| Tuesday, 16th June 2026, 11:33 am

മദ്യപിച്ച ആള്‍ക്കൂട്ടം അടുത്തെത്തി, ലാലേട്ടനാണ് രക്ഷിച്ചത്; ഒരാളുടെ നഖം പോലും എന്റെ മേല്‍ തട്ടിയില്ല; നേപ്പാള്‍ അനുഭവം പങ്കുവെച്ച് മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ ‘യോദ്ധ’യുടെ നേപ്പാള്‍ ഷൂട്ടിങ് ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നടി മധുബാല.

പഗോഡയിലെ പാട്ട് ചിത്രീകരണത്തിനിടയില്‍ മദ്യപിച്ച ആള്‍ക്കൂട്ടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ കുറിച്ചും ചിത്രീകരണത്തിനിടയില്‍ നേരിടേണ്ടി വന്ന ഹോം സിക്ക്‌നസ്സിനെക്കുറിച്ചുമൊക്കെയാണ് പേളി മാണി ഷോയില്‍ താരം സംസാരിച്ചത്.

‘യോദ്ധ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരുന്നത് നേപ്പാളിലെ ആ ഷൂട്ടിങ് തന്നെയാണ്. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു മാസത്തോളം ഒറ്റയ്ക്ക് മാറിത്താമസിക്കുന്നത്. എന്റെ അച്ഛന് അന്ന് എന്റെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് നല്ല ഹോം സിക്ക് ഉണ്ടായിരുന്നു. രാജ്യത്തിന് പുറത്ത് ഒറ്റയ്ക്ക് താമസിക്കുകയാണല്ലോ എന്ന ചിന്തയുമുണ്ടായിരുന്നു.

പക്ഷെ, അവിടെ എനിക്ക് കംഫര്‍ട്ട് സോണ്‍ ആയിരുന്നത് സന്തോഷ് ശിവന്‍ ആയിരുന്നു. കാരണം ഞാന്‍ നേരത്തെ ‘റോജ’യില്‍ അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തിരുന്നു. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമുണ്ടായിരുന്നു. എനിക്ക് കൂട്ടായി അദ്ദേഹം ഒരുപാട് പുസ്തകങ്ങള്‍ കൊണ്ടുവന്നു തരുമായിരുന്നു.

അതുപോലെ ഷൂട്ടിങ് സെറ്റില്‍ ലാലേട്ടന്‍ എന്നെ വളരെ സഹായിക്കുമായിരുന്നു. എനിക്ക് അന്ന് മലയാളം ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ ഡയലോഗുകള്‍ സംസാരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ മാറിപ്പോകുമായിരുന്നു. ‘ഈ രീതിയിലാണ് പറയേണ്ടത് എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചു. ലാലേട്ടന്‍ മാത്രമല്ല, സെറ്റിലുണ്ടായിരുന്ന എല്ലാവരും വളരെ സഹായിച്ചിരുന്നു.

മധുബാല Photo: Pearle Maaney Show

മറ്റൊരാര്‍മ പഗോഡയില്‍ വെച്ചെടുത്ത കുനുകുനെ എന്ന ഡാന്‍സിന്റെ ഷൂട്ടാണ്. ആ പാട്ട് എനിക്കൊരു വലിയ അനുഭവമായിരുന്നു. കാരണം അവിടെ നേപ്പാളില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം മാര്‍ക്കറ്റ് സ്ഥലത്ത് എല്ലാവരും മദ്യപിക്കും. ആളുകള്‍ മദ്യപിച്ചിരിക്കുന്ന ആ അന്തരീക്ഷത്തിലാണ് പഗോഡയുടെ ആ പടിക്കെട്ടുകള്‍ക്ക് മുകളില്‍ ഞാന്‍ ഡാന്‍സ് ചെയ്യുന്നത്. താഴെ നിന്നിരുന്ന ആള്‍ക്കൂട്ടം പതുക്കെ മുകളിലേക്ക് വരുന്നതുപോലെ എനിക്ക് തോന്നി.

ഞാന്‍ എന്റെ അസിസ്റ്റന്റുമാരോട് ചോദിക്കുന്നുണ്ടായിരുന്നു, ‘ഈ ആള്‍ക്കൂട്ടം മുകളിലേക്ക് വരുന്നുണ്ടോ?’ എന്ന്. ‘ഇല്ല ഇല്ല’ എന്ന് അവര്‍ ആദ്യം പറഞ്ഞു. പക്ഷേ പെട്ടെന്ന് ആ മദ്യപിച്ച റൗഡി ആള്‍ക്കൂട്ടം ഞങ്ങളുടെ തൊട്ടടുത്തെത്തി. ഞാന്‍ നിന്നിരുന്ന സ്റ്റെപ്പില്‍ നിന്നും വെറും മൂന്ന് സ്റ്റെപ്പുകള്‍ മാത്രം അകലെയാണ് അവര്‍ എന്ന് എനിക്ക് മനസിലായി.

വലിയ സ്റ്റെപ്പുകളായിരുന്നു ഉണ്ടായിരുന്നത്. അപകടം മനസ്സിലാക്കിയ ലാലേട്ടന്‍ എന്റെ കൈപിടിച്ചു. അതോടെ സന്തോഷിന്റെ അസിസ്റ്റന്റ് ബിജോയ് എന്നെ അവിടെ നിന്നും താഴേക്ക് ചാടിപ്പിച്ചു. ആ അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തിന് ഇടയിലൂടെ ഞങ്ങള്‍ ഓടി, അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്ന കാറിലേക്ക് കയറി നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. ഞാനും പിന്നെ ആറോ എട്ടോ ഡാന്‍സര്‍ പെണ്‍കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെേെയാ അവിടെ നിന്നും രക്ഷപ്പെട്ടു

ഞാന്‍ അപ്പയെ വിളിച്ച് പറഞ്ഞത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. പക്ഷെ, അത്രയും ഭീകരമായ ആ മദ്യപിച്ച ആള്‍ക്കൂട്ടത്തില്‍ ഒരാളുടെ നഖം പോലും എന്റെ മേല്‍ തട്ടിയില്ല, ഒരാളുടെ നിഴല്‍ പോലും എന്റെ മേല്‍ വീണില്ല. കാരണം ഒരു വശത്ത് ലാലേട്ടനും മറുവശത്ത് ബിജോയും ഉണ്ടായിരുന്നു, അവര്‍ എന്നെ അത്രത്തോളം പ്രൊട്ടക്ട് ചെയ്തു. ഓ, അത് ഇപ്പോഴും എനിക്ക് മറക്കാന്‍ കഴിയില്ല. അതാണ് എനിക്ക് ആ സിനിമയെക്കുറിച്ചുള്ള ഓര്‍മ,’ – മധുബാല പറഞ്ഞു.

Content Highlight: Actress Madhubala share an experiance on Nepal Shooting Yodha Movie

We use cookies to give you the best possible experience. Learn more