ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞുനിന്ന നായികമാരിൽ ഒരാളായിരുന്നു മോഹിനി.
മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ നായികയായി തിളങ്ങിയ താരം തമിഴ്, തെലുങ്ക് സിനിമകളിലും ശക്തമായ സാന്നിധ്യമായിരുന്നു.
ശിവാജി ഗണേശൻ, ചിരഞ്ജീവി, ബാലകൃഷ്ണ, വിക്രം എന്നിവർക്കൊപ്പമുള്ള അഭിനയവും മോഹിനിയെ തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാക്കി മാറ്റി. ഇപ്പോഴിതാ സിനിമയോടുള്ള തന്റെ അടങ്ങാത്ത പ്രണയത്തെയും കഥാപാത്രങ്ങളോടുള്ള സമീപനത്തെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
മോഹിനി, Photo: YouTube/ Screengrab
തനിക്ക് കഥാപാത്രങ്ങളുടെ പ്രായമോ ഇമേജോ ഒന്നും പ്രധാനമല്ലെന്നും, ആ കഥാപാത്രത്തിന് പ്രാധാന്യമുണ്ടോ എന്നതാണ് താൻ ആദ്യം നോക്കുന്നതെന്നും മോഹിനി പറയുന്നു.
‘ഞാനൊരു നടിയാണ്. അതുകൊണ്ട് അമ്മയായാലും ചേട്ടത്തിയായാലും അമ്മൂമ്മയായാലും നായികയായാലും എനിക്ക് പ്രശ്നമില്ല. എന്റെ കഥാപാത്രത്തിന് ഇംപോർട്ടൻസ് ഉണ്ടോ, ആ വേഷം ചെയ്യാൻ എനിക്ക് താത്പര്യമാണ് എന്നതാണ് ഞാൻ നോക്കുന്നത്. പണ്ടുമുതൽ ഇന്നുവരെ ഞാൻ പിന്തുടരുന്നത് അതേ രീതിയാണ്, മോഹിനി പറഞ്ഞു.
ഒരു അഭിനേത്രിയായി സിനിമയിൽ തുടർന്നുകൊണ്ടിരിക്കാനാണ് ഇപ്പോഴും ആഗ്രഹമെന്നും താരം വ്യക്തമാക്കി. സിനിമ വിട്ടുനിൽക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും തനിക്കു ചേരുന്ന നല്ല കഥാപാത്രങ്ങൾ ലഭിച്ചാൽ അഭിനയരംഗത്ത് സജീവമായി തുടരുമെന്നും മോഹിനി പറഞ്ഞു.
‘സിനിമാഭിനയം നിർത്തണമെന്നോ ഇനി സിനിമയിൽ തുടരേണ്ടതില്ലെന്നോ ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. അങ്ങനെ ഞാൻ പറഞ്ഞിട്ടുമില്ല. എനിക്ക് അനുയോജ്യമായ നല്ല വേഷങ്ങൾ കിട്ടിയാൽ തീർച്ചയായും അഭിനയരംഗത്ത് തുടരണം എന്നാണ് എന്റെ ആഗ്രഹം,’ താരം വ്യക്തമാക്കി.
പഞ്ചാബി ഹൗസ്, Photo: YouTube/ Screengrab
തമിഴിൽ ഒരു പഴമൊഴി പറഞ്ഞുകൊണ്ടാണ് സിനിമയോടുള്ള തന്റെ ബന്ധം മോഹിനി വിശദീകരിച്ചത്. ‘പാടിന വായും ആടിന കാലും ചുമ്മാ ഇരിക്കില്ല’ എന്ന ചൊല്ല് പറഞ്ഞ താരം, ഒരിക്കൽ ഇഷ്ടത്തോടെ ചെയ്ത ഒരു ജോലി പിന്നീട് ഉപേക്ഷിക്കാൻ കഴിയില്ലെന്നും പറഞ്ഞു.
നാടൻ കഥാപാത്രങ്ങളിലൂടെയും മോഡേൺ വേഷങ്ങളിലൂടെയും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു മോഹിനി. പ്രത്യേകിച്ച് കണ്മണി എന്ന ചിത്രത്തിലെ ‘ഉടൽ തഴുവാ’ ഗാനരംഗം ഇന്നും ആരാധകർ ഓർക്കുന്ന ഒന്നാണ്.
അഭിനയത്തിലെ സ്വാഭാവികതയും സ്ക്രീൻ പ്രസൻസും കൊണ്ടാണ് മോഹിനി പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയതും.
ഇപ്പോൾ അമ്മ വേഷങ്ങളിലേക്കും കൂടുതൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും മാറിയിരിക്കുമ്പോഴും അഭിനയത്തോടുള്ള ആവേശം ഇന്നും അതേപോലെ നിലനിൽക്കുകയാണെന്ന് മോഹിനിയുടെ വാക്കുകൾ തെളിയിക്കുന്നു.
Content Highlight: Actress Mohini says she is an actress, so she will do any role.