| Wednesday, 3rd December 2025, 11:32 am

വിവാഹശേഷമുള്ള ഇടവേളയും തിരിച്ചുവരവും സ്വീകാര്യതയും; ഇക്വേഷന്‍സ് മാറുകയാണെന്ന് മഞ്ജു വാര്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊതുധാരണകളെല്ലാം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അതുകൊണ്ടുതന്നെയാണ് വിവാഹത്തിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് സിനിമയിലേക്ക് മടങ്ങി വരാന്‍ സാധിച്ചതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പറയുകയാണ് നടി മഞ്ജു വാര്യര്‍. കൊച്ചിയില്‍ നടന്ന ഹോര്‍ത്തൂസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.

മഞ്ജു വാര്യര്‍ Photo: screen grab/ manorama online/ youtube.com

പണ്ടത്തെ കാലത്ത് സിനിമയില്‍ വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് സ്ഥാനമില്ലായിരുന്നുവെന്നും എന്നാല്‍ ഇന്ന് അവസ്ഥ മാറിയില്ലേ എന്നുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘ തീര്‍ച്ചയായും, ഇക്വേഷന്‍സെല്ലാം മാറികൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിക്കുന്നത് ഞാന്‍ എന്റെ ഭാഗ്യമായിട്ട് കാണുന്നുണ്ട്. സിനിമയില്‍ മാത്രമല്ല ഈ മാറ്റം വരുന്നത്. സമൂഹത്തിലെ എല്ലാ മേഖലയിലും ഈ മാറ്റം പ്രകടമാണ്. എല്ലാത്തിനെക്കുറിച്ചും വ്യക്തമായ നിലപാടുകളും കാഴ്ച്ചപ്പാടുകളുമുള്ള മിടുക്കികളായ സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. ഇതിന്റെ പ്രതിഫലനമാണ് സിനിമയിലും കാണുന്നത്’ മഞ്ജു പറഞ്ഞു.

മഞ്ജു വാര്യര്‍. Photo: Zoom tv

സമീപകാലത്ത് ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം, ആവേശം തുടങ്ങിയ ചിത്രങ്ങളിലൊന്നും സ്ത്രീപ്രാധിനിത്യമില്ലെന്ന വൈരുദ്ധ്യം എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന അവതാരകന്റെ ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടിയും ശ്രദ്ധേയമായി.

‘എന്റെ കാഴ്ച്ചപ്പാടില്‍ സിനിമയുടെ പ്രാഥമിക ലക്ഷ്യം എന്റര്‍ടെയിന്‍മെന്റാണ്. വുമണ്‍ എംപവര്‍മെന്റിനുള്ള ടൂളായി സിനിമയെ മാറ്റുമ്പോളാണ് നമുക്ക് സ്‌ട്രെസ്സ് വരുന്നത്. ഞാനിതു വരെ മനസ്സിലാക്കിയതു വെച്ച് ഒരു സിനിമയുടെ തിരക്കഥക്ക് വളരെ ഓര്‍ഗാനിക്ക് ആയി ആവശ്യം വരുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് അവര്‍ രൂപപ്പെടുത്തുന്നതും അതിനു വേണ്ട ആര്‍ട്ടിസ്റ്റുകളെ വിളിക്കുന്നതും.

സ്വാഭാവികമായും മേല്‍പറഞ്ഞ സിനിമകളുടെ തിരക്കഥ ഒരു സ്ത്രീ കഥാപാത്രം ആവശ്യപ്പെടുന്നില്ല. ഫോഴ്‌സ് ചെയ്ത് ഒരു സ്ത്രീ കഥാപാത്രത്തെ കുത്തികയറ്റിയാല്‍ ചിത്രത്തിന്റെ ഭംഗി നഷ്ടപ്പെടും. എല്ലാത്തിനെയും ഒരു ആണ്‍-പെണ്‍ മുന്‍ വിധിയോടെ സ്വീകരിക്കേണ്ടതുണ്ടോ എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. കാരണം എപ്പോഴും സിനിമയുടെ വിജയത്തെ തീരുമാനിക്കുന്ന ഫാക്ടര്‍ തിരക്കഥയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’ താരം പറഞ്ഞു.

മഞ്ജു വാര്യര്‍. Photo: How old are you/ Theatrical poster

മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം ആണ് മഞ്ജുവിന്റെ ആദ്യ ചിത്രം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം 2014 ല്‍ പുറത്തിറങ്ങിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിലൂടെയാണ് സിനിമയില്‍ തിരിച്ചെത്തിയത്.

Content Highlight: Actress manju warrier talks about woman empowerment in cinema and her comeback to cinema

We use cookies to give you the best possible experience. Learn more