കൊച്ചി: ബാറിലെ തര്‍ക്കത്തെ തുടര്‍ന്ന് ഐ.ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും. സംഘത്തില്‍ ലക്ഷ്മിയും ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. എന്നാല്‍ നടി ഒളിവിലാണ്.
തട്ടിക്കൊണ്ടു പോയ സംഘത്തിലെ മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ പറവൂര്‍ സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്.
തിങ്കളാഴ്ച നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ആലുവ സ്വദേശിയായ അലിയാര്‍ ഷാ സലിം നല്‍കിയ പരാതിയെത്തുടര്‍ന്ന്, സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.45 ഓടെ പ്രതികള്‍ കലൂരില്‍ കാര്‍ നിര്‍ത്തി തന്നെ കാറില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയതായി പരാതിയില്‍ പറയുന്നു.
കാറില്‍ വെച്ച് തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും പിന്നീട്, ആലുവ-പറവൂര്‍ കവലയില്‍ ഇറക്കിവിട്ടതായും അലിയാര്‍ ഷാ സലീം പരാതിയില്‍ പറയുന്നുണ്ട്.
കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ ഞായറാഴ്ചയാണ് തര്‍ക്കമുണ്ടായത്. ഒരു വശത്ത് ലക്ഷ്മി മേനോനും സുഹൃത്തുക്കളും മറുവശത്ത് മറ്റൊരു ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കം പിന്നീട് റോഡിലേക്ക് നീങ്ങി.
പരാതിക്കാരനും സുഹൃത്തുക്കളും ബാറില്‍ നിന്ന് മടങ്ങി പോയതിനു ശേഷവും പ്രതികള്‍ അവരുടെ കാറിനെ പിന്തുടരുകയായിരുന്നു.
സുന്ദര പാണ്ഡ്യന്‍, കുംകി, മിരുതന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്ന ലക്ഷ്മി മേനോന്‍, തൃപ്പൂണിത്തുറ സ്വദേശിയാണ്. 2011 ല്‍ വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്.
Content Highlight: Actress Lakshmi Menon to be questioned in IT employee kidnapping case