നിലവിൽ മോളിവുഡിലെ വെയിറ്റിങ് ലിസ്റ്റിലുള്ള ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലർ പാർട്ടി ഡ്യൂ. അനൗൺസ്മെന്റ് മുതൽ തന്നെ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. അമൽ നീരദിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടിയുടെ സ്പിരിച്ച്വൽ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടർ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്.
ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, നസ്ലെൻ, ചന്തു സലീം കുമാർ, ലാൽ, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ വേഷമിടുന്നത്. നവംബർ 19ന് തിയേറ്ററുകളിലെത്തും.
നദിയ മൊയ്തു. Photo. Screen Grab/ Youtube
എന്നാൽ ഇപ്പോഴിതാ അമൽ നീരദ് സംവിധാനം ചെയ്യുന്ന ‘ബാച്ചിലർ പാർട്ടി ഡ്യൂ’യിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി നദിയ മൊയ്തു. പുതിയ ചിത്രത്തിന്റെ സെറ്റിലെ സൗഹൃദാന്തരീക്ഷവും തന്റെ കഥാപാത്രത്തിന്റെ പ്രത്യേകതകളുമാണ് താരം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചത്.
‘ഭീഷ്മ പർവ്വത്തിലും ഞാൻ അമലിന്റെ കൂടെ സിനിമ ചെയ്തിട്ടുണ്ട്. അമലിന്റെ സ്റ്റൈൽ ഓഫ് സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമാ രീതി ആദ്യമായി അനുഭവിച്ചപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി എന്ന് പറയുന്നത് ഇവിടെയുള്ള എല്ലാ ആർട്ടിസ്റ്റുകൾക്കുമിടയിൽ നല്ലൊരു ബോണ്ടിങ് കൊണ്ടുവരുന്ന സെറ്റാണ് എന്നതാണ്. അവിടെ ഒരു ഹൈറാർക്കിയുമില്ല. എല്ലാവരും ഒരുപോലെയാണ് ഇടപഴകുന്നത്,’ നദിയ പറഞ്ഞു.
സെറ്റിൽ സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തുമ്പോഴും ജോലിയുടെ കാര്യത്തിൽ അമൽ നീരദ് വിട്ടുവീഴ്ച ചെയ്യാറില്ലെന്നും നദിയ പറയുന്നു. അഭിനേതാക്കളിൽനിന്ന് ആവശ്യമായ പ്രകടനം അദ്ദേഹം നേടിയെടുക്കും. തന്റെ കഥാപാത്രത്തിലും ചില പ്രത്യേകതകളുണ്ടെന്നും താരം വ്യക്തമാക്കി.
‘അതേസമയം അദ്ദേഹം ജോലിയുടെ കാര്യത്തിൽ ഉറച്ച നിലപാടുള്ളയാളാണ്. ആർട്ടിസ്റ്റുകളിൽനിന്ന് ആവശ്യമായത് ചെയ്യിപ്പിക്കും. പക്ഷേ, സെറ്റിൽ നല്ലൊരു ജോളി അന്തരീക്ഷവുമുണ്ട്. എന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോഴും അതിൽ കുറച്ച് വ്യത്യസ്തത തോന്നിയിരുന്നു. ഒരു പരിധിവരെ ഗ്രേ ഷേഡുള്ള കഥാപാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. അതിന്റെ ലുക്കും കുറച്ച് വ്യത്യസ്തമാണ്. അങ്ങനെ എല്ലാ കാര്യങ്ങൾകൊണ്ടും ഈ കഥാപാത്രം എനിക്ക് പുതുമയുള്ള അനുഭവമായിരുന്നു,’ നദിയ പറഞ്ഞു.
ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്കും കഥയിൽ നിർണായക സ്ഥാനമുണ്ടെന്നും താരം പറഞ്ഞു. താൻ ഉൾപ്പെടെ രജിഷ വിജയൻ, ജ്യോതിർമയി, പാരീസ് ലക്ഷ്മി, ഹൻസിക കൃഷ്ണ തുടങ്ങിയവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കും കഥയിൽ വ്യക്തമായ ഇടമുണ്ടെന്നും താരം ചൂണ്ടിക്കാട്ടി.
ബാച്ലർ പാർട്ടി D’eux. Photo. IMDb
‘ഞാൻ ആണെങ്കിലും ശരി, രജിഷയാണെങ്കിലും ജ്യോതിർമയി, പാരീസ് ലക്ഷ്മി, ഹൻസിക എന്നിവരാണെങ്കിലും, എല്ലാ സ്ത്രീ കഥാപാത്രങ്ങളും വളരെ ശക്തമായി എഴുതപ്പെട്ടവയാണ്. ഈ സ്ത്രീ കഥാപാത്രങ്ങളാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. പുരുഷ കഥാപാത്രങ്ങളെയാണ് കൂടുതലായി നിങ്ങളിതിൽ കാണുന്നത്. എന്നാൽ ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്,’ നദിയ മൊയ്തു പറഞ്ഞു.
Content Highlight: Actress Nadiya Moidu shares her experiences from ‘Bachelor Party 2’, directed by Amal Neerad.