കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് നടി മോഹിനി. വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ‘ഖലീഫ’യിലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഓണത്തിന് ചിത്രം തിയറ്ററുകളിലെത്താനിരിക്കെ, സിനിമയിൽ നിന്ന് മാറിനിന്ന കാലത്തെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും സംസാരിക്കുകയാണ് മോഹിനി.
‘വിദേശത്ത് സെറ്റിൽഡ് ആയിരുന്നെങ്കിലും ഇടയ്ക്ക് നാട്ടിലെത്തിയിരുന്ന സമയത്ത് വേഷം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിരുന്നു. പിന്നീട് വീണ്ടും യു.എ.സിലേക്ക് മടങ്ങിയപ്പോൾ സിനിമയിലേക്ക് വരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിതത്തിലെ മുൻഗണനകൾ മാറികൊണ്ടിരുന്നു,’ മോഹിനി പറഞ്ഞു.
മോഹിനി. Photo: Screengrab/ Youtube.com
‘തിരിച്ച് യു.എ.സിലേക്കു പോകുമ്പോൾ ഇനിയും അവസരങ്ങൾ വന്നാൽ അഭിനയിക്കണം എന്നു തീരുമാനിച്ചിരുന്നു. പക്ഷേ, ജീവിതമല്ലേ, നമ്മുടെ പ്രയോരിറ്റീസ് മാറിക്കൊണ്ടിരിക്കും. രണ്ടാമത്തെ മകൻ ഉണ്ടായപ്പോൾ അവനിലേക്കായി ശ്രദ്ധ. ആദ്യം അവന് ഹോം സ്കൂളിങ്ങാണ് നൽകിയത്. ഞാൻ മാറിനിന്നാൽ അവന്റെ സ്കൂൾ മുടങ്ങും,’ താരം കൂട്ടിച്ചേർത്തു.
എന്നാൽ സിനിമയിൽ നിന്ന് വിട്ടുനിന്ന ആ കാലത്ത് ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നിയത് മലയാള സിനിമയെക്കുറിച്ചായിരുന്നുവെന്നും മോഹിനി പറയുന്നു.
‘ആ സമയത്തൊക്കെ ഏറ്റവും മിസ് ചെയ്തത് മലയാള സിനിമയാണ്. ഹിന്ദി, തമിഴ് സിനിമകളൊക്കെ തിയറ്ററിൽ പോയി കാണുമായിരുന്നു. പക്ഷേ, ഒരു മലയാള സിനിമ പോലും കാണാനുള്ള ശക്തി ഉണ്ടായില്ല. വീട്ടിൽ പോലും ടിവിയിൽ മലയാള സിനിമ കണ്ടാൽ എനിക്ക് ആ നിമിഷം ഒരു സ്വർഗം നഷ്ടപ്പെട്ട സങ്കടമാണ്,’ മോഹിനി പറഞ്ഞു.
ഇപ്പോൾ മക്കൾ വളർന്നതോടെ വീണ്ടും അഭിനയത്തിലേക്ക് വരാനുള്ള അവസരവും മോഹിനിയെ തേടിയെത്തി. പുതിയ സിനിമയുടെ അവസരം വന്നപ്പോൾ തിരിച്ചുവരാൻ പ്രോത്സാഹിപ്പിച്ചത് മക്കളാണെന്നും താരം വ്യക്തമാക്കി.
‘ഇപ്പോൾ മക്കളിൽ മൂത്തയാൾ അനിരുദ്ധ് ഫിസിക്സ് ഗ്രാജുവേറ്റാണ്. ഇളയമകൻ അദ്വൈത് ഒൻപതാം ക്ലാസ്സിൽ. പുതിയ അവസരം വന്നപ്പോൾ അവർ രണ്ടുപേരും പറഞ്ഞു, ‘അമ്മാ, യു നീഡ് ടു ഗോ’. നാലുമാസം നമുക്ക് ഇന്ത്യയിൽ നിൽക്കാമല്ലോയെന്ന്,’മോഹിനി പറഞ്ഞു.
ഖലീഫ.Photo: IMDb
കുടുംബത്തിനായി സിനിമയിൽ നിന്ന് മാറിനിന്ന മോഹിനി, വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്. ‘ഖലീഫ’യിലൂടെ തിരിച്ചെത്തുന്ന താരത്തെ പുതിയ കഥാപാത്രത്തിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ പൃഥ്വിരാജിന്റെ അമ്മയായി നൂർജഹാൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
Content Highlight: Actress Mohini opens up about her comeback to the film industry