| Thursday, 5th November 2026, 8:07 am

'നസ്‌ലെൻ സൂര്യ സാറിനെ നല്ലതുപോലെ വായിനോക്കുമായിരുന്നു; സെറ്റിൽ റെഡിയാകാൻ ഏറ്റവും കുറച്ച് സമയം എടുത്തത് ഞാനാണ്: നസ്രിയ നസീം

അജ്മല്‍ കെ

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സീൻ’. സൂര്യ നായകനാകുന്ന ചിത്രത്തിൽ ഇൻബരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മായയായി നസ്രിയയും ഈശ്വരനായി നസ്‌ലനും ചിത്രത്തിൽ എത്തുന്നുണ്ട്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നസ്രിയ തമിഴ് സിനിമയിൽ തിരിച്ചെത്തുന്നത്. നവംബർ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ നടൻ സൂര്യയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്നം സാക്ഷാത്കരിച്ചതുപോലെയാണെന്ന് പറയുകയാണ് നടി നസ്രിയ നസീം. സൂര്യയ്‌ക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരം രണ്ടുമൂന്ന് തവണ നഷ്ടമായ ശേഷമാണ് ഇപ്പോൾ ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹത്തിൽനിന്ന് ഓരോ ദിവസവും പലതും പഠിക്കാനുണ്ടെന്നും നസ്രിയ പറഞ്ഞു. ‘സീൻ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

സീൻ. Photo. Screen Grab/ Youtube

‘സൂര്യ സാറിനൊപ്പം അഭിനയിക്കാനുള്ള അവസരം രണ്ടുമൂന്ന് തവണ നഷ്ടമായ ഒരാളാണ് ഞാൻ. അതുകൊണ്ട് ഇത് ശരിക്കും ഒരു സ്വപ്നസാക്ഷാത്കാരമാണ്. അദ്ദേഹത്തിന്റെ ഡിസിപ്ലിനെ കുറിച്ചും ഹാർഡ് വർക്കിങ്ങിനെ കുറിച്ചും എല്ലാവരും പറയാറുള്ളതാണ്. പക്ഷേ, അതിനപ്പുറം അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. ഓരോ ദിവസവും അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും പഠിക്കാനുണ്ടാകും. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട്,’ നസ്രിയ പറഞ്ഞു.

സിനിമയുടെ സെറ്റിലെ സൂര്യയുടെ പെരുമാറ്റത്തെക്കുറിച്ചും നസ്രിയ സംസാരിച്ചു. നസ്‌ലെൻ ഉൾപ്പെടെ എല്ലാവരും സൂര്യയെ കൗതുകത്തോടെയാണ് നോക്കിയിരുന്നതെന്നും താരം പറഞ്ഞു.

‘നസ്‌ലെന് ശരിക്കും സൂര്യ സാറിനെ നല്ല പോലെ വായിനോക്കുമായിരുന്നു. നസ്‌ലെൻ മാത്രമല്ല, എല്ലാവരും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം അത്രയും നല്ല മനുഷ്യനാണ്. സെറ്റിൽ ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു,’ നസ്രിയ പറഞ്ഞു.

ചിത്രത്തിലെ തന്റെ കഥാപാത്രത്തിനായി വലിയ മേക്കപ്പൊന്നും ചെയ്തിരുന്നില്ലെന്നും നസ്രിയ പറഞ്ഞു. സംവിധായകൻ ജിത്തു മാധവന്റെ നിർദേശപ്രകാരം വളരെ സ്വാഭാവികമായ ലുക്കിലാണ് താൻ സിനിമയിൽ എത്തുന്നതെന്നും നടി വ്യക്തമാക്കി.

നസ്രിയ നസീം. Photo: X.com

‘ജിത്തുവിന്റെ കോൺസെപ്റ്റിൽ ഈ സിനിമയിൽ എനിക്ക് മേക്കപ്പൊന്നും ഉണ്ടായിരുന്നില്ല. റെഡിയാകാൻ ഏറ്റവും കുറച്ച് സമയം എടുത്തിരുന്നത് എനിക്കായിരുന്നു. ഒരു ടി-ഷർട്ടും പാന്റും ധരിച്ച് മുടി കെട്ടി ഞാൻ സെറ്റിലേക്ക് പോകും. ചിലപ്പോൾ ജിത്തുവിനോട് കുറച്ച് ലിപ് ബാം ഇട്ടോട്ടെ എന്ന് ചോദിക്കും. അപ്പോൾ വേണ്ട, ‘പച്ച മനിതൻ, പച്ച മനിതൻ’ അങ്ങനെയാണ് വേണ്ടതെന്ന് പറയും,’ നസ്രിയ കൂട്ടിച്ചേർത്തു.

Content Highlight: Actress Nazriya Nazim says that getting the opportunity to act alongside actor Suriya is like a dream come true

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more