തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ് രജനികാന്ത് നായകനായ ജയിലർ 2. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 400 കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് എത്തിയ ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണുള്ളത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടുമ്പോൾ മലയാളി താരം സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി മിർണ മേനോൻ.
ചിത്രത്തിൽ രജനികാന്തിന്റെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യന്റെ മരുമകൾ ശ്വേത പാണ്ഡ്യനായാണ് മിർണ അഭിനയിച്ചത്. സുരാജിനൊപ്പം നേരിട്ട് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ലെങ്കിലും അട്ടപ്പാടിയിലെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ കാണുന്നതും സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് അറിയുന്നതും. സുരാജിന്റെ കണ്ണുകളിലൂടെയുള്ള അഭിനയപ്രകടനമാണ് ചിത്രത്തിൽ തന്നെ ഏറെ ആകർഷിച്ചതെന്ന് മിർണ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മിർണ. Photo. Screen Grab/ Youtube
‘സുരാജേട്ടനും എനിക്കും ഡയറക്ട് കോമ്പിനേഷൻ സീനുകളില്ല. അട്ടപ്പാടിയിൽ ഷൂട്ട് ചെയ്യുന്ന സമയത്താണ് എല്ലാവരെയും കാണുന്നത്. അവിടെവെച്ചാണ് സുരാജേട്ടനാണ് ഈ കഥാപാത്രം ചെയ്യുന്നതെന്ന് അറിയുന്നത്. സുരാജേട്ടന്റെ കണ്ണുകൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത് ഈ സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ ഐ എക്സ്പ്രഷനിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ് ഉള്ളത്. ഇത്രയും എക്സ്പ്രസീവ് ആയ കണ്ണുകളാണോ എന്ന് നമുക്ക് തോന്നിപ്പോകും. അദ്ദേഹം അത്രയും വണ്ടർഫുൾ ആയിട്ടുള്ള നടനാണ്. നമുക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെന്ന് തോന്നിപ്പോകും,’ മിർണ പറഞ്ഞു.
മലയാളത്തിൽ സുരാജ് ചെയ്ത കഥാപാത്രങ്ങൾ തമ്മിലുള്ള വൈവിധ്യവും മിർണ എടുത്തുപറഞ്ഞു. കോമഡി വേഷങ്ങളിൽനിന്ന് ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ശ്രദ്ധേയമാണെന്നും അത്തരം കഥാപാത്രങ്ങൾ ചെയ്യുന്നതും അത്ര എളുപ്പമല്ലെന്നും താരം കൂട്ടിച്ചേർത്തു.
‘മലയാളത്തിൽ സുരാജേട്ടൻ ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കോമഡി കഥാപാത്രങ്ങളിൽനിന്ന് നമ്മൾ ഇമാജിൻ ചെയ്യാൻ പോലും പറ്റാത്ത തരത്തിൽ ഗൗരവമുള്ള വേഷങ്ങൾ അടുത്തടുത്തായി ചെയ്യുന്നു. അതേസമയം, കോമഡി വേഷങ്ങൾ ചെയ്യുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിൽ ദശമൂലം ദാമുവാണ് എന്റെ ഫേവറിറ്റ്,’ നടി പറഞ്ഞു.
സുരാജിന്റെ അഭിനയശേഷി ഏറ്റവും വ്യക്തമായി മനസിലാക്കിത്തന്ന കഥാപാത്രങ്ങളെയും സിനിമകളെയും കുറിച്ചും മിർണ സംസാരിച്ചു. ദശമൂലം ദാമുവിനെപ്പോലെ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രത്തിൽനിന്ന് ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷൻ രംഗങ്ങളിലേക്കുള്ള മാറ്റം അദ്ദേഹത്തിന്റെ അഭിനയമികവിന്റെ ഉദാഹരണമാണെന്നും മിർണ പറഞ്ഞു.
‘ദശമൂലം ദാമുവിനെ അവതരിപ്പിച്ച സുരാജേട്ടനെ നമ്മൾ ആക്ഷൻ ഹീറോ ബിജുവിലെ പോലീസ് സ്റ്റേഷൻ സീക്വൻസിൽ കാണുമ്പോഴുള്ള ആ മാറ്റം ശ്രദ്ധിക്കണം. അപ്പോഴാണ് അദ്ദേഹം ഒരു എക്സ്ട്രാ ഓർഡിനറി ആർട്ടിസ്റ്റാണെന്ന് മനസിലാകുന്നത്. അത്രയും ഇമോഷണലായ ഒരു കഥാപാത്രത്തെ സുരാജേട്ടൻ അവതരിപ്പിക്കുന്നത് ഞാൻ ആദ്യമായി കാണുന്നത് ആ സിനിമയിലാണെന്ന് തോന്നുന്നു,’ നടി പറഞ്ഞു.
ജയിലർ 2. മിർണ. Photo. Facebook.com. Screen Grab/ Youtube
സുരാജിന്റെ കൈവശം വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള എല്ലാ കഴിവുകളുമുണ്ടെന്നും അത് കൃത്യമായി ഉപയോഗിക്കപ്പെടുകയാണെങ്കിൽ ഇന്ത്യയിൽത്തന്നെ അറിയപ്പെടുന്ന മികച്ച അഭിനേതാക്കളിലൊരാളായി അദ്ദേഹം മാറുമെന്നും മിർണ വ്യക്തമാക്കി. അതേസമയം, ചിത്രീകരണവേളയിൽ താരങ്ങളെല്ലാം ഒരുമിച്ചെത്തിയാൽ ലൊക്കേഷൻ തമാശകൾകൊണ്ട് നിറയുമെന്നും മിർണ കൂട്ടിച്ചേർത്തു.
Content Highlight: Actress Mirnaa Menon is talking about the performance of Malayali actor Suraj Venjaramoodu