| Monday, 9th November 2026, 8:49 am

‘ആ സിനിമയിൽ സ്വന്തം പ്രായത്തിലുള്ള നടന്റെ അമ്മയായി അഭിനയിച്ചു’; എന്റെ കരിയറിലെ ഏറ്റവും റിസ്കുള്ള കഥാപാത്രമായിരുന്നു അത്: ലെന

അജ്മല്‍ കെ

മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലെന. സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ, ആർട്ടിക്കിൾ 21, ഓളം, ആതിര തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്.

ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിൽ ഏറ്റവും വലിയ റിസ്ക് എടുത്ത് ചെയ്ത കഥാപാത്രമാണ് ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രത്തിലെ പാത്തുമ്മയെന്ന് പറയുകയാണ് നടി ലെന. തന്നേക്കാൾ പ്രായമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലല്ല, സ്വന്തം പ്രായത്തിലുള്ള ഒരാളുടെ അമ്മയായി അഭിനയിക്കുന്നതിലായിരുന്നു വെല്ലുവിളിയെന്നും താരം പറഞ്ഞു. 34-ാം വയസിൽ 65 വയസുള്ള സ്ത്രീയുടെ പ്രായവും അനുഭവപരിചയവും അഭിനയത്തിലൂടെ സ്വാഭാവികമായി അവതരിപ്പിക്കേണ്ടിവന്നത് വലിയ ഉത്തരവാദിത്തമായിരുന്നുവെന്നും ലെന മോങ്ക് നൗ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലെന.Photo. Screengrab/Pink Prodcast/ Youtube.com

‘എന്റെ കരിയറിൽ ഞാൻ എടുത്തിട്ടുള്ള ഏറ്റവും വലിയ റിസ്കുള്ള കഥാപാത്രം ‘എന്ന് നിന്റെ മൊയ്തീനി’ലെ പാത്തുമ്മയാണ്. കാരണം എന്റെ ഒപ്പം പ്രായമുള്ള ഒരാളുടെ അമ്മയായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. ഒരേ പ്രായത്തിലുള്ള ആളുകൾ അമ്മയും മകനുമായി അഭിനയിക്കുമ്പോൾ അത് പ്രേക്ഷകരുമായി കണക്ട് ആയില്ലെങ്കിൽ വലിയ പാളിച്ചയായിപ്പോകും. അത് പെർഫോം ചെയ്യാൻ പറ്റിയില്ലെങ്കിൽ വലിയ റിസ്കായിരുന്നു,’ലെന പറഞ്ഞു.

34 വയസുള്ള തനിക്ക് 65 വയസുള്ള സ്ത്രീയുടെ പ്രായം അഭിനയിച്ച് ഫലിപ്പിക്കേണ്ടതുണ്ടായിരുന്നുവെന്നും ചെറിയൊരു രംഗത്തിൽ മാത്രമായിരുന്നെങ്കിൽ അത്രയും ആശങ്കയുണ്ടാകില്ലായിരുന്നുവെന്നും താരം പറയുന്നു. എന്നാൽ കഥാപാത്രത്തിന് ചിത്രത്തിൽ മുഴുനീള പ്രാധാന്യമുണ്ടായിരുന്നത് വെല്ലുവിളിയായിരുന്നെന്നും നടി പറഞ്ഞു.

’34 വയസിൽ 65 വയസിന്റെ പ്രായം പെർഫോം ചെയ്യാൻ പറ്റിയില്ലെങ്കിൽ അത് ക്യാരി ഓഫ് ചെയ്യാൻ പറ്റില്ലല്ലോ. ചെറിയ പോർഷനൊക്കെയാണെങ്കിൽ കുഴപ്പമില്ല. പക്ഷേ, ആ കഥാപാത്രം ഫുൾ ലെങ്ത് ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ റിസ്കായിരുന്നു. ആ കഥാപാത്രം ചെയ്യാൻ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു,’ ലെന കൂട്ടിച്ചേർത്തു.

1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത ചിത്രമാണ് ‘എന്ന് നിന്റെ മൊയ്തീൻ’. പൃഥ്വിരാജ് മൊയ്തീനായും പാർവതി കാഞ്ചനമാലയായും എത്തിയ ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെയാണ് ലെന അവതരിപ്പിച്ചത്. 2015 സെപ്റ്റംബർ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയിരുന്നു.

Content Highlight: Actress Lena states that the character ‘Pathumma’ in the film ‘Ennu Ninte Moideen’ is the riskiest role she has taken on in her acting career.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more