1992ല്‍ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്ടറായി ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് പരിചിതയായ അഭിനേത്രിയാണ് മധുബാല. തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം തുടങ്ങി ഇന്ത്യയിലെ മുന്‍നിര സിനിമാ മേഖലകളിലെല്ലാം സജീവമായ താരം ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വര്‍ഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിന്ന ചിന്ന ആസൈ.
റോജ. Photo: The Indian Express
ഇന്ദ്രന്‍സ് നായകനായെത്തുന്ന ചിത്രം ജൂണ്‍ 19നാണ് തിയേറ്ററുകളിലെത്തുന്നത്. വാരണാസിയുടെ പശ്ചാത്തലത്തില്‍ രണ്ട് അപരിചിതര്‍ തമ്മില്‍ ഉടലെടുക്കുന്ന പ്രണയം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഇന്ദന്‍സിന്റെ നായികയായാണ് മധുബാല വേഷമിടുന്നത്. ഇന്ദ്രന്‍സിന്റെ നായികയായി ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തോടുളള മധുബാലയുടെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘ആരാണ് എന്റെയൊപ്പം നായകവേഷത്തില്‍ അഭിനയിക്കുന്നതെന്ന് ഞാന്‍ നോക്കാറില്ല. എന്റെ റോള്‍, ചിത്രത്തിന്റെ കഥ, ഞാന്‍ ഈ ചിത്രം ചെയ്യണമോ വേണ്ടയോ തുടങ്ങിയ കാര്യങ്ങളാണ് നോക്കാറുള്ളത്. എന്റെ മുന്നില്‍ ഏത് അഭിനേതാവാണ് ഉണ്ടായിരിക്കേണ്ടതെന്നുള്ളത് സംവിധായകന്റെയോ, നിര്‍മാതാവിന്റെയോ തീരുമാനമാണ്.
അവര്‍ ചിത്രത്തിലേക്ക് ഇന്ദ്രന്‍സ് ചേട്ടനെ കൊണ്ടുവന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായത് ഒരു ഭാഗ്യമായും അനുഗ്രഹമായുമാണ് കാണുന്നത്,’ മധുബാല പറഞ്ഞു.
ചിന്ന ചിന്ന ആസൈ. Photo: Kerala TV
‘എന്റ നാരായണിക്ക്’എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധിക്കപ്പെട്ട വര്‍ഷ വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മിക്കുന്ന ചിത്രം റിലീസിനെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ്.
Content Highlight: Actress Madhubala talks about acting as the pair of Indrans in chinna chinna aasai movie