| Wednesday, 30th September 2026, 4:57 pm

'13 അണ്‍ലക്കി നമ്പറാണെന്ന് തോന്നിയിട്ടില്ല, എനിക്ക് ലക്കിയാണ്; ആ ക്രഷ് ഇപ്പോഴുമുണ്ട്: മമിത ബൈജു

ആര്യ.പി

‘ഓപ്പറേഷന്‍ ജാവ’ മുതല്‍ ‘സൂപ്പര്‍ ശരണ്യ’യും ‘പ്രേമലു’വും ബെത്‌ലഹേമുമടക്കം കരിയറില്‍ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ മമിത ബൈജുവിന് ഫെബ്രുവരിയുമായി ചില പ്രത്യേക ബന്ധങ്ങളുണ്ട്.

‘ഓപ്പറേഷന്‍ ജാവ’ റിലീസ് ചെയ്തതും ‘സൂപ്പര്‍ ശരണ്യ’യുടെ ഷൂട്ടിങ് ആരംഭിച്ചതും ‘പ്രേമലു’ തിയേറ്ററുകളിലെത്തിയതുമെല്ലാം ഫെബ്രുവരിയിലായിരുന്നു. എന്നാല്‍ ഫെബ്രുവരി തനിക്ക് ഭാഗ്യമുള്ള മാസമാണോ എന്നൊന്നും പ്രത്യേകമായി നോക്കിയിട്ടില്ലെന്നും തന്നെ സംബന്ധിച്ച് ജൂണ്‍ ആണ് ഇഷ്ടമാസമെന്നും മമിത പറയുന്നു. അതിനുള്ള കാരണവും താരം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

‘ഇതൊന്നും ഞാന്‍ ഓര്‍ത്തിട്ടുള്ള കാര്യമല്ല. ഭാഗ്യമുള്ള മാസം, നമ്പര്‍ എന്നൊന്നും നോക്കാറില്ല. പക്ഷേ ഇഷ്ടമുള്ള നമ്പര്‍ ഉണ്ട്. എന്റെ ഇഷ്ട മാസം ജൂണ്‍ ആണ്. ഞാന്‍ ജനിച്ച മാസമാണ്. പിന്നെ മഴയൊക്കെ തുടങ്ങുന്ന മാസവുമാണല്ലോ. പിന്നെ 13 എന്ന നമ്പര്‍ എനിക്ക് ഇഷ്ടമാണ്,’ മമിത പറഞ്ഞു.

പലരും 13 അണ്‍ലക്കി നമ്പറായാണ് കാണുന്നതെങ്കിലും തനിക്ക് അങ്ങനെയൊരു തോന്നലില്ലെന്നും മമിത പറയുന്നു. ഫ്‌ലോറിന് 13 എന്ന നമ്പര്‍ നല്‍കാറില്ലെന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും തന്റെ അനുഭവത്തില്‍ 13 എപ്പോഴും നല്ല നമ്പറാണെന്നാണ് മമിതയുടെ അഭിപ്രായം.

‘ഞാന്‍ ആദ്യമായി ജില്ലാ തലത്തില്‍ മത്സരിച്ചപ്പോള്‍ എന്റെ നമ്പര്‍ 13 ആയിരുന്നു. അതില്‍ എനിക്ക് സമ്മാനം കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ 13 എനിക്ക് പ്രിയപ്പെട്ട നമ്പറാണ്,’ മമിത പറഞ്ഞു.

പ്രണയ സങ്കല്‍പ്പങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനും രസകരമായ മറുപടിയാണ് മമിത നല്‍കിയത്. ഒരു പ്രണയമുണ്ടെങ്കില്‍ ആ വ്യക്തിയില്‍ താന്‍ ആഗ്രഹിക്കുന്ന മൂന്ന് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന്, അയാള്‍ ജനുവിനായിരിക്കണം, ഫണ്ണിയായിരിക്കണം, തന്റെ എല്ലാ കുരുത്തക്കേടുകള്‍ക്കും കൂടെ നില്‍ക്കുന്ന ആളായിരിക്കണം എന്നായിരുന്നു മമിതയുടെ മറുപടി.

മമിതയുടെ ആദ്യ സെലിബ്രിറ്റി ക്രഷ് ആരാണെന്ന ചോദ്യത്തിനും താരത്തിന് വ്യക്തമായ ഉത്തരമുണ്ട്. ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് തന്റെ ആദ്യ സെലിബ്രിറ്റി ക്രഷെന്നും ഇപ്പോഴും ക്രഷ് ഹൃത്വിക് തന്നെയാണെന്നും മമിത പറയുന്നു.

ഹൃത്വിക് റോഷനൊപ്പം തന്നെ അല്ലു അര്‍ജുനോടുള്ള ആരാധനയെക്കുറിച്ചും മമിത അഭിമുഖത്തില്‍ പറയുന്നുണ്ട്. അല്ലു അര്‍ജുന്റെ വലിയ ആരാധികയാണ് താനെന്നും കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്റെ സിനിമകളും സ്‌റ്റൈലുമൊക്കെ ഏറെ ഇഷ്ടമായിരുന്നെന്നും മമിത പറയുന്നു.

‘പ്രേമലു’വിന്റെ ഷൂട്ടിനിടെ അല്ലു അര്‍ജുന്റെ വീടിന് സമീപത്തുകൂടി പോയ ഒരു അനുഭവവും മമിത പങ്കുവെച്ചു. അല്ലു അര്‍ജുന് ദേശീയ പുരസ്‌കാരം ലഭിച്ച സമയമായിരുന്നു അതെന്നും, അദ്ദേഹത്തെപ്പോലെ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ഒരാളുടെ സൈഡ് വശം മാത്രം കണ്ടപ്പോള്‍ അത് അല്ലു അര്‍ജുനാണെന്ന് തങ്ങള്‍ ഉറപ്പിച്ചെന്നും മമിത പറയുന്നു.

അല്ലു അര്‍ജുന്റെ അതേ ഡ്രസിങ് സ്‌റ്റൈല്‍ കോപ്പി ചെയ്ത് കുട്ടിക്കാലത്ത് പുറത്തുപോകുമ്പോള്‍ ധരിക്കാറുണ്ടായിരുന്നെന്നും മമിത പറഞ്ഞു. അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന സമയത്ത് അല്ലു അര്‍ജുന്റെ വസ്ത്രധാരണ രീതി അനുകരിക്കാറുണ്ടായിരുന്നു. അല്ലു അര്‍ജുന്റെ എല്ലാ സിനിമകളും കാണുമായിരുന്നെന്നും മമിത പറയുന്നു.

അല്ലുവിനോടുള്ള ഈ ആരാധന വസ്ത്രധാരണത്തില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. അദ്ദേഹത്തോടുള്ള ആരാധനയില്‍ നിന്നാണ് കാസിയോ വാച്ചിനോടുള്ള ഇഷ്ടം പോലും വന്നതെന്നും മമിത പറഞ്ഞു.

Content Highlight: Actress Mamitha about her celebrity Crush and Lucky Number

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more