| Friday, 14th August 2026, 5:34 pm

സക്‌സസിലൂടെ പോകുന്ന ആള്‍ക്കാര്‍ക്ക് എപ്പോഴും സെല്‍ഫ് ഡൗട്ട് ഉണ്ടാകും, എനിക്ക് മാത്രമാണെന്നായിരുന്നു കരുതിയത്: മമിത ബൈജു

ആര്യ.പി

സക്‌സസ് നമ്മളെ സെല്‍ഫ് കോണ്‍ഷ്യസ് ആക്കുകയാണോ അതോ സെല്‍ഫ് ഡൗട്ട് കൊണ്ടുവരികയാണോ ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി മമിത ബൈജു. തന്റെ അഭിപ്രായത്തില്‍ സക്‌സസ് നമ്മളില്‍ സെല്‍ഫ് ഡൗട്ട് ഉണ്ടാക്കുമെന്നായിരുന്നു മമിതയുടെ മറുപടി.

‘സക്‌സസ് അല്ലെങ്കില്‍ ഫെയിം നേടുന്ന ആളുകള്‍ ഭയങ്കര കോണ്‍ഫിഡന്റ് ആകുമെന്നാണ് നമ്മള്‍ വിചാരിക്കുന്നത്. ഈ കോണ്‍ഫിഡന്‍സ് എന്ന് പറയുന്നത് നമ്മള്‍ ട്രെയിന്‍ ചെയ്ത് കൊണ്ടുവരേണ്ട കാര്യമാണ്. എനിക്ക് തോന്നിയതും ഞാന്‍ എന്റെ എക്‌സ്പീരിയന്‍സില്‍ നിന്ന് മനസിലാക്കിയതും എന്റെ ചുറ്റുമുള്ളവരില്‍ നിന്നും മനസിലാക്കിയതും അതാണ്.

സക്‌സസ് എന്ന് വിശേഷിപ്പിക്കുന്ന എന്തിലൂടെ പോകുന്നവരും യഥാര്‍ത്ഥത്തില്‍ നിരന്തരമായി സ്വയം വിമര്‍ശിക്കുന്നവരും ഭയങ്കരമായ സെല്‍ഫ് ഡൗട്ടിലൂടെ കടന്നുപോകുന്നവരുമായിരിക്കും. അവര്‍ എപ്പോഴും ഭയങ്കര വള്‍ണറബിള്‍ ആയ ഒരു സ്‌പേസിലായിരിക്കും ഉണ്ടാവുക.

ഞാന്‍ അത് കണ്ടിട്ടുണ്ട്. അത് എനിക്ക് മാത്രമാണെന്നായിരുന്നു കരുതിയത്. എല്ലാവര്‍ക്കും അതുണ്ടെന്ന് പിന്നെ മനസിലായി.

ഒരു അടിപൊളി പടം കിട്ടിക്കഴിയുമ്പോള്‍ അവരുടെ ലൈഫ് ഭയങ്കര ‘സോര്‍ട്ടഡ്’ ആയി അല്ലെങ്കില്‍ ഓവര്‍നൈറ്റ് കൊണ്ട് എല്ലാം ശരിയായി എന്ന് പുറത്തുള്ളവര്‍ വിചാരിക്കുമെങ്കിലും, യഥാര്‍ത്ഥത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഇരട്ടിയുടെ ഇരട്ടിയാവുകയാണ് ചെയ്യുന്നത്. ഇനി എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചും അടുത്തതായി എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ചും അവര്‍ക്ക് വലിയ പേടിയുണ്ടാകും.

വിമര്‍ശനങ്ങള്‍ നേരിടാനുള്ള ഭയമുണ്ടാകും. തങ്ങളുടെ കൈയില്‍ നിന്ന് എന്തെങ്കിലും പാളിപ്പോയാല്‍ വിചാരിക്കാത്ത അത്രയും വലിയ ക്രിട്ടിസിസം നേരിടേണ്ടി വരും. ഇത് താങ്ങാനുള്ള മനസ്സില്ലെങ്കില്‍ ആ യാഥാര്‍ത്ഥ്യത്തില്‍ കിടന്ന് ജഗ്ലിങ് നടത്തുക എന്നത് വളരെ പ്രയാസകരമാവും,’ മമിത പറഞ്ഞു.

സൂര്യ നായകനായ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് ആണ് മമിതയുടെ തമിഴില്‍ റിലീസ് ചെയ്ത പുതിയ പടം. ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്‍പോളിക്കൊപ്പം എത്തുന്ന ബത്‌ലഹേം കുടുംബ യൂണിറ്റാണ് മമിതയുടെ മലയാളത്തില്‍ റിലീസിനെത്തുന്ന അടുത്ത ചിത്രം. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം ഓണം റിലീസായാണ് എത്തുന്നത്.

Content Highlight: Actress mamitha Baiju about Success and self Doubt

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more