ആന്റണി തട്ടിലുമായുള്ള പ്രണയവും വിവാഹവും വീട്ടിൽ നേരിട്ട എതിർപ്പുകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി കീർത്തി സുരേഷ്. ആന്റണി ക്രിസ്ത്യാനിയായതിനാൽ ബന്ധത്തിന്റെ തുടക്കത്തിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സമയമെടുത്തെന്നും താരം ‘അക്ക’ സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി കേർളി ടൈല്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്ലസ് ടു പഠനം കഴിഞ്ഞതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്. 15 വർഷത്തെ പ്രണയത്തിനൊടുവിൽ 2024 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം.
കീർത്തി സുരേഷ്. Photo. Facebook.com
‘ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത് 2009 ഡിസംബറിലാണ്. 2010 ജനുവരിയിൽ പ്രണയത്തിലായി. 2024ൽ വിവാഹം കഴിച്ചു. അദ്ദേഹം ക്രിസ്ത്യാനിയായതുകൊണ്ട് സ്വാഭാവികമായും വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. എനിക്ക് ആ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. കുടുംബത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ കുറച്ച് സമയമെടുത്തു. ഞാൻ നടിയാകുന്നതിന് മുമ്പുതന്നെ അദ്ദേഹം എന്നെ കണ്ടിട്ടുള്ള ആളാണ്. അതാണ് ഏറ്റവും നല്ല കാര്യം. ഞങ്ങൾ ഒരുമിച്ച് വളർന്നവരാണ്,’ കീർത്തി പറഞ്ഞു.
കോളേജ് പഠനകാലത്ത് അമ്മയും നടിയുമായ മേനക തന്റെ ഡയറി വായിച്ചപ്പോഴാണ് പ്രണയത്തെക്കുറിച്ച് അറിഞ്ഞതെന്നും കീർത്തി വെളിപ്പെടുത്തി. ആന്റണിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഡയറിയിൽ എഴുതിവെച്ചിരുന്നു. അമ്മ അത് വായിച്ചതോടെ ഡയറി എഴുതുന്നതുതന്നെ നിർത്തിയെന്നും താരം പറഞ്ഞു.
‘ഞാൻ പ്ലസ് ടു കഴിഞ്ഞ ഉടനെയാണ് ഭർത്താവുമായി പ്രണയത്തിലായത്. കോളേജിൽ പഠിക്കുമ്പോൾ അമ്മ എന്റെ ഡയറി വായിച്ചു. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അതിലുണ്ടായിരുന്നു. ‘ഞാൻ നിന്റെ അമ്മയാണ്, നിന്റെ ഡയറി വായിക്കാൻ എനിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമ്മ പറഞ്ഞത്. അതിനുശേഷം ഞാൻ ഡയറി എഴുതുന്നത് തന്നെ നിർത്തി. എഴുതാൻ ഒരുപാട് ഇഷ്ടമായിരുന്നു. ഇപ്പോൾ ആ ഡയറി എവിടെയാണെന്ന് പോലും അറിയില്ല. അത് തിരികെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ട്. പക്ഷേ അമ്മ അത് കത്തിച്ചുകളഞ്ഞിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്,’ കീർത്തി പറഞ്ഞു.
ബന്ധം ഇത്രയും കാലം രഹസ്യമായി സൂക്ഷിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും കീർത്തി പറയുന്നു. ഇരുവരും ഒറ്റയ്ക്ക് യാത്രകൾ ചെയ്യുന്നതിനുപകരം സുഹൃത്തുക്കൾക്കൊപ്പമാണ് കൂടുതലും പോയിരുന്നത്. അതുകൊണ്ട് ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചാലും ആന്റണി തന്റെ കാമുകനാണെന്ന് മറ്റുള്ളവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
വിവാഹവാർത്ത പുറത്തുവന്നതോടെയാണ് ആന്റണിക്ക് കൂടുതൽ ആശങ്കയായതെന്നും കീർത്തി പറഞ്ഞു. ജനശ്രദ്ധയും പാപ്പരാസികളുടെ സാന്നിധ്യവും അദ്ദേഹത്തിന് പരിചിതമായിരുന്നില്ലെന്നും കീർത്തി വ്യക്തമാക്കി. ‘വിവാഹം പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഭയങ്കര സമ്മർദത്തിലായിരുന്നു. എവിടെ നോക്കിയാലും പാപ്പരാസികൾ ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം,’ എന്നും കീർത്തി പറഞ്ഞു.
2024 ഡിസംബർ 12ന് ഗോവയിലായിരുന്നു കീർത്തിയുടെയും ആന്റണിയുടെയും വിവാഹം. തമിഴ് ബ്രാഹ്മണ, മലയാളി ക്രിസ്ത്യൻ ആചാരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു വിവാഹച്ചടങ്ങുകൾ. 15 വർഷം നീണ്ട പ്രണയത്തിനുശേഷം ഒന്നിച്ച ജീവിതം തുടങ്ങാനായതിന്റെ സന്തോഷവും വൈകാരികതയും നേരത്തെയും കീർത്തി പങ്കുവെച്ചിരുന്നു.
കീർത്തി സുരേഷ്. Photo. Facebook.com. Screen Grab/ Youtube
നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ 30നാണ് ക്രൈം ത്രില്ലർ വെബ് സീരീസായ അക്ക സ്ട്രീമിങ് ആരംഭിച്ചത്. വൈ.ആർ.എഫ് എന്റർടൈൻമെന്റിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമ്മിക്കുന്ന സീരീസിൽ കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശക്തരായ രണ്ട് സ്ത്രീകളുടെ ഏറ്റുമുട്ടലിന്റെ കഥയാണ് അക്കയിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ ധർമ്മരാജ് ഷെട്ടി പറയുന്നത്. മികച്ച പ്രതികരണങ്ങളാണ് സീരിസിന് ലഭ്യമാകുന്നത്.
Content Highlight: Actress Keerthy Suresh opens up about her love life, marriage, and the opposition she faced at home.