| Tuesday, 5th May 2026, 7:33 am

എന്റെ ആ മണ്ടത്തരത്തിന് 'മുത്തുമണി നേരിട്ട് വന്ന് ചോദിച്ച രീതി ഇഷ്ടപ്പെട്ടു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി: മുത്തുമണി

നന്ദന എം.സി

വ്യത്യസ്‌ത ക്യാരക്‌ടർ റോളുകളിലൂടെ മലയാളി മനസിൽ കയറി കൂടിയ നടിയാണ് മുത്തുമണി. രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം, അന്നയും റസൂലും, ഹൗ ഓൾഡ് ആർ യു, കടൽകടന്ന് ഒരു മാത്തുക്കുട്ടി, ജോമോൻ്റെ സുവിശേഷങ്ങൾ, രാമൻ്റെ ഏദൻതോട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മുത്തുമണി ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്.

മുത്തുമണി, Photo: IMDb

ജിയോ ബേബി സംവിധാനം ചെയ്‌ കാതൽ ദി കോറിൽ അഭിഭാഷകയായും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ സത്യൻ അന്തിക്കാടിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്

സത്യൻ അന്തിക്കാടിനെ പോലെയുള്ള വലിയ ഒരു സംവിധായകനോട് അന്നങ്ങനെ സംസാരിക്കാൻ കാണിച്ചത് വലിയ ധൈര്യമല്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുത്തുമണി.

‘ഒരിക്കൽ ഞാൻ സാറിനോട് ചോദിച്ചു, ‘സാർ എന്തിനാണ് ആ മണ്ടത്തരത്തിന് സമ്മതിച്ചത്’ എന്ന്. ‘മുത്തുമണി അത് നേരിട്ട് വന്ന് ചോദിച്ച രീതി എനിക്ക് ഇഷ്ടപ്പെട്ടു’ എന്നായിരുന്നു മറുപടി. സത്യൻ സാറിൻ്റെ ആ തീരുമാനം കൊണ്ടാണ് എനിക്ക് പഠനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകാൻ സാധിച്ചത്,’ മുത്തുമണി പറഞ്ഞു.

സത്യൻ അന്തിക്കാട്, Photo: IMDb

‘ഇന്നത്തെ ചിന്താവിഷയം’ എന്ന സിനിമയിലേക്ക് എത്തുമ്പോൾ പഠനവും സിനിമയും ഒരുപോലെ എങ്ങനെയാണ് കൊണ്ടുപോയതെന്നും താരം പറഞ്ഞു.

‘ആ സമയത്ത് ഞാൻ എൽ. എൽ.ബി. ഫൈനൽ ഇയർ ആയിരുന്നു. അന്ന് സത്യൻ സാർ പറഞ്ഞു, ‘ഇത്തവണ ശനി-ഞായർ മാത്രം പോരാ, ഇടയ്ക്ക് ഒന്നോ രണ്ടോ ദിവസം കൂടി വരേണ്ടി വരും’. ഫൈനൽ സെമസ്റ്റർ ആയതുകൊണ്ട് ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം ക്ലാസുണ്ടാകില്ല . അപ്പോഴൊക്കെ സെറ്റിലേക്ക് വിളിച്ച് ‘ഞാൻ വരട്ടെ’ എന്ന് ചോദിക്കും. 20 വയസുള്ള കുട്ടിയുടെ ആവേശമായിരുന്നു അത്,’ മുത്തുമണി കൂട്ടിച്ചേർത്തു.

കൂടാതെ ‘ഇന്നത്തെ ചിന്താവിഷയം’ സിനിമയിൽ അഭിനയിക്കുമ്പോൾ താൻ നിയമ വിദ്യാർത്ഥിനിയായിരുന്നു വക്കീൽ വേഷങ്ങൾ നന്നായി ചെയ്യാൻ കഴിഞ്ഞത് കഥാപാത്രങ്ങൾ മനോഹരമായി എഴുതിയതുകൊണ്ടാണെന്നും താരം പറഞ്ഞു.

Content Highlight: Actress Muthumani talks about director Sathyan Anthikad

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more