തമിഴ് ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് മലയാള സിനിമകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടുകയും ചെയ്ത അഭിനേത്രിയാണ് മേനക. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരൻ, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം, തുടങ്ങി മലയാളത്തിലെ ഒട്ടനവധി ക്ലാസിക് ചിത്രങ്ങളിൽ താരം വേഷമിട്ടിരുന്നു. മലയാളത്തിലെ മുൻനിര പ്രൊഡ്യൂസർമാരിലൊരാളായ ജി. സുരേഷ് കുമാറുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും അവധിയെടുത്ത മേനക 2011ൽ പുറത്തിറങ്ങിയ ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് മടങ്ങിയെത്തിയത്.
ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്ന മേനക അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന് പിന്നിൽ മക്കളായ രേവതിയുടെയും കീർത്തിയുടെയും പിന്തുണയുണ്ടെന്ന് പറയുകയാണ്. ഇരുപത്തിനാലാമത്തെ വയസിൽ അഭിനയം നിർത്തിയതിനെക്കുറിച്ച് മക്കൾ തന്നോട് ചോദിക്കാറുണ്ടെന്നും അഭിനയത്തിൽ തുടരേണ്ടിയിരുന്നുവെന്നാണ് അവരുടെ അഭിപ്രായമെന്നും മേനക വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മേനക.ഭർത്താവ് സുരേഷ് /photo/ screen grab/youtube/Instagram
‘മക്കളായ രേവതിയും കീർത്തിയും എന്നെ വഴക്കുപറയും. ‘എന്തിനാണ് ഇരുപത്തിനാലാമത്തെ വയസിൽ അഭിനയം നിർത്തിയത്? ഇത്രയും കഴിവുള്ള നടിക്ക് കരിയറിൽ വലിയൊരു സ്ഥാനത്ത് എത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ലേ? ഞങ്ങൾക്കുവേണ്ടി മാറിനിൽക്കരുതായിരുന്നു’ എന്നൊക്കെ അവർ ചോദിക്കും. അത് അവരുടെ തലമുറയുടെ കാഴ്ചപ്പാടാണ്. നടിയാകണമെന്ന് ഞാൻ സ്വപ്നം കണ്ടിട്ടില്ല. നർത്തകിയാകണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ടുതന്നെ അഭിനയം നിർത്തിയപ്പോൾ എനിക്ക് സങ്കടം തോന്നിയിരുന്നില്ല,’ മേനക പറഞ്ഞു.
എന്നാൽ വർഷങ്ങൾക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല. സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തിയും നൽകിയ ക്ഷണമാണ് അതിന് വഴിയൊരുക്കിയത്. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് ഇരുവരും ഉറച്ച തീരുമാനവുമായി എത്തിയതോടെയാണ് അതിലേക് എത്തിയതെന്നും നടി പറഞ്ഞു.
‘ഇത്തവണ എന്നെ ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്ന് പറയാം. സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തിയും എന്റെ സുഹൃത്തുക്കളാണ്. ഒരിക്കൽ കണ്ടപ്പോൾ സഞ്ജീവ് പറഞ്ഞു, ‘ചേച്ചി അഭിനയിക്കണം.’ ഞാൻ ഒഴിഞ്ഞുമാറി. കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും വിളിച്ചു. ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും എനിക്ക് നല്ലൊരു കഥാപാത്രമുണ്ടെന്നും കഥ പറയാൻ വീട്ടിലേക്ക് വരുമെന്നും പറഞ്ഞു. ഞാൻ ശരിക്കും ഞെട്ടി. എന്റെ കഥാപാത്രമോ എന്ന് ചോദിച്ചപ്പോൾ, ‘ഞങ്ങൾ തീരുമാനിച്ചു. ഈ സിനിമയിൽ ചേച്ചിയുണ്ട്’ എന്നായിരുന്നു അവരുടെ മറുപടി,’ മേനക പറഞ്ഞു.
കഥ കേട്ടപ്പോൾ ഇഷ്ടമായെന്നും സിനിമയിൽനിന്ന് മാറിനിന്നശേഷം ആദ്യമായാണ് ഇത്രയും പ്രാധാന്യമുള്ള ഒരു മുഴുനീള കഥാപാത്രം ലഭിക്കുന്നതെന്നും മേനക പറയുന്നു. ഒരു മാസത്തെ ചിത്രീകരണത്തിനായി തൊടുപുഴയിലേക്ക് പോകേണ്ടിവരുമെന്നതായിരുന്നു മറ്റൊരു കാര്യം. എന്നാൽ കുടുംബത്തിന്റെ പിന്തുണയോടെ ആ ആശങ്കയും മാറി എന്നും താരം വ്യക്തമാക്കി.
മേനക. Photo. Facebook.com
‘എന്റെ അമ്മ ഇപ്പോൾ എനിക്കൊപ്പം തിരുവനന്തപുരത്തുണ്ട്. രേവതി പറഞ്ഞു, ‘അമ്മൂമ്മയെ ഞാൻ നോക്കിക്കോളാം. അമ്മ പോയി അഭിനയിക്ക്.’ സുരേഷേട്ടനും പറഞ്ഞു, ‘പപ്പി, നല്ല കഥാപാത്രമാണ്. നിനക്ക് പറ്റും.’ അങ്ങനെയാണ് ഞാൻ അഭിനയിക്കാൻ തീരുമാനിച്ചത്,’ മേനക പറഞ്ഞു.
Content Highlight: Actress Menaka says that the support of her daughters, Revathi and Keerthy, is behind her return to acting.