| Saturday, 6th September 2025, 9:16 pm

15 സെന്റീമീറ്റര്‍ മുല്ലപ്പൂ കൈവശം വെച്ചതില്‍ നവ്യ നായര്‍ക്ക് ഒന്നേകാല്‍ ലക്ഷം പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുല്ലപ്പൂവ് കൈവശം വെച്ചതിന്റെ പേരില്‍ നടി നവ്യ നായര്‍ക്ക് പിഴ. ഓസ്‌ട്രേലിയ, വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട എയര്‍പോര്‍ട്ടില്‍ വെച്ചാണ് താരത്തിന്റെ കയ്യില്‍ നിന്നും പിഴയീടാക്കിയത്.

പരിപാടിയില്‍ സംസാരിക്കവെ നവ്യ നായര്‍ ഈ സംഭവം പങ്കുവെച്ചു.

1980 ഡോളര്‍ (ഒന്നേകാല്‍ ലക്ഷത്തോളം ഇന്ത്യന്‍ രൂപ) ആണ് തന്നോട് പിഴയായി ഒടുക്കാന്‍ ആവശ്യപ്പെട്ടതെന്നും മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ കൃഷി വകുപ്പാണ് പിഴ ഈടാക്കിയത്.

‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമായി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിംഗപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ അണിയാന്‍ അച്ഛന്‍ പറഞ്ഞു.

സിംഗപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകും. സിംഗപ്പൂരില്‍ നിന്ന് അണിയാനായി രണ്ടാമത്തെ കഷ്ണം ഹാന്‍ഡ്ബാഗില്‍ വെക്കാനും അദ്ദേഹം പറഞ്ഞു. ഒരു ക്യാരി ബാഗിലാക്കി ഞാന്‍ അത് എന്റെ ഹാന്‍ഡ് ബാഗില്‍ വെച്ചു,’ നവ്യാ നായര്‍ പറഞ്ഞു.

‘ഞാന്‍ അതുപോലെ തന്നെ ചെയ്തു. എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴിവുകഴിവല്ല എന്ന് എനിക്കറിയാം.

15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.’ നവ്യ കൂട്ടിച്ചേര്‍ത്തു.

ഒരു ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താനിങ്ങോട്ട് വന്നതെന്നും ചടങ്ങില്‍ വെച്ച് തമാശരൂപേണ നവ്യ പറഞ്ഞു. നവ്യയുടെ വാക്കുകള്‍ പൊട്ടിച്ചിരിയോടെയാണ് സദസ്സ് കേട്ടത്.

Content Highlight: Actress Navya Nair fined for possessing jasmine flower.

We use cookies to give you the best possible experience. Learn more