എൺപതുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്ന മുൻനിര നായികമാരിലൊരാളായിരുന്നു മേനക. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു നിർമ്മാതാവ് ജി. സുരേഷ് കുമാറുമായുള്ള വിവാഹവും അതിനുപിന്നാലെ അഭിനയരംഗത്തുനിന്നുള്ള അവരുടെ പിന്മാറ്റവും. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുന്നതിനു പിന്നിൽ ഭർത്താവിന്റെ നിർബന്ധമായിരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളെക്കുറിച്ചുള്ള ആനിയുടെ ചോദ്യത്തിന് ആനീസ് കിച്ചണിൽ മനസുതുറക്കുകയായിരുന്നു മേനക.
മേനക.photo.Facebook
‘എനിക്ക് എന്റെ ഭർത്താവിനെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നും കുട്ടികളുടെ കൂടെ സമയം ചിലവഴിക്കണമെന്നുമൊക്കെ എന്റെ ആഗ്രഹമായിരുന്നു. കാരണം, എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്ക് പോവുന്നവരായിരുന്നു. ഞാനും എന്റെ അനിയന്മാരുമൊക്കെ സ്കൂൾ കഴിഞ്ഞ് വരുമ്പോൾ വീട് പൂട്ടിയിട്ടു കിടക്കുന്നത് കാണുമ്പോൾ എപ്പോഴും സങ്കടം വരുമായിരുന്നു. എന്നിട്ട് അവർ വരുന്നതും നോക്കി കാത്തിരിക്കുമായിരുന്നു.
അതുകൊണ്ട്, ഞാൻ ഒരു അമ്മയെന്ന രീതിയിൽ മക്കൾക്ക് അങ്ങനെ സംഭവിക്കരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. മകളുടെ കൂടെ ഇരിക്കണമെന്നും അവൾക്ക് എന്റെ കൈകൊണ്ടുതന്നെ ആഹാരം കൊടുക്കണമെന്നുമൊക്കെ ആഗ്രഹമുണ്ടായിരുന്നു. ചിലരൊക്കെ മക്കളെ നോക്കാൻ ആയമാരെ വെച്ചിട്ട് അവരെക്കൊണ്ടൊക്കെ ഭക്ഷണം കൊടുപ്പിക്കുമായിരുന്നു. എനിക്ക് അത് ഇഷ്ടമല്ലായിരുന്നു. എനിക്ക് ഞാൻ തന്നെ കൈകൊണ്ട് കുഴച്ചു കൊടുക്കണം, സ്പൂൺ കൊണ്ട് പോലും കൊടുക്കുന്നത് ഇഷ്ടമല്ലായിരുന്നു. പിന്നെ മകൾക്ക് ആഹാരം കൊടുക്കുന്ന സമയത്ത് കയ്യിൽ നഖം വളർത്തുകയില്ല, കോട്ടൺ സാരിയേ ഉടുക്കുകയുള്ളൂ. കാരണം അവരെ നമ്മൾ എടുക്കുന്നതല്ലേ.
എന്നോടും പലരും ചോദിക്കുമായിരുന്നു, നിങ്ങൾ ഒരു സിനിമാനടിയല്ലേ, നഖം വളർത്തിക്കൂടെ, നെയിൽ പോളിഷ് ഇട്ടൂടെ എന്നൊക്കെ. അപ്പോൾ ഞാൻ, ഇല്ല, എനിക്ക് ഇഷ്ടമല്ല, ഞാൻ അവരുടെ അമ്മയാണ് എന്നൊക്കെയാണ് പറയാറുണ്ടായിരുന്നത്. അതൊക്കെ എന്റെയൊരു ആഗ്രഹമായിരുന്നു. സുരേഷേട്ടൻ എപ്പോഴും എന്നെ കളിയാക്കുമായിരുന്നു, കോഴിക്കുഞ്ഞുങ്ങളെ അടവെച്ചതുപോലെയാണ് എന്ന് പറഞ്ഞ്. പക്ഷെ ആ ജീവിതം ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു.
പിന്നീട് പിള്ളേരൊക്കെ വലുതായി അവരുടേതായ തിരക്കുകളിലേക്ക് പോയപ്പോൾ ഞാൻ ഒറ്റയ്ക്ക് ഒരു പണിയുമില്ലാതെ ഇരിക്കുന്നത് കാണുമ്പോൾ സുരേഷേട്ടൻ പറയുമായിരുന്നു, ഇനി വേണമെങ്കിൽ, നിനക്ക് ആഗ്രഹമുണ്ടെങ്കിൽ വീണ്ടും അഭിനയിക്കാൻ പൊയ്ക്കോളൂ എന്ന്. ഒരുപക്ഷെ നല്ല കഥാപാത്രങ്ങളും ക്രൂവും ഒത്തുവന്നാൽ തീർച്ചയായും അഭിനയിക്കും,’ മേനക പറഞ്ഞു.
മേനക കുടുംബത്തോടൊപ്പം.photo.Facebook