| Monday, 14th September 2026, 8:21 am

മമിതക്ക് നല്ലോണം കൊടുത്തു ഞാൻ, തല്ലുന്ന രംഗം അഞ്ച്-ആറ് റീടേക്ക് എടുത്തിട്ടുണ്ട്; മഞ്ജുശ്രീ നായർ

അജ്മല്‍ കെ

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിൽ മമിത അവതരിപ്പിച്ച ആഷ്‌ലിയുടെ അമ്മയായ ബിജി എന്ന കഥാപാത്രത്തെയാണ് മഞ്ജുശ്രീ നായർ അവതരിപ്പിച്ചത്. ചിത്രത്തിലെ കർകശക്കാരിയായ അമ്മയുടെ വേഷം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയതോടെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഇപ്പോഴിതാ ചിത്രത്തിൽ മമിതയെ തല്ലുന്ന രംഗങ്ങൾ ചിത്രീകരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് നടി മഞ്ജുശ്രീ.

‘മമിതയ്ക്ക് നല്ലോണം കൊടുത്തു ഞാൻ. പക്ഷേ ആദ്യ തവണ തല്ലുമ്പോൾ ഒന്നും തല്ലൊന്നും ശരിയാകുന്നില്ല എന്നാണ് ഗിരീഷ് പറഞ്ഞത്. എന്റെ മനസിൽ ഞാൻ ശക്തിയായി അടിക്കുന്നുണ്ട്. പക്ഷേ അത് വിഷ്വലിൽ വരുമ്പോൾ ആ അടിയുടെ ഒരു പവർ ശരിയാകുന്നില്ല എന്നാണ് ഗിരീഷിന് ഫീൽ ചെയ്തത്, ‘മഞ്ജുശ്രീ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube

ഈ രംഗം സാധാരണ ഒരു ഡയലോഗ് സീൻ പോലെ ചിത്രീകരിച്ചതല്ല. ആഷ്‌ലിയെ വിളിക്കുകയും ഡയറി തിരയുകയും അവളെ പിന്തുടർന്ന് ഓടുകയും ഒടുവിൽ തല്ലുകയും ചെയ്യുന്ന രംഗം ഒരേ തുടർച്ചയായ ഷോട്ടായാണ് ചിത്രീകരിച്ചത്. വൈഡിൽ തുടങ്ങി ഓടിയെത്തി തല്ലുന്നതുവരെ ഷോട്ട് കട്ട് ചെയ്യാതെ പോകേണ്ടതായിരുന്നുവെന്നും മഞ്ജുശ്രീ പറഞ്ഞു.

‘ആ സീൻ തുടങ്ങുന്നത് മുതൽ അലനെ വിളിച്ച് ഞാൻ ഡയറി തപ്പുന്നു, അവനെ വിളിക്കുന്നു, മമിതയെ ഓടിക്കുന്നു. ഇതുതന്നെ ഒരു കണ്ടിന്യൂ ഷോർട്ട് ആയിരുന്നു. അത് കട്ട് ചെയ്തിട്ടില്ല. വൈഡിൽ അതേ ഷോട്ട് പോണം, അറ്റം വരെ ഓടിച്ച് തല്ലുന്നത് വരെ. അപ്പോൾ നമ്മൾ അതേസമയം അഞ്ച്-ആറ് റീടേക്ക് എടുത്തു. കാരണം എന്താണെന്ന് വെച്ചാൽ ആ അടി ശരിയാകുന്നുണ്ടായിരുന്നില്ല എനിക്ക്,’ മഞ്ജുശ്രീ പറഞ്ഞു.

അവസാനം ഗിരീഷ് തന്നെ ഡയറി എടുത്ത് വന്ന് എങ്ങനെ അടിക്കണമെന്ന് കാണിച്ചു തന്നതോടെയാണ് വേണ്ട പവർ മനസിലായത്. മമിതയും തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും വേദനിക്കില്ലെന്നും പറഞ്ഞ് രംഗം ചെയ്യാൻ സഹായിച്ചെന്നും മഞ്ജുശ്രീ വ്യക്തമാക്കി.

‘അവസാനം ഗിരീഷ് ഡയറി എടുത്ത് വന്ന് എന്നെ തല്ലി, ‘ദേ ഇങ്ങനെ’ എന്ന് പറഞ്ഞിട്ട്. ആ ഫോഴ്‌സിൽ എന്നോട് അടിക്കാൻ ആണ് പറയുന്നത്. ‘ചേച്ചി അങ്ങോട്ട് തല്ല് അവളെ’ എന്നാണ് പറഞ്ഞത്. പിന്നെ മമിതയും പറഞ്ഞു, ‘ചേച്ചി തല്ലിക്കൊ, ഒന്നും നോക്കേണ്ട, എനിക്ക്  വേദനിക്കുകയില്ല’ എന്ന്. പക്ഷേ അത് അറിയാതെ നമ്മുടെ ഉള്ളിൽ നിന്നും സംഭവിക്കുന്നതായിരിക്കാം. അടിക്കുന്നുണ്ട്, പക്ഷേ ആ ഫോഴ്‌സ് പോരായിരുന്നു,’ മഞ്ജുശ്രീ പറഞ്ഞു.

അടി ശരിയാക്കുന്നതിനൊപ്പം ഓട്ടവും ഡയലോഗും എല്ലാം ഒരുമിച്ച് കൃത്യമായി ചെയ്യേണ്ടി വന്നതോടെ രംഗം വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വന്നെന്നും മഞ്ജുശ്രീ കൂട്ടിച്ചേർത്തു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

‘ഗിരീഷ് പറഞ്ഞു ഇത് അഭിനയിച്ചാലേ അടുത്ത ഷോട്ടിലേക്ക് പോകാൻ പറ്റുകയുള്ളൂ എന്ന്. പിന്നെ നമ്മൾ ഇതൊക്കെ ശരിയാക്കി വരുമ്പോൾ ഒന്നുകിൽ എന്റെ മകനായിട്ട് അഭിനയിച്ച അലൻ കുട്ടൻ എന്തെങ്കിലും ഒപ്പിക്കും. അങ്ങനെ കുറേ ഇഷ്യൂകൾ കൊണ്ട് അത് പിന്നെയും പിന്നെയും എടുക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ മൊത്തത്തിൽ ഡയറിയുമായിട്ട് ഞങ്ങൾ കുറെ ഓടിയിട്ടുണ്ട്. ഞാൻ അടിക്കുന്നുണ്ട്, പക്ഷേ ഗിരീഷിന് അത് തൃപ്തിയാകുന്നില്ല. സാധാരണ പറയുന്ന പോലെ ഡയലോഗ് മാത്രം പറയുകയല്ലല്ലോ, ഒരു ഓട്ടം കൂടിയുണ്ട്. സത്യം പറഞ്ഞാൽ അതിനുവേണ്ടി നന്നായി പണിയെടുത്തിട്ടുണ്ട്,’ മഞ്ജുശ്രീ പറഞ്ഞു.

Content Highlight: Actress manjusree talks about Mamitha baiju acting

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more