| Saturday, 31st October 2026, 7:32 am

‘അത്രയും ഇഷ്ടമുള്ള നടനൊപ്പം അഭിനയിക്കുമ്പോൾ പേടിയുണ്ടായിരുന്നു; അദ്ദേഹത്തിന്റെ കണ്ണുകളിലൂടെയുള്ള പ്രകടനം അത്ഭുതപ്പെടുത്തും’; ലിജോമോൾ ജോസ്

അജ്മല്‍ കെ

മലയാള സിനിമയിലെ ശ്രദ്ധേയയായ യുവ നടിമാരിൽ ഒരാളാണ് ലിജോമോൾ. കട്ടപ്പനയിലെ ഋത്വിക് റോഷൻ, ജയ് ഭീം, പൊന്മാൻ, ദാവീദ്, സംശയം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹത്തിൽ നിന്ന് പഠിച്ച കാര്യങ്ങളും പങ്കുവെക്കുകയാണ് നടി ലിജോമോൾ ജോസ്. ഇരുവരും ഒന്നിച്ചഭിനയിച്ച ‘ബത്ത’ ഒ.ടി.ടിയിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്നതിനിടെയാണ് ചിത്രത്തിലെ അനുഭവങ്ങളെക്കുറിച്ച് ലിജോമോൾ തുറന്നുപറയുന്നത്. വിജയ് സേതുപതിയെ ആദ്യമായി കണ്ടപ്പോൾ തോന്നിയ പേടിയെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തിലെ പ്രത്യേകതകളെക്കുറിച്ചും താരം സംസാരിച്ചു. ദി ക്യൂ സ്‌റ്റുഡിയോക്ക് വേണ്ടി സംസാരിക്കുകയായിരുന്നു താരത്തിന്റെ പ്രതികരണം.

Baththa Movie. Photo. Screen Grab/ Youtube. IMDb

‘വിജയ് സേതുപതി സാറിനെ ആദ്യമായി കണ്ടപ്പോൾ എനിക്ക് പേടിയുണ്ടായിരുന്നു. അത്രയും സീനിയറായിട്ടുള്ള ഒരു ആക്ടറാണ് അദ്ദേഹം. ഒരുപാട് സിനിമകളിൽ കണ്ടിട്ടുള്ള, എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ കൂടിയാണ്. അതുകൊണ്ട് അദ്ദേഹത്തിനൊപ്പം അഭിനയിക്കണം എന്നുള്ളപ്പോൾ സ്വാഭാവികമായും ഒരു പേടിയുണ്ടാകും. പക്ഷേ പെർഫോം ചെയ്യുന്ന സമയത്ത് അതൊന്നും ആലോചിക്കാൻ നമുക്ക് സമയമില്ല. അതുകൊണ്ട് ആ പേടിയെ വലിയ കുഴപ്പമില്ലാതെ മറികടക്കാൻ പറ്റി,’ ലിജോമോൾ പറഞ്ഞു.

വിജയ് സേതുപതിയുടെ കണ്ണുകളും നോട്ടങ്ങളും അഭിനയത്തിലെ തീവ്രതയും നേരിട്ട് കാണാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നുവെന്നും താരം പറഞ്ഞു.

‘പുള്ളിയുടെ കണ്ണുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കണ്ണുകൊണ്ടുള്ള നോട്ടങ്ങളും എക്സ്പ്രഷനുകളുമൊക്കെ നേരിട്ട് കാണാൻ പറ്റി. അദ്ദേഹം നമ്മളെ ഒരു നോട്ടം നോക്കുമ്പോൾ അത് വെറുമൊരു നോട്ടമാണെന്ന് തോന്നും. പക്ഷേ അതിൽ ഭയങ്കര ഇൻടെൻസിറ്റിയുണ്ടാകും. ഹോസ്പിറ്റലിൽ ശബരി വന്നിരിക്കുമ്പോഴുള്ള നോട്ടമൊക്കെ നേരിട്ട് കാണുമ്പോൾ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് തോന്നും. ആ മാജിക് നേരിട്ട് കാണാൻ കഴിഞ്ഞു,’ ലിജോ മോൾ പറഞ്ഞു.

സഹതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും വിജയ് സേതുപതി ശ്രദ്ധിക്കാറുണ്ടെന്ന് ലിജോമോൾ കൂട്ടിച്ചേർത്തു. ഒരു രംഗം എങ്ങനെ കൂടുതൽ നന്നാക്കാമെന്നും സംഭാഷണങ്ങൾ മറ്റൊരു രീതിയിൽ അവതരിപ്പിക്കാമെന്നും അദ്ദേഹം നിർദേശിക്കാറുണ്ട്. സഹതാരങ്ങൾക്കും കഥാപാത്രങ്ങൾക്കും കൂടുതൽ മികച്ച രീതിയിൽ പെർഫോം ചെയ്യാൻ സഹായിക്കുന്ന അദ്ദേഹത്തിന്റെ ഈ സമീപനം വലിയൊരു പഠനാനുഭവമായിരുന്നുവെന്നും താരം പറഞ്ഞു.

വിജയ് സേതുപതിക്കൊപ്പം മാത്രമല്ല, സൂര്യയുടെ ‘ജയ് ഭീമി’ലും അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ലിജോമോൾ പറഞ്ഞു.

Baththa Movie. Photo. Screen Grab/ Youtube

‘ഇഷ്ടപ്പെട്ട നടന്മാർക്കും സംവിധായകർക്കുമൊപ്പം സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകുമെങ്കിലും അത്തരമൊരു അവസരം ലഭിക്കുമെന്ന് ഉറപ്പില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്കൊപ്പം അഭിനയിക്കാൻ കഴിയുമ്പോൾ വലിയ സന്തോഷമാണ്. ഷോട്ട് ചെയ്യുമ്പോൾ അഭിനയത്തിൽ മാത്രമായിരിക്കും ശ്രദ്ധ. ഷോട്ട് കഴിഞ്ഞ് മാറിയിരിക്കുമ്പോഴാണ് താൻ അഭിനയിച്ചത് ഇത്രയും ഇഷ്ടപ്പെട്ട താരങ്ങൾക്കൊപ്പമാണെന്ന കാര്യം ഓർമ വരുന്നത്,’ ലിജോമോൾ വ്യക്തമാക്കി.

Content Highlight: Actress Lijomol Jose shares her joy of having acted alongside Vijay Sethupathi, as well as the things she learned from him

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more