| Thursday, 15th October 2026, 5:00 pm

പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ വീടുവിട്ടുപോകണമെന്ന് തീരുമാനിച്ചു; സ്വഭാവരൂപീകരണത്തിന് ഇൻഡിപെൻഡൻസ് വലിയൊരു ഘടകമാണ്; മീനാക്ഷി രവീന്ദ്രൻ

അജ്മല്‍ കെ

ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അനുഭവത്തിന് വലിയ പങ്കുണ്ടെന്ന് നടി മീനാക്ഷി രവീന്ദ്രൻ. സാമ്പത്തികമായി സ്വതന്ത്രരാകുക എന്നതിലുപരി, മാതാപിതാക്കളുടെ തണലിൽനിന്ന് മാറിനിന്ന് സ്വന്തം തീരുമാനങ്ങൾ എടുക്കാനും തെറ്റുകളിൽനിന്ന് പഠിക്കാനും കഴിയുന്നതാണ് യഥാർഥ സ്വാതന്ത്ര്യമെന്നും മീനാക്ഷി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽനിന്ന് മാറിനിൽക്കണമെന്ന് തീരുമാനിച്ചതിനെക്കുറിച്ചും താരം പറയുന്നു.

നമ്മുടെ സമൂഹത്തിൽ പ്രായം എത്ര കഴിഞ്ഞാലും മാതാപിതാക്കളുടെ സംരക്ഷണത്തിൽ തുടരുന്നവരുണ്ട്. എന്നാൽ ഒരു ഘട്ടമെത്തുമ്പോൾ സ്വന്തം ജീവിതം സ്വയം കൈകാര്യം ചെയ്യാൻ പഠിക്കേണ്ടതുണ്ടെന്നാണ് മീനാക്ഷി പറയുന്നത്. വീട്ടിൽനിന്ന് മാറിനിൽക്കുന്നത് മാതാപിതാക്കളോടുള്ള സ്നേഹം കുറയുന്നതുകൊണ്ടല്ലെന്നും സ്വന്തം ഇഷ്ടങ്ങൾക്കും തീരുമാനങ്ങൾക്കും ഇടം നൽകുന്നതിനാണെന്നും താരം വ്യക്തമാക്കുന്നു.

മീനാക്ഷി രവീന്ദ്രൻ.Photo. Faceboook.com

‘എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും വീട്ടിലെ കുട്ടിയാണ്. അവർക്ക് ജീവനാണ് ഞാൻ. വീട്ടിൽ ചെന്നാൽ എന്നെ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് എനിക്കറിയാം. പക്ഷേ, പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽനിന്ന് മാറിനിൽക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതുകൊണ്ട് എനിക്ക് അച്ഛനെയും അമ്മയെയും ഇഷ്ടമല്ല എന്നല്ല. എനിക്ക് റീചാർജ് ആവണമെങ്കിൽ ഞാൻ തിരിച്ചുപോകുന്നത് എന്റെ വീട്ടിലേക്കുതന്നെയാണ്,’ മീനാക്ഷി പറഞ്ഞു.

മാതാപിതാക്കൾ മക്കളെക്കുറിച്ച് ആശങ്കപ്പെടുന്നതിന് പ്രധാന കാരണം അവർ തെറ്റുകൾ വരുത്തുമോ എന്ന പേടിയാണെന്നും മീനാക്ഷി ചൂണ്ടിക്കാട്ടുന്നു. എന്നാൽ സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്തുകയും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരാൾ കൂടുതൽ പക്വതയുള്ള വ്യക്തിയായി മാറുന്നത് എന്നും നടി പറഞ്ഞു.

‘നമ്മൾ മാതാപിതാക്കളുടെ തണലിൽനിന്ന് മാറിനിൽക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കും. തെറ്റുകൾ സംഭവിക്കുമെന്ന പേടി പൊതുവെ മാതാപിതാക്കൾക്കുണ്ടാകും. തെറ്റുകൾ സംഭവിക്കും, പക്ഷേ ഒരു വ്യക്തിയെന്ന നിലയിൽ നമ്മൾ തന്നെ അത് തിരുത്തി പുതിയ കാര്യങ്ങൾ പഠിച്ച് മെച്ചപ്പെടുകയല്ലേ ചെയ്യുന്നത്,’ മീനാക്ഷി പറഞ്ഞു.

പഠിക്കുക, പഠിച്ച കാര്യങ്ങളിൽ ചിലത് തിരുത്തുക, പുതിയ അറിവുകൾ നേടുക എന്ന പ്രക്രിയയിൽ വിശ്വസിക്കുന്നയാളാണ് താനെന്നും താരം പറയുന്നു. ചെറുപ്പത്തിൽ വീട്ടിൽനിന്ന് പഠിച്ച എല്ലാ കാര്യങ്ങളും ശരിയാണെന്ന് കരുതേണ്ടതില്ലെന്നും അതേസമയം അവയെല്ലാം തെറ്റാണെന്ന് വിധിക്കേണ്ടതില്ലെന്നും മീനാക്ഷി വ്യക്തമാക്കുന്നു. സ്വന്തമായി ജീവിക്കുമ്പോൾ പുതിയ സുഹൃത്തുക്കളെയും വ്യത്യസ്ത ചിന്താഗതിയുള്ള ആളുകളെയും പരിചയപ്പെടാൻ അവസരം ലഭിക്കും. അത്തരം അനുഭവങ്ങൾ സ്വന്തം കാഴ്ചപ്പാടുകൾ വികസിപ്പിക്കാൻ സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

‘ലേണിങ്, അൺലേണിങ്, റീലേണിങ് എന്ന ആശയത്തിൽ ഞാൻ ഒരുപാട് വിശ്വസിക്കുന്നുണ്ട്. നമ്മൾ വീട്ടിൽനിന്ന് പഠിച്ചുവന്ന എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. അതുപോലെ എല്ലാം തെറ്റാകണമെന്നും ഇല്ല. ഒറ്റയ്ക്ക് മാറിനിൽക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും. അതുകൊണ്ടുതന്നെ നമ്മുടെ സ്വഭാവരൂപീകരണത്തിൽ ഇൻഡിപെൻഡൻസ് വലിയൊരു ഘടകമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ മീനാക്ഷി രവീന്ദ്രൻ പറഞ്ഞു.

Content Highlight: Actress Meenakshi Raveendran states that the experience of living independently plays a significant role in shaping an individual’s character

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more