കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ നിലവിലെ പോക്കിലും ആര്‍ഭാടങ്ങളിലും കടുത്ത അതൃപ്തിയും വിമര്‍ശനവുമായി മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍. സംഘടനയിലെ ആദ്യത്തെ 50 അംഗങ്ങളില്‍ ഒരാളായ തനിക്ക് അന്നുതൊട്ടുള്ള ചരിത്രം കൃത്യമായി അറിയാമെന്നും, ആരോടും വ്യക്തിപരമായ വിരോധമില്ലാതെയാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.
‘ഒരുപാട് ആളുകള്‍ വിളിച്ചിട്ട് അമ്മ ഇതൊന്ന് നോക്കണം ആന്റി’, ‘ഇങ്ങനെയല്ലേ ചേച്ചി’ എന്നൊക്കെ പറഞ്ഞ് എനിക്ക് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്. എനിക്ക് അവിടുത്തെ വിഷയങ്ങള്‍ കൃത്യമായി അറിയില്ലെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. എങ്കിലും പല വോയ്സ് മെസ്സേജുകളും കേട്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. ഇതൊന്നും സീനിയേഴ്സിനും ജൂനിയേഴ്സിനും ഒരു പ്രശ്നമേയല്ല. ആര്‍ക്കും പ്രശ്‌നമല്ല.
പിന്നെ അമ്മയ്ക്ക് വേറെ പണിയില്ലേ എന്ന് എന്റെ മക്കള്‍ നാളെ എന്നോട് ചോദിക്കും,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
താന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് നാളെ ട്രോളന്മാര്‍ക്ക് ആഘോഷമായിരിക്കാമെന്നും ‘ഈ തള്ള ഇങ്ങനെ പറയുന്നു’ എന്ന് അവര്‍ പറഞ്ഞേക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ തള്ള 53 വര്‍ഷം ഇവിടെ നിന്നിട്ടാണ് ചോദിക്കുന്നതെന്നും അല്ലാതെ ഇന്നലെ വഴിയേ പോയ ഒരാളല്ലെന്നും ട്രോളന്മാര്‍ മനസ്സിലാക്കണമെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.
സമാധാനപരമായ ഒരു അന്തരീക്ഷത്തില്‍ നടന്നുപോയ കാര്യങ്ങളായിരുന്നു ഇതെല്ലാം. എന്നാല്‍ ജാതിയുടേയും രാഷ്ട്രീയത്തിന്റേയും പേരില്‍ മനുഷ്യനെ നാല് വഴിക്കാക്കുന്നത് കാണുമ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞുപോകും. എങ്ങനെയാണ് പറയാതിരിക്കുക?
കാര്യങ്ങള്‍ തുറന്നുപറയുന്നവരെ ഒന്ന് മാറ്റി നിര്‍ത്തിയേക്ക്, അവര്‍ക്ക് വലിയ സ്ഥാനം കൊടുത്ത് അവിടെ പിടിച്ചിരുത്തരുത് എന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. മമ്മൂട്ടിയോ മോഹന്‍ലാലോ അവര്‍ക്ക് തലവേദന എടുത്തിട്ടായിരിക്കാം സംഘടനയുടെ നേതൃത്വത്തില്‍ നിന്ന് മാറുന്നത്. അവരെപ്പോലെയുള്ളവര്‍ തലപ്പത്തില്ലാതെ ഈ സംഘടനയെ ചീത്തപ്പേരില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ പാടാണെന്നും താരം പറഞ്ഞു.
ശ്വേതാ മേനോന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ വന്നപ്പോള്‍, ഇനി തകര്‍ക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ എല്ലാവരും തകര്‍ക്കില്ലെന്ന് എനിക്ക് അറിയാമായിരുന്നു. ശ്വേത കുറച്ചുകൂടി സ്ട്രിക്റ്റ് ആകണം എന്നൊരു അപേക്ഷ എനിക്കുണ്ട്. അവള്‍ക്ക് അത് ചെയ്യാന്‍ പറ്റും.
പക്ഷേ, ശ്വേത അപ്പോഴേക്ക് ആഘോഷങ്ങളും ബഹളങ്ങളുമായി തിരക്കായി. എന്തിനാണ് അവിടെ ആര്‍ഭാടം കാണിച്ചത്? ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സമയത്ത് അഞ്ച് ലക്ഷം രൂപയോളം ചെലവാക്കി പാര്‍ട്ടി നടത്തിയത് എന്തിന് വേണ്ടിയാണെന്ന് ആരും ചോദിച്ചില്ല.
ഇന്നേവരെ അങ്ങനെയൊന്ന് ‘അമ്മ’യില്‍ നടന്നിട്ടില്ല. അവിടെ മലയാള സിനിമയിലെ ഏതെങ്കിലും അതികായന്മാര്‍ പോയോ? ഇതിന്റെ ഭാരവാഹികളായ ഒന്ന് രണ്ട് പേര്‍ അവിടെ നടക്കുന്നത് കണ്ടു. ഇത്തരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഒരു അഡ്മിനിസ്ട്രേറ്റീവ് സെക്ഷന്‍ ഉണ്ടെങ്കില്‍ ആളുകള്‍ക്ക് പെന്‍ഷനും മരുന്നും കൃത്യമായി എത്തിക്കാന്‍ സാധിക്കും.
ചിലര്‍ക്ക് ചില നടന്മാരോടും നടിമാരോടും പ്രൊഡ്യൂസര്‍മാരോടും സംവിധായകരോടുമൊക്കെ വ്യക്തിപരമായ ഒബ്ലിഗേഷന്‍സ് ഉണ്ടാകും. അതുകൊണ്ട് അവര്‍ കാണിക്കുന്ന ചില ചില്ലറ വേണ്ടാതീനങ്ങള്‍ക്കൊക്കെ കൂട്ടുനില്‍ക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
സിനിമാതാരങ്ങളടക്കം അടച്ചിട്ട മുറിയില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ അത് റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുന്നത് തെറ്റായ പ്രവണതയാണ്. ആദ്യം ആ ക്യാമറയൊക്കെ എടുത്ത് കളയണം.
സത്യത്തില്‍ അവിടെ സംഭവിക്കുന്നത് എന്തൊക്കെയാണെന്ന് എനിക്കറിയില്ല.
‘തമിഴ്നാട്ടില്‍ ഒരു ചൊല്ലുണ്ട്, ‘ആവതും പെണ്ണാലെ അഴിവതും പെണ്ണാലെ’, അതായത് നന്നാവുന്നതും നശിക്കുന്നതും പെണ്ണിനെ കൊണ്ടാണെന്ന്. അത് ശരിയാണെന്ന് ജനം പറയുന്ന സാഹചര്യം ഉണ്ടാക്കരുത്. അത് സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം,’ മല്ലിക സുകുമാരന്‍ പറഞ്ഞു.
Content Highlight: Actress Mallika Sukumaran about Conflict on Amma