| Friday, 19th June 2026, 12:44 pm

അരവിന്ദ് സാമി വന്‍ റൊമാന്‍സ്, പക്ഷേ എന്നില്‍ കണ്ടത് മഞ്ഞില്‍ കളിക്കാന്‍ ആവേശമുള്ള കുട്ടിയെയാണെന്ന് കമന്റ് വന്നു: മധുബാല

അക്ഷര

മണിരത്‌നം സംവിധാനം ചെയ്ത ‘റോജ’ ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ദൃശ്യവിസ്മയമാണ്. കശ്മീരിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിലെ ഗാനവും അരവിന്ദ് സാമിയും മധുബാലയും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രിയും ഇന്നത്തെ തലമുറയ്ക്ക് വരെ ഏറെ പ്രിയപ്പെട്ടതാണ്.

എ.ആര്‍. റഹ്മാന്റെ മാന്ത്രിക സംഗീതത്തില്‍ പിറന്ന ചിത്രത്തിലെ ‘പുതുവെള്ള മഴൈ’ എന്ന ഗാനത്തിന് ഇന്നും ആരാധകരുണ്ട്. മഞ്ഞുമൂടിയ മലനിരകളുടെ പശ്ചാത്തലത്തില്‍, പ്രണയവും ആര്‍ദ്രതയും കുസൃതിയും നിറച്ചുകൊണ്ടൊള്ളു അരവിന്ദ് സാമിയുടേയും മധുബാലയുടേയും പെര്‍ഫോമന്‍സ് കാലങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ മനസിലുണ്ട്.

മധുബാലയുടെ നിഷ്‌കളങ്കമായ ഭാവങ്ങളും അരവിന്ദ് സാമിയുടെ പ്രണയഭാവങ്ങളുമായിരുന്നു ആ ഗാനത്തെ ദൃശ്യപരമായി മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയത്.

പുതുവെള്ളെ മഴ ഗാനരംഗം Photo: Youtube/Screengrab

അരവിന്ദ് സാമിയെ കുറിച്ചും അന്ന് റോജ റിലീസായതിന് പിന്നാലെ ലഭിച്ച ചില കമന്റുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മധുബാല. മലയാളത്തിലേക്ക് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിലൂടെ മധുബാല. സിനിമയുടെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മധുബാല റോജയുടെ വിശേഷങ്ങള്‍ പങ്കുവെച്ചത്.

‘ ആ സമയത്ത് ആരോ ഒരു കമന്റ് പറഞ്ഞിരുന്നു. അരവിന്ദ് സാമി ആ പാട്ടിലുടനീളം റൊമാന്റിക്കാണ്. അദ്ദേഹത്തെ കാണുമ്പോള്‍ തന്നെ നമുക്ക് ആ റൊമാന്‍സ് ഫീല്‍ ചെയ്യും. എന്നാല്‍ ഒരു മഞ്ഞ് കുട്ടിയുടെ ആവേശമായിരുന്നു നിങ്ങളില്‍ കൂടുതലായി കണ്ടത് എന്നായിരുന്നു അത്.

പുതുവെള്ളെ മഴ ഗാനരംഗം Photo: Youtube/Screengrab

മഞ്ഞില്‍ കളിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്ന ഒരു കുട്ടിയെപ്പോലെയാണ് എന്നെ അതില്‍ തോന്നിയതെന്ന് പറഞ്ഞു. എന്റെ ബോഡി ലാംഗ്വേജ് അങ്ങനെയായിരുന്നത്രേ.

പക്ഷേ അതില്‍ കാണേണ്ട ഒരു കാര്യം എന്റെ കഥാപാത്രം ഒരു ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ്. അവള്‍ ആദ്യമായാണ് മഞ്ഞുമൂടിയ മലനിരകളും ഇത്രയും മഞ്ഞുമൊക്കെ നേരില്‍ കാണുന്നത്.

മറ്റൊരു കാര്യം ഇത്രയും മഞ്ഞ് ജീവിതത്തില്‍ ഞാന്‍ നേരിട്ടുകാണുന്നതും ആ ഷൂട്ടിലായിരുന്നു. അരവിന്ദിനെ കാണുമ്പോള്‍ റൊമാന്റിക് ആയി തോന്നിയെന്നും നിങ്ങളെ ഒരു കുട്ടിയെപ്പോലെ തോന്നിയെന്നും പലരും പറഞ്ഞു. റോജയിലെ ചിന്ന ചിന്ന ആസൈയാണ് പോപ്പുലറായത്. പക്ഷേ എനിക്ക് അന്നും ഇന്നും ഇഷ്ടം ഈ പാട്ടിനോടാണ്,’ മധുബാല പറഞ്ഞു.

Content Highlight: Actress Madhubala Share Puthuvellai Mazhai Song Shoot Experiance

അക്ഷര

We use cookies to give you the best possible experience. Learn more