സ്നേഹം എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ ലെന, വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ നടിയാണ്. എന്ന് നിന്റെ മൊയ്തീൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഉസ്താദ് ഹോട്ടൽ, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് 2013ൽ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലെന സ്വന്തമാക്കി. അഭിനേത്രി എന്നതിലുപരി എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം മാത്രം പോരെന്നും അതിനുള്ള കഴിവും കലയോടുള്ള പാഷനും വേണമെന്നും നടി ലെന. പ്രശസ്തിയും പണവും മാത്രം ലക്ഷ്യമിട്ട് സിനിമയിലെത്തിയാൽ നിരാശപ്പെടേണ്ടിവരുമെന്നും അഭിനയത്തോടുള്ള സ്നേഹമാണ് ദീർഘകാല കരിയറിന് അടിസ്ഥാനമെന്നും ലെന വ്യക്തമാക്കി.
ലെന.Photo. Screengrab/Pink Prodcast/ Youtube.com
സിനിമയിൽ ജന്മനാ ലഭിക്കുന്ന കഴിവിനൊപ്പം പരിശീലനത്തിലൂടെ നേടിയെടുക്കുന്ന സ്കില്ലുകളും പ്രധാനമാണ്. എന്നാൽ ഇതെല്ലാം ഉണ്ടായതുകൊണ്ടുമാത്രം വിജയം ഉറപ്പിക്കാനാകില്ല. ഒരു സിനിമയോ കഥാപാത്രമോ പ്രേക്ഷകർക്കിടയിൽ ക്ലിക്കാകുമോ എന്നതിന് ഗ്യാരണ്ടിയില്ല. അങ്ങനെ ഒരു ഹിറ്റ് ലഭിച്ചാൽ പോലും സിനിമയിൽ വർഷങ്ങളോളം നിലനിൽക്കുക എളുപ്പമല്ലെന്നും ലെന പറഞ്ഞു.
‘ഒരു ഹിറ്റ് സംഭവിച്ചേക്കാം. പക്ഷേ വർഷങ്ങളോളം ഒരു കരിയർ വേണമെങ്കിൽ ആദ്യം നിങ്ങൾക്ക് ആ കലയോടുള്ള സ്നേഹം ഉണ്ടായിരിക്കണം. ബാക്കിയെല്ലാം ബൈ പ്രോഡക്റ്റായിരിക്കും,’ ലെന പറഞ്ഞു. സിനിമയുടെ ഭാഗമായാൽ ഒരു പരിധിവരെ പ്രശസ്തി ലഭിക്കുമെങ്കിലും അതുമാത്രം ലക്ഷ്യമാക്കി ഈ മേഖലയിലേക്ക് വരരുതെന്നും നടി കൂട്ടിച്ചേർത്തു.
‘ഫെയിമിന് വേണ്ടിയാണ് സിനിമയിൽ വരുന്നതെങ്കിൽ 99 ശതമാനം പേരും നിരാശപ്പെടേണ്ടിവരും. പണമുണ്ടാക്കാൻ വേണ്ടിയാണ് വരുന്നതെങ്കിലും നിരാശപ്പെടേണ്ടിവരും. സിനിമയോടും അഭിനയത്തോടുമുള്ള സ്നേഹവുമായാണ് വരുന്നതെങ്കിൽ പ്രശസ്തിയും പണവുമെല്ലാം അതിന്റെ ഭാഗമായി വന്നേക്കാം,’ ലെന പറഞ്ഞു.
ആഗ്രഹം മാത്രം പോരെന്നും അഭിനയിക്കാനുള്ള കഴിവുണ്ടോ എന്ന് പരീക്ഷിച്ചറിയണമെന്നും ലെന പറയുന്നു. പാഷനൊപ്പം ആവശ്യമായ സ്കില്ലുകളും അത് പരീക്ഷിച്ചുനോക്കാനുള്ള അവസരങ്ങളും വേണം. എന്നാൽ പരാജയസാധ്യത കൂടി മുന്നിൽ കണ്ടുകൊണ്ടായിരിക്കണം സിനിമയിലേക്ക് കടക്കേണ്ടതെന്നും നടി കൂട്ടിച്ചേർക്കുന്നു.
ലെന.photo.screen grab/News 18 malayalam/youtube/indywood
‘മിക്കവർക്കും പാഷൻ മാത്രമേയുള്ളൂ, കഴിവില്ല. കഴിവുണ്ടോ ഇല്ലയോ എന്നറിയണമെങ്കിൽ അത് ചെയ്തുനോക്കണം. ആഗ്രഹം മാത്രം പോരാ. തോൽവിയും സംഭവിക്കാമെന്ന് മുന്നിൽ കണ്ടുകൊണ്ടുവേണം മുന്നിട്ടിറങ്ങാൻ,’ ലെന പറഞ്ഞു.
Content Highlight: Actress Lena says that merely desiring to act in movies is not enough; one also needs the requisite talent and a passion for the art