| Monday, 23rd February 2026, 3:00 pm

തെലുങ്ക് സിനിമകൾ ചെയ്യുമ്പോൾ ഞാൻ ഓവർ ആയി അഭിനയിക്കും, അതാണവർക്ക് വേണ്ടത്: മീന

നന്ദന എം.സി

മലയാളികളുടെ പ്രിയ താരമാണ് മീന. ബാലതാരമായി സിനിമയിലേക്ക് കടന്നു വന്ന താരം ഇന്നും നായികയായി സിനിമ ഇൻഡസ്ട്രിയിൽ സജീവമാണ്. ഇപ്പോഴിതാ താരം ആദ്യമായി അഭിനയിച്ച വെബ് സീരീസ് ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’എന്ന മലയാളം വെബ് സീരീസിലൂടെയാണ് മീനയുടെ ഡിജിറ്റൽ അരങ്ങേറ്റം.

തനിക്കെന്നും മലയാളം ഇൻഡസ്ട്രി തന്നെയാണ് പ്രിയമെന്നും മറ്റു ഭാഷകളിലെ അഭിനയം പോലെയല്ല മലയാള സിനിമയെന്നും പറയുകയാണ് മീന. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

മീന. Photo: IMDb

‘ഒരു നടി എന്ന നിലയിൽ എന്റെ വളർച്ചയ്ക്ക് ഏറ്റവും സഹായിച്ച ഒരു ഇൻഡസ്ട്രി അത് മലയാളമാണ്. കാരണം മലയാളത്തിൽ ഒരു ഡിഫറന്റ് ആയിട്ടുള്ള ആക്ടിങ് ആണ്. തമിഴിലും തെലുങ്കിലും ഞാൻ അഭിനയിക്കുമ്പോൾ. ഞാൻ എന്ത് ചെയ്താലും അവിടെ ഒക്കെയാണ്.

കുറച്ചുകൂടി ഇനിയും വേണം, കുറച്ചുകൂടി ലൗഡ് ആയിട്ട് വേണം എന്നാണ് അവർ പറയുക. തെലുങ്ക് ചെയ്യുമ്പോൾ ചില ക്യാരക്ടേഴ്സ് ഞാൻ ഓവർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അത് അവിടെ ഒക്കെയാണ് അവർ സ്വീകരിക്കുകയും നമ്മളെ അപ്രിഷിയേറ്റ് ചെയ്യുകയും ചെയ്യും. അതാണ് അവർക്ക് വേണ്ടത്.

മീന. Photo: IMDb

ആ സ്ഥാനത്ത് മലയാളത്തിലേക്ക് വരുമ്പോൾ നമ്മൾ അഭിനയിക്കുകയാണ് പക്ഷെ അഭിനയിക്കുകയല്ല അങ്ങനെയാണ് മലയാളം സിനിമ. തുടക്കകാലങ്ങളിൽ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ആദ്യ സിനിമയിൽ ഞാൻ വളരെ ഓവർ ആയി സീനുകൾ ചെയ്യുമ്പോൾ സിബി മലയിൽ സാർ പറയും അത്രയും വേണ്ട, നോർമലി പറഞ്ഞാൽ മതിയെന്ന്. പഠിക്കുന്ന പോലെ പറഞ്ഞാൽ മതിയെന്ന്. അങ്ങനെ പറഞ്ഞാൽ ഇമോഷൻസ് റെഡി ആകുമോ എന്ന ഞാൻ ചോദിക്കുമായിരുന്നു,’ മീന പറഞ്ഞു.

ജിയോ ഹോട്ട്സ്റ്റാറിന്റെ ഒർജിനൽ സ്റ്റോറീസിലൊന്നാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’. മീനയ്‌ക്കൊപ്പം വിനീത്, ഹക്കീം ഷാ, സഞ്ജന ദീപു എന്നിവരും ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ വികാരങ്ങളിലും മറഞ്ഞിരിക്കുന്ന സത്യങ്ങളിലും വേരൂന്നിയ തനതായ കഥകൾ പറയുന്ന ഒരു ആന്തോളജി പരമ്പരയുടെ ഭാഗമാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’.

മൂഡ്-ഡ്രൈവൺ സ്റ്റോറിടെല്ലിങ്ങിൽ മുമ്പ് പ്രശംസ നേടിയിട്ടുള്ള സംവിധായകൻ സുമേഷ് നന്ദകുമാറാണ് സീരീസ് ഒരുക്കുന്നത്. പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ വിനായക് ശശികുമാറാണ് ഈ വെബ് സീരീസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എന്ന നിലയിൽ വിനായകിന്റെ ആദ്യ ചുവടുവെപ്പാണ് ഈ പ്രൊജക്റ്റ്.

Content Highlight: Actress Meena says she will act as an overachiever when doing Telugu films

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more