| Saturday, 25th July 2026, 6:28 pm

മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് 'നിറം' കണ്ടത്; അന്ന് അനിയത്തിയുടെ ക്രഷായിരുന്നു ചാക്കോച്ചന്‍: ലിജോമോള്‍

അജ്മല്‍ കെ

തിയേറ്ററില്‍ താന്‍ ആദ്യമായി കണ്ട ചാക്കോച്ചന്‍ ചിത്രം ‘നിറം’ ആയിരുന്നു എന്ന് നടി ലിജോമോള്‍. അന്ന് മൂന്നാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു എന്നും ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അനിയത്തിക്ക് ചാക്കോച്ചനോട് ക്രഷ് ഉണ്ടായിരുന്നു എന്നും ലിജോമോള്‍ പറഞ്ഞു. പുതിയ സിനിമയായ ഉന്മാദത്തിന്റെ പ്രമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിജോ മോള്‍.

‘ഞാന്‍ തിയേറ്ററില്‍ പോയി കണ്ട ചാക്കോച്ചന്റെ ആദ്യ ചിത്രം നിറമാണ്. അന്ന് മൂന്നാം ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തിക്ക് അന്ന് നിറം കണ്ടിട്ട് ചാക്കോച്ചനോട് ക്രഷ് ഉണ്ടായിരുന്നു.

ഉന്മാദം ഞാന്‍ കമ്മിറ്റ് ചെയ്തപ്പോള്‍ തന്നെ എനിക്ക് ചാക്കോച്ചനെ കാണാനുള്ള അവസരം നല്‍കണമെന്നായിരുന്നു അനിയത്തി പറഞ്ഞിരുന്നത്. ട്രെയിലര്‍ ലോഞ്ചിന്റെ അന്ന് അനിയത്തി ചാക്കോച്ചനെ പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ടായിരുന്നു’ ലിജോമോള്‍ പറഞ്ഞു.

‘ആദ്യമായിട്ടാണ് ചാക്കോച്ചന്റെ കൂടെ അഭിനയിക്കുന്നത്. കുട്ടിക്കാലം മുതല്‍ കണ്ടു വളര്‍ന്ന ഒരാളാണ്. ഇപ്പോഴും ഒരു മാറ്റവും ആള്‍ക്ക് ഇല്ല. അന്നത്തെ പോലെ തന്നെയാണ് ആള്‍ ഇപ്പോഴും ഇരിക്കുന്നത്. കാഴ്ചയില്‍ ആയാലും എനര്‍ജിയില്‍ ഒന്നും ഒരു മാറ്റവും ഇല്ല. അതുകൊണ്ട് തന്നെ ഒപ്പം അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്.’

ഉന്മാദം എന്ന സിനിമ തെരഞ്ഞെടുക്കാന്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഷാഹി കബീര്‍ എന്ന എഴുത്തുകാരനായിരുന്നു. ഷാഹി കബീറിന്റെ സിനിമയുടെ ഭാഗമാകണം എന്നുണ്ടായിരുന്നു. സിനിമയിലേക്കുള്ള കാള്‍ വന്നപ്പോള്‍ തന്നെ ഭയങ്കര ആകാംക്ഷയായിരുന്നു. കഥ കേട്ടപ്പോഴും വ്യത്യസ്തമായ സ്റ്റോറി ആയി തോന്നി. അങ്ങനെയാണ് ഈ സിനിമയില്‍ എത്തുന്നത്. ഞാന്‍ അവതരിപ്പിച്ച സൗമ്യ എന്ന കഥാപാത്രവും എനിക്ക് ഏറ്റവും കൂടുതല്‍ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞ കഥാപാത്രമാണ് എന്നും നടി പറഞ്ഞു.

ഷാഹി കബീറിന്റെ തിരക്കഥയില്‍ കിരണ്‍ ദാസ് സംവിധാനം ചെയ്യുന്ന ഉന്മാദം ജൂലൈ 31-ന് തിയേറ്ററുകളിലെത്തും. പാവ, ഇഷ്‌ക്, അമ്പിളി, മൂത്തോന്‍, ജോജി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായി പ്രവര്‍ത്തിച്ച കിരണ്‍ ദാസ്, ഇഷ്‌ക് എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. കുഞ്ചാക്കോ ബോബന്‍ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ലിജോമോളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content Highlight: Actress Lijomol about her Sister Crush on Kunchacko Boban

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more