| Sunday, 8th November 2026, 10:40 pm

‘ഞാൻ പ്രേതത്തെ കണ്ടിട്ടുണ്ട് ജീൻസും ജുബ്ബയുമായിരുന്നു വേഷം’; ആള് മരിച്ചിട്ട് രണ്ടുമൂന്ന് മാസമേ ആയിരുന്നൊള്ളു: ലെന

അജ്മല്‍ കെ

മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ലെന. സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ, ആർട്ടിക്കിൾ 21, ഓളം, ആതിര തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അഭിനയമികവ് തെളിയിച്ച താരം. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്.

ഇപ്പോഴിതാ താൻ ശരിക്കും പ്രേതത്തെ കണ്ടിട്ടുണ്ടെന്നും അത് വെള്ള സാരിയുടുത്ത രൂപത്തിലായിരുന്നില്ലെന്നും പറയുകയാണ് നടി ലെന. കുറച്ചുവർഷങ്ങൾക്ക് മുമ്പ് സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ഈ അനുഭവമുണ്ടായതെന്ന് ലെന പറയുന്നു. കണ്ട രൂപം എങ്ങനെയായിരുന്നുവെന്നും പിന്നീട് ആ വ്യക്തി മരിച്ചുപോയ ആളാണെന്ന് സുഹൃത്ത് പറഞ്ഞതിനെക്കുറിച്ചും താരം ഒർജിനൽസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലെന.Photo. Screengrab/ Youtube.com

‘നമ്മളെ തന്നെ കുറച്ച് തെളിച്ചമില്ലാതെ കണ്ടാൽ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു ഞാൻ കണ്ട പ്രേതം. നമ്മളെ കാണില്ലേ, ഒരു ത്രീഡി ആയിട്ടുള്ള സോളിഡ് പേഴ്സൺ. അത് കുറച്ചുകൂടി മങ്ങിയായിട്ട് ഇരുന്നാൽ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു. ഞാൻ കണ്ട പ്രേതം ജീൻസും ജുബ്ബയും ഒക്കെയായിരുന്നു ഇട്ടിരുന്നത്. അല്ലാതെ വെള്ള സാരി ഉടുത്തുകൊണ്ടൊന്നുമല്ല നടന്നിരുന്നത്,’ ലെന പറഞ്ഞു.

കണ്ട രൂപം ഒരു വാതിലിലൂടെ അകത്തേക്ക് വന്ന് ജനലിലൂടെ പുറത്തുപോകുന്നതാണ് കണ്ടതെന്നും നടി പറഞ്ഞു. അന്ന് താൻ സുഹൃത്തിന്റെ വീട്ടിലായിരുന്നു. മൂന്നാം നിലയിലായിരുന്ന ആ വീട്ടിൽ നിന്ന് ജനലിലൂടെ എങ്ങനെ പുറത്തുപോകാൻ കഴിയുമെന്ന ചിന്തയാണ് ആദ്യം ഉണ്ടായതെന്നും ലെന പറഞ്ഞു.

‘ഒരു വ്യക്തി ഇങ്ങനെ വന്ന് നടന്ന് ഒരു ഡോറിലൂടെ വന്ന് ജനലിലൂടെ പുറത്തുപോയി. അപ്പോൾ ഞാൻ പെട്ടെന്ന് ചിന്തിച്ചത്, ഇത് മൂന്നാമത്തെ നിലയാണല്ലോ, എങ്ങനെ ജനൽ വഴി പുറത്തുപോകാൻ പറ്റും എന്നാണ്. പിന്നെ ഞാൻ ചിന്തിച്ചത് ഇതെന്താണ് ഞാൻ കണ്ടത് എന്നായിരുന്നു,’ ലെന പറഞ്ഞു.

പിന്നീട് താൻ കണ്ട രൂപത്തെക്കുറിച്ച് സുഹൃത്തിനോട് വിശദീകരിച്ചു. ജുബ്ബയായിരുന്നു വേഷമെന്നും ആ വ്യക്തി എങ്ങനെയാണ് നടന്നുപോയതെന്നുമെല്ലാം പറഞ്ഞപ്പോൾ സുഹൃത്ത് ആളെ തിരിച്ചറിഞ്ഞതായും ലെന പറഞ്ഞു.

ലെന.Photo. Screengrab/Pink Prodcast/ Youtube.com

‘ഞാൻ ഇങ്ങനെ ഒരാൾ നടന്നു പോകുന്നത് കണ്ടു, ജുബ്ബയാണ് ഇട്ടിരുന്നത് എന്നൊക്കെ പറഞ്ഞു. അപ്പോൾ എന്റെ ഫ്രണ്ട്, ‘ആ, അത് ഇന്ന ആളല്ലേ’ എന്ന് എന്നോട് ചോദിച്ചു. ഞാൻ ആളുടെ പേര് പറയുന്നില്ല, കാരണം അത് റിയൽ ആയ ഒരു വ്യതിയായത് കൊണ്ട്. ആള് മരിച്ചുപോയിട്ട് ആകെ രണ്ടുമൂന്നു മാസമേ ആയിട്ടുള്ളൂവെന്ന് എന്നോട് പറഞ്ഞു. അപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു, എന്നെ കാണാനായിട്ട് ഇടയ്ക്കൊക്കെ ഇങ്ങനെ വരാറുണ്ടെന്ന്,’ ലെന കൂട്ടിച്ചേർത്തു.

Content Highlight: Actress Lena says that she has actually seen a ghost, and that it did not appear in the form of someone wearing a white saree

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more