| Saturday, 15th August 2026, 8:00 am

പ്രേമലുവിന് ശേഷമുള്ള എന്റെ മലയാള സിനിമ, വീണ്ടും ലാൻഡ് ചെയ്തത് ഗിരീഷേട്ടന്റെ സെറ്റിൽ’: ബത്‌ലഹേം കുടുംബ യൂണിറ്റ് അനുഭവം പങ്കുവെച്ച് മമിത ബൈജു

അജ്മല്‍ കെ

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’യിലൂടെ ശ്രദ്ധേയയായ നടിയാണ് മമിത ബൈജു. പിന്നീട് ഗിരീഷ് തന്നെ സംവിധാനം ചെയ്ത ‘പ്രേമലു’യിലൂടെ മമിതയുടെ താരമൂല്യം പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർന്നു. ചിത്രത്തിലെ റീനു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു പല ഇൻഡസ്ട്രി ഇടങ്ങളിലും മമിതയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു.

‘പ്രേമലു’ക്ക് ശേഷം തമിഴിൽ നിരവധി അവസരങ്ങൾ ലഭിച്ച മമിത, ഡ്യൂഡ്’, ജന നായകൻ, വിശ്വനാഥ് & സൺസ് തുടങ്ങിയ ചിത്രങ്ങളിൽ തമിഴ് സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ലൂടെ വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് താരം.

‘സൂപ്പർ ശരണ്യ’യിലും ‘പ്രേമലു’വിലും നിന്ന് വ്യത്യസ്തമായി ആഷ്‌ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമിത അവതരിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളെ കുറിച്ച സംസാരിക്കുകയാണ് ഇപ്പോൾ താരം. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

മമിത ബൈജു .Photo. Screengrab/ Youtube

‘പ്രേമലു’ക്ക് ശേഷം ഒരു വർഷത്തോളം നാട്ടിൽ നിൽക്കാതെ ചെന്നൈയിലും ഹൈദരാബാദിലുമൊക്കെയായി ഷൂട്ടിങ്ങുകളുടെ തിരക്കിലായിരുന്നുവെന്ന് മമിത ബൈജു പറയുന്നു, അതിനുശേഷം ഒരു ടെൻഷനോ പേടിയോ ഇല്ലാതെ തിരിച്ചെത്താൻ കഴിഞ്ഞത് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ സെറ്റിലേക്കായിരുന്നുവെന്നും മമിത കൂട്ടിച്ചേർത്തു. വീട്ടിലേക്ക് തിരിച്ചെത്തിയ പോലെയുള്ള സുരക്ഷിതത്വവും കംഫർട്ടും തോന്നിയ സെറ്റായിരുന്നു ചിത്രത്തിന്റേതെന്നും താരം വ്യക്തമാക്കി.

‘നമ്മൾ വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ എങ്ങനെയാണോ തോന്നുന്നത്, അത്രയും സേഫായും കംഫർട്ടായും ചെയ്യാൻ കഴിയുന്ന ഒരു സെറ്റായിരുന്നു ഇത്. പ്രേമലു കഴിഞ്ഞ് ഒരു വർഷത്തോളം ഞാൻ നാട്ടിൽ നിൽക്കാതെയാണ് പോയിക്കൊണ്ടിരുന്നത്. ചെന്നൈ, ഹൈദരാബാദ് അങ്ങനെയൊക്കെയായിരുന്നു ഷൂട്ടിങ്. തിരിച്ചുവന്നപ്പോൾ ഒരു ടെൻഷനും പേടിയുമില്ലാതെ നേരെ ലാൻഡ് ചെയ്തത് ഗിരീഷേട്ടന്റെ സെറ്റിലായിരുന്നു,’ മമിത പറഞ്ഞു.

സിനിമയിലും ഓഫ് സ്ക്രീനിലും നിവിൻ പോളി ഒരുപോലെയാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിലെ കംഫർട്ടിനെക്കുറിച്ചും മമിത പറഞ്ഞു. നിവിനൊപ്പമുള്ള തന്റെ രണ്ടാമത്തെ ചിത്രമാണ് ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’. ചിത്രത്തിലെ മറ്റ് താരങ്ങളെയും നേരത്തെ പരിചയമുള്ളവരായതിനാൽ സെറ്റ് കൂടുതൽ കംഫർട്ടബിളായിരുന്നുവെന്നും താരം പറയുന്നു.

അതേസമയം, ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ അഭിനയിക്കുക എന്നത് ഏറെ ആഗ്രഹിച്ചിരുന്ന കാര്യമാണെന്നും മമിത വ്യക്തമാക്കി. ഗിരീഷിനൊപ്പമുള്ള മുൻ ചിത്രമായ ‘സൂപ്പർ ശരണ്യ’യുടെ തുടക്കത്തിൽ തനിക്ക് വലിയ പേടിയുണ്ടായിരുന്നുവെന്നും പിന്നീട് അദ്ദേഹത്തിന്റെ സംവിധാനരീതി മനസിലാക്കി വന്നതോടെ കാര്യങ്ങൾ എളുപ്പമായെന്നും താരം ഓർത്തെടുത്തു.

ബത്‌ലഹേം കുടുംബ യൂണിറ്റ.Photo.Screengrab/ Youtube

‘സൂപ്പർ ശരണ്യ’യിൽ അഭിനയിക്കുമ്പോൾ തനിക്ക് 18-19 വയസ്സ് മാത്രമായിരുന്നുവെന്നും അതുകൊണ്ടുതന്നെ കുറുമ്പും ശ്രദ്ധക്കുറവുമൊക്കെ ഉണ്ടായിരുന്നുവെന്നും മമിത പറയുന്നു. ആദ്യ ഘട്ടത്തിൽ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്ന് ഗിരീഷ് കൃത്യമായി പറഞ്ഞുകൊടുക്കുമായിരുന്നു. പിന്നീട് അദ്ദേഹം എന്താണ് കഥാപാത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കിയതോടെ കൂടുതൽ ശ്രദ്ധയോടെ അഭിനയിക്കാൻ കഴിഞ്ഞുവെന്നും മമിത വ്യക്തമാക്കി.

‘സൂപ്പർ ശരണ്യയിലെ സോനയും ആകരുത്, പ്രേമലുവിലെ റീനുവും ആകരുത്. ഇതിന്റെ ഒക്കെ ഇടയിലാണ് ഇതിലെ ആഷ്‌ലി നിൽക്കുന്നത് എന്നാണ് ഗിരീഷേട്ടൻ എന്നോട് പറഞ്ഞത്, മമിത പറഞ്ഞു.

‘പ്രേമലു’ സമ്മാനിച്ച വലിയ ജനപ്രീതിക്ക് ശേഷം മമിത ബൈജുവിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവെന്ന പ്രത്യേകതയും ‘ബത്‌ലഹേം കുടുംബ യൂണിറ്റി’നുണ്ട്. നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രം ഓണം റിലീസായി ഒരുങ്ങുകയാണ്.

Content Highlight: Actress mamitha baiju talks about bethlehem kudumba unit

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more