| Tuesday, 23rd June 2026, 2:33 pm

എന്റെ ബോധത്തോട് യോജിക്കുന്ന സിനിമകളേ ചെയ്യൂ, ഇല്ലെങ്കില്‍ എന്തിന് ആ സിനിമ ചെയ്തുവെന്ന് വിശദീകരിക്കാന്‍ കഴിയണം: നിഖില വിമല്‍

നന്ദന. ടി

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ തന്റെ രാഷ്ട്രീയ ബോധത്തോട് യോജിക്കുന്ന സിനിമകളാണ് കൂടുതലായും തിരഞ്ഞെടുക്കാറുള്ളതെന്ന് നടി നിഖില വിമൽ. ഇടക്കാലത്തു തന്റെ അഭിമുഖങ്ങളിലൂടെ അഭിപ്രായങ്ങളും നിലപാടുകളും തുറന്ന് പറയുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള നടിയാണ് നിഖില. മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം നിർവഹിച്ച
അനന്തൻ കാട് റിലീസിനൊരുങ്ങുകയാണ്. ആര്യ, ഇന്ദ്രൻസ്, ദേവ് മോഹൻ എന്നിവർക്കൊപ്പം നിഖില വിമലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടി. സിനിമ തിരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളെക്കുറിച്ചും ആരാധകരുമായുള്ള ബന്ധത്തെക്കുറിച്ചും പറയുന്നു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

നിഖില വിമല്‍. photo. screen grab/ youtube

‘ഒരു രാഷ്ട്രീയ ബോധമുള്ള വ്യക്തിയാണെന്ന് ആളുകൾക്ക് അറിയുമ്പോൾ അതിന്റെ ഉത്തരവാദിത്വവും ഉണ്ടാകും. നാളെ ആരെങ്കിലും ഒരു സിനിമയെക്കുറിച്ച് ചോദിക്കുമ്പോൾ എനിക്ക് അതിന് മറുപടി പറയാൻ കഴിയണം. അതുകൊണ്ടുതന്നെ എന്റെ ബോധത്തോട് യോജിക്കുന്ന സിനിമകൾ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ ആ സിനിമ എന്തുകൊണ്ട് ചെയ്തുവെന്ന് വിശദീകരിക്കാൻ എനിക്ക് കഴിയണം.

രാഷ്ട്രീയം മാത്രമല്ല, ഒരു കാര്യം തെറ്റാണെന്ന് എനിക്ക് തോന്നിയാൽ അതും ചെയ്യാറില്ല. എല്ലാ അഭിനേതാക്കൾകും അത്തരത്തിലുള്ള ചില ബോധ്യങ്ങൾ ഉണ്ടെന്നാണ് എന്റെ വിശ്വാസം. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവർക്കും അവരുടേതായ രാഷ്ട്രീയം ഉണ്ട്. ഒരാൾ എന്ത് വസ്ത്രം ധരിക്കണം, എങ്ങനെ സംസാരിക്കണം എന്നതൊക്കെ ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. അങ്ങനെ സ്വന്തം നിലപാടുകളും ബോധ്യങ്ങളും ഉള്ള ഒരാളാണെങ്കിൽ അതിന് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും,’ നിഖില പറഞ്ഞു.

തന്റെ ഫാൻ പേജുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ചും നടി അഭിമുഖത്തിൽ സംസാരിച്ചു.

‘ഫാൻസ് അസോസിയേഷനുകളോടോ ആരാധകരോടോ എനിക്ക് യാതൊരു വിരോധവുമില്ല. അവർ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് നമ്മളൊക്കെ നിലനിൽക്കുന്നത്. പക്ഷേ എന്റെ സ്വകാര്യതയിലേക്ക് അമിതമായി കടന്നുകയറുന്ന സാഹചര്യങ്ങളിലാണ് ചിലരെ ബ്ലോക്ക് ചെയ്യേണ്ടി വരുന്നത്.

ഉദാഹരണത്തിന്, സിനിമയുമായി ബന്ധമില്ലാത്ത എന്റെ ഏതെങ്കിലും ഒരു സുഹൃത്തിനൊപ്പം ഞാൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ, പിന്നീട് ആ വ്യക്തികൾക്ക് മെസേജുകൾ അയയ്ക്കുകയോ അവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെയാകുമ്പോഴാണ് ബ്ലോക്ക് ചെയ്യേണ്ടി വരുന്നത്. അല്ലാതെ ആരാധകരാണെന്ന കാരണത്താൽ ആരെയും ബ്ലോക്ക് ചെയ്യാറില്ല.

എനിക്ക് എന്റെ സ്വകാര്യതയും വ്യക്തിപരമായ അതിരുകളും പ്രധാനമാണ്. സിനിമയ്ക്ക് പുറത്തുള്ള എന്റെ ജീവിതത്തെ അത് ബാധിക്കാൻ തുടങ്ങുമ്പോഴാണ് ഞാൻ അത്തരം തീരുമാനങ്ങൾ എടുക്കുന്നത്. അത്തരം സാഹചര്യങ്ങളിൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏക മാർഗം ബ്ലോക്ക് ചെയ്യുക എന്നതാണ്,’ നിഖില വിമൽ പറഞ്ഞു.

നിഖില വിമല്‍.photo.Screen grab/ youtube

Content Highlight: Actress nikila vimal talks about her selection of movies and fan page
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more