിനിമകളും നല്ല അനുഭവമായിരുന്നുവെന്നും എല്ലാ സംവിധായകരുടെ കൂടെയും വീണ്ടും ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു. തമിഴിൽ മാത്രമല്ല, മലയാളത്തിലും മികച്ച സിനിമകൾ ചെയ്യണമെന്നുണ്ടെന്നും നിമിഷ കൂട്ടിച്ചേർത്തു.
നിമിഷ സജയൻ, Photo: Nimisha Sajayan/ Facebook
തമിഴിൽ പാ.രഞ്ജിത്, മാരി സെൽവരാജ് എന്നിവരുടെ സിനിമകളിൽ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.
‘കഥയും കഥാപാത്രവും നന്നായിരിക്കണം. സിനിമയിലെ ഇമോഷൻസ് പ്രേക്ഷകരിലേക്ക് കണക്ടാകണം. ‘ഡി.എൻ.എ’ കണ്ട പലരും ദിവ്യ എന്ന കഥാപാത്രം ‘ഞങ്ങളുടെ വീട്ടിലെ പെണ്ണാണെന്ന് തോന്നി’ എന്ന് പറഞ്ഞിരുന്നു. അത്തരം കഥാപാത്രങ്ങൾ കിട്ടിയാൽ ഞാൻ ഒരിക്കലും ഒഴിവാക്കില്ല, താരം കൂട്ടിച്ചേർത്തു.
ഇതിനുപുറമെ അശോക് സെൽവനൊപ്പം ഒരു പുതിയ പ്രോജക്ടിലും നിമിഷ അഭിനയിക്കുന്നുണ്ട്. നവാഗതനായ മണികണ്ഠ ആനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ റിപ്പോർട്ടുകൾ ഒന്നും പുറത്ത് വന്നിട്ടില്ല.
വളരെ സെലക്റ്റീവായി അഭിനയസാധ്യതയുള്ള കഥാപാത്രങ്ങൾ മാത്രം തെരഞ്ഞെടുക്കുന്ന നിമിഷയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഡി.എൻ.എ’ ഹിറ്റ് പട്ടികയിൽ ഇടം നേടിയിട്ടുമുണ്ട്.
Content Highlight: Actress Nimisha Sajayan says that South Indian films are more suitable