| Saturday, 7th March 2026, 1:47 pm

അവരോടൊപ്പമാകുമ്പോൾ കൂടുതൽ ഹാർഡ് വർക്ക് ചെയ്യണം; അഭിനയത്തേക്കാൾ ഇഷ്ടം ഡാൻസിനോട്: മീന

നന്ദന എം.സി

മലയാളികളുടെ പ്രിയ താരമാണ് മീന. ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന താരം ഇന്നും നായികയായി സിനിമ ഇൻഡസ്ട്രിയിൽ സജീവമാണ്. ഇപ്പോഴിതാ താരം ആദ്യമായി അഭിനയിച്ച വെബ് സീരീസ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ച് മികച്ച അഭിപ്രായം നേടുകയാണ്. ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ എന്ന മലയാളം വെബ് സീരീസിലൂടെയാണ് മീനയുടെ ഡിജിറ്റൽ അരങ്ങേറ്റം.

അഭിനയവും തന്റെ പാഷനായ നൃത്തവും ഒരുപോലെ കൊണ്ടുപോകുന്ന താരമാണ് മീന. തനിക്ക് അഭിനയത്തേക്കാൾ ഇഷ്ടം ഡാൻസ് കളിക്കാനാണെന്നും എന്നാൽ നടന്മാരായ പ്രഭുദേവയോടൊപ്പവും ചിരഞ്ജീവിയോടൊപ്പവും തനിക്ക് ഡാൻസ് കളിക്കുമ്പോൾ ബുദ്ധിമുട്ടാണെന്നും അവരുടെ കൂടെ ചെയ്യുമ്പോൾ കൂടുതൽ ഹാർഡ് വർക്ക് ചെയ്യേണ്ടി വരുമെന്നും പറയുകയാണ് താരം. രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീന.

പ്രഭുദേവ, മീന, Photo: YouTube/ Screengrab

ചെറുപ്പത്തിൽ തന്നെ വെസ്റ്റേൺ ഡാൻസും ഭരതനാട്ട്യം പഠിച്ചിട്ടുണ്ട്. ഞാൻ ഡാൻസ് ചെയ്യുന്നത് ഏറെ ആസ്വദിക്കുന്ന ഒരാളാണ്. ഡാൻസ് എന്നത് എനിക്ക് ഒരു വലിയ പാഷനാണ്. സീനുകൾ ചെയ്യുന്നതിനേക്കാൾ ഡാൻസ് ചെയ്യുമ്പോഴാണ് എനിക്ക് കൂടുതൽ സന്തോഷവും ആവേശവും അനുഭവപ്പെടുന്നത്. എനിക്ക് ഡാൻസ് വളരെ ഇഷ്ടമാണ്.

എന്നാൽ ചിലപ്പോഴൊക്കെ ചില പാട്ടുകളിലും ചില നടന്മാരോടൊപ്പം ഡാൻസ് ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നാറുണ്ട്. പ്രത്യേകിച്ച് പ്രഭുദേവ മാസ്റ്ററോടും ചിരഞ്ജീവിയോടും കൂടെ ഡാൻസ് ചെയ്യുന്നത് കുറച്ച് ടഫ് ആണ്. ഇവരോടൊപ്പം ഡാൻസ് ചെയ്യുമ്പോൾ കൂടുതൽ പരിശ്രമിക്കേണ്ടി വരും. അതുകൊണ്ടുതന്നെ അവരുടെ കൂടെ പ്രവർത്തിക്കുമ്പോൾ ഞാൻ നന്നായി ഹാർഡ് വർക്ക് ചെയ്യണം. ഇവരെ ഒഴിച്ചാൽ മറ്റെല്ലാവരോടും കൂടെ ഡാൻസ് ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല,’ മീന പറഞ്ഞു.

മീന, ചിരഞ്ജീവി Photo: YouTube/ Screengrab

ജിയോ ഹോട്ട്സ്റ്റാറിൻ്റെ ഒർജിനൽ സ്റ്റോറീസിലൊന്നാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’. മീനയ്‌ക്കൊപ്പം വിനീത്, ഹക്കീം ഷാ, സഞ്ജന ദീപു എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ വികാരങ്ങളിലും മറഞ്ഞിരിക്കുന്ന സത്യങ്ങളിലും വേരൂന്നിയ തനതായ കഥകൾ പറയുന്ന ഒരു ആന്തോളജി പരമ്പരയുടെ ഭാഗമാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’.

മൂഡ്-ഡ്രൈവൺ സ്റ്റോറിടെല്ലിങ്ങിൽ മുമ്പ് പ്രശംസ നേടിയിട്ടുള്ള സംവിധായകൻ സുമേഷ് നന്ദകുമാറാണ് സീരീസ് ഒരുക്കുന്നത്. പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ വിനായക് ശശികുമാറാണ് ഈ വെബ് സീരീസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിൽ വിനായകിന്റെ ആദ്യ ചുവടുവെപ്പാണ് ഈ പ്രൊജക്റ്റ്.

Content Highlight: Actress Meena talks about Chiranjeevi and Prabhu Deva

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more