മോഹന്‍ലാലിനൊപ്പം ബിഗ് ബ്രദറില്‍ അഭിനയിച്ച അനുഭവവും ജയിലര്‍ 2-ന്റെ സെറ്റില്‍ അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയ സന്തോഷവും പങ്കുവെച്ച് നടി മിര്‍ണ. ജയിലര്‍ 2ല്‍ മോഹന്‍ലാലിന്റെ സീനുകള്‍ കുറച്ചതിനെക്കുറിച്ചും താരം സംസാരിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നേരിട്ട് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഒരേ സെറ്റില്‍ വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായ അനുഭവമായിരുന്നുവെന്ന് മിര്‍ണ പറഞ്ഞു.
‘സെറ്റില്‍ വരുമ്പോള്‍ ലാലേട്ടനെ കാണാറുണ്ട്. അല്ലെങ്കില്‍ ഓണത്തിനോ അദ്ദേഹത്തിന്റെ പിറന്നാളിനോ നമ്മുടെ പിറന്നാളിനോ വിഷ് ചെയ്യുമ്പോഴായിരിക്കും കുറച്ചുകൂടി സംസാരിക്കുക. സെറ്റില്‍ വെച്ച് ലാലേട്ടനെ കണ്ടപ്പോള്‍ ഭയങ്കര എക്സൈറ്റഡായി. അതൊരു ബ്ലെസിങ് പോലെയാണ് തോന്നിയത്,’ മിര്‍ണ പറഞ്ഞു.
ബിഗ് ബ്രദറിനു ശേഷം ജയിലര്‍ 2-ന്റെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ തന്റെ രൂപത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതും താരം ഓര്‍ത്തെടുത്തു. ‘യു ലുക്ക് എക്സ്ട്രീമ്ലി ഡിഫറന്റ് എന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ചുവര്ഷങ്ങളായില്ലേ എന്നും ചോദിച്ചു. ബിഗ് ബ്രദര്‍ റിലീസായത് കൊവിഡിന് ശേഷമായിരുന്നു. നാലര വര്‍ഷത്തോളമായല്ലോ. ആ മാറ്റമായിരിക്കാമെന്ന് ഞാന്‍ പറഞ്ഞു. യു ലുക്കിങ് റിയലി ഗ്രേറ്റ്, ഭയങ്കര മാറ്റമുണ്ട് എന്നും പറഞ്ഞു,’ മിര്‍ണ വ്യക്തമാക്കി.
ജയിലര്‍ 2-ല്‍ മോഹന്‍ലാലിനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഇല്ലാത്തതില്‍ ചെറിയ നിരാശയുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ‘ഇന്റര്‍വെല്‍ ബ്ലോക്കിലെ ആ സീന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് എനിക്ക് ഷൂട്ടിങ്ങും ഉണ്ടായിരുന്നില്ല. അതിന്റെ പിറ്റേ ദിവസമാണ് ഞാന്‍ സെറ്റിലെത്തി ലാലേട്ടനെ കാണുന്നത്. കോമ്പിനേഷന്‍ സീന്‍ മിസ് ചെയ്തല്ലോ എന്ന് തോന്നി. പക്ഷേ അദ്ദേഹം വന്ന പോര്‍ഷനുകള്‍ തന്നെ എനിക്ക് ഇഷ്ടമായി,’ മിര്‍ണ പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രത്തില്‍ എത്ര സീനുകളില്‍ പ്രത്യക്ഷപ്പെടുന്നു എന്നതിലുപരി, അദ്ദേഹം സൃഷ്ടിക്കുന്ന ഇംപാക്ടാണ് പ്രധാനമെന്നും മിര്‍ണ അഭിപ്രായപ്പെട്ടു. മലയാളികളുടെ മാത്രം പ്രിയതാരമല്ല മോഹന്‍ലാലെന്നും തമിഴ് സിനിമകളിലും അദ്ദേഹത്തിന് വലിയ ആരാധകവൃന്ദമുണ്ടെന്നും താരം പറഞ്ഞു.
‘ലാലേട്ടന് നമ്മുടെ മലയാളികളുടെ മാത്രം ആര്‍ട്ടിസ്റ്റല്ല. എത്രയോ തമിഴ് സിനിമകള്‍ അദ്ദേഹം ചെയ്തു. അദ്ദേഹം എല്ലാവരുടെയും ഫേവറിറ്റ് പേഴ്സണാണ്. ഇവിടെയുള്ള അതേ മാസ്സ് അവിടെയുമുണ്ട്. ആളുകളൊക്കെ വളരെ എക്സൈറ്റഡാണ്. അദ്ദേഹത്തിന്റെ ആ നടത്തവും എല്ലാം,’ മിര്‍ണ പറഞ്ഞു.
ട്രെയിലറിനായി ചിത്രീകരിച്ച രംഗങ്ങളിലുള്‍പ്പെടെ വ്യത്യസ്ത ലുക്കുകളില്‍ മോഹന്‍ലാലിനെ സെറ്റില്‍ കണ്ടിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ അവസാന രൂപത്തിലേക്ക് രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ മോഹന്‍ലാല്‍ എത്തിയ ഭാഗങ്ങളെല്ലാം മികച്ചതായിരുന്നുവെന്നും മിര്‍ണ പറഞ്ഞു.
Content Highlight: Actress Mirna about Mohanlal and jailer 2