തിയേറ്ററുകളിൽ ചരിത്രവിജയം നേടിയ നിവിൻ പോളി ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഈ വർഷം ഇറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു. ഒരു ഫീൽ ഗുഡ് റോം കോം സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ കളക്ഷനും ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മൊറേലി സിസ്റ്റേഴ്സ് എന്ന പേരിൽ, നിവിൻ പോളി അവതരിപ്പിച്ച ജസ്റ്റിന്റെ കസിൻ കഥാപാത്രമായുള്ള മീനാക്ഷി രവീന്ദ്രന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018ൽ ഇറങ്ങിയ ‘തട്ടിൻ പുറത്ത് അച്യുതൻ’ എന്ന സിനിമയിലൂടെയാണ് മീനാക്ഷി സിനിമയിലേക്കെത്തുന്നത്. നടിയായും അവതാരകയായും താരം ഇപ്പോൾ ശ്രദ്ധേയമാണ്.
ഇപ്പോഴിതാ സിനിമയിൽ കഥാപാത്രത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതാണ് തനിക്ക് പ്രധാനമെന്നും വേഷത്തിന്റെ ദൈർഘ്യം ഒരു പ്രശ്നമല്ലെന്നും പറയുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. ‘പ്രേമലു’വിന് ശേഷം സമാനമായ കഥാപാത്രങ്ങൾ ചെയ്യരുതെന്ന് പലരും ഉപദേശിച്ചിരുന്നെങ്കിലും അത്തരം അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും താരം പറയുന്നു. കരിയറിന്റെ ഒരു ഘട്ടത്തിൽ ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നതിൽ തെറ്റില്ലെന്നും സിനിമയിൽ എത്രത്തോളം പ്രസക്തമായി തുടരാൻ കഴിയുന്നു എന്നതാണ് പ്രധാനമെന്നും മീനാക്ഷി വ്യക്തമാക്കി.
മീനാക്ഷി,ബെത്ലഹേം കുടുംബ യൂണിറ്റ്. Photo. Screen grab/ Youtube
‘സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിൽ എനിക്ക് ചെയ്യാൻ ഇഷ്ടമാണ്. ഫ്രണ്ട് എന്ന കഥാപാത്രമാണെങ്കിൽ പോലും വെറുമൊരു സുഹൃത്ത് എന്ന നിലയിൽ ഒതുങ്ങാതെ പ്രാധാന്യമുള്ള വേഷമാണെങ്കിൽ എനിക്ക് സന്തോഷമാണ്. കഥാപാത്രത്തിന്റെ ദൈർഘ്യം എനിക്ക് പ്രശ്നമല്ല. കരിയറിന്റെ ഒരു ഘട്ടം വരെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിലും കുഴപ്പമില്ലെന്നാണ് ഞാൻ കരുതുന്നത്. അതിലൂടെ എങ്കിലും തുടർച്ചയായി ജോലി ലഭിക്കുന്നുണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്.
നമുക്ക് ഒറ്റയ്ക്ക് സിനിമകൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലെത്തി എന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നില്ല. ഒരു സ്ക്രിപ്റ്റ് വരുമ്പോൾ ‘ഇത് എനിക്ക് ഇഷ്ടമായില്ല’ എന്ന് പറഞ്ഞ് ഒഴിവാക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് ഞാൻ എത്തിയിട്ടുണ്ടെന്ന് തോന്നുന്നില്ല,’ മീനാക്ഷി പറഞ്ഞു.
‘പ്രേമലു’വിന്റെ വിജയത്തിനുശേഷം സമാനമായ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ചിലർ ഉപദേശിച്ചിരുന്നതായി മീനാക്ഷി പറയുന്നു. എന്നാൽ കഥാപാത്രങ്ങൾ ഒരേ സ്വഭാവത്തിലുള്ളതാണെന്ന കാരണത്താൽ അവ ഒഴിവാക്കേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും താരം വ്യക്തമാക്കി.
‘പ്രേമലു കഴിഞ്ഞിട്ട് ഒരുപാട് പേർ എന്നോട് പറഞ്ഞിട്ടുണ്ട്, ഇനി ഇങ്ങനെയുള്ള റോളുകളായിരിക്കും കൂടുതൽ വരിക, അതുകൊണ്ട് ചെയ്യരുതെന്ന്. പക്ഷേ, അതിലൊന്നും കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഇങ്ങനെയുള്ള കഥാപാത്രങ്ങളാണ് വരുന്നതെങ്കിലും എനിക്ക് ചെയ്യാൻ താത്പര്യമാണ്,’ നടി പറഞ്ഞു.
ഒരു ഘട്ടത്തിൽ കോമഡി കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന പല നടന്മാർക്കും പിന്നീട് മികച്ച ഗൗരവമുള്ള വേഷങ്ങൾ ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ഓരോ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുമ്പോഴും അഭിനേതാക്കൾ പുതിയ കാര്യങ്ങൾ പഠിക്കുകയും അഭിനയത്തിൽ മെച്ചപ്പെടുകയും ചെയ്യുന്നുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും താരം കൂട്ടിച്ചേർത്തു.
‘സുരാജേട്ടനെ നോക്കുകയാണെങ്കിൽ ഒരു സമയം വരെ അദ്ദേഹം കോമഡി സിനിമകളാണ് കൂടുതലും ചെയ്തിരുന്നത്. കരിയറിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇപ്പോൾ ലഭിക്കുന്നതുപോലെയുള്ള നല്ല കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കാൻ തുടങ്ങി. അതിൽനിന്ന് അദ്ദേഹവും പല കാര്യങ്ങളും പഠിക്കുന്നുണ്ട്. സീരിയസ് റോളുകൾ ചെയ്യുമ്പോൾ എന്തൊക്കെ മെച്ചപ്പെടുത്തണം, എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നൊക്കെ അഭിനേതാക്കൾ പഠിക്കുകയാണ്,’ മീനാക്ഷി പറഞ്ഞു.
മീനാക്ഷി, Photo. Screen grab/ Youtube
കോമഡി കഥാപാത്രമാണോ ഗൗരവമുള്ള വേഷമാണോ എന്നതിലല്ല, സിനിമയിൽ എത്രത്തോളം പ്രസക്തമായി തുടരാൻ കഴിയുന്നു എന്നതിലാണ് കാര്യമെന്നും മീനാക്ഷി കൂട്ടിച്ചേർത്തു.
Content Highlight: Actress Meenakshi Raveendran states that what matters most to her is the significance of a character within a film, and that the length of the role is not an issue