| Friday, 30th October 2026, 10:33 am

'ഒരുപാട് കഷ്ടപ്പെട്ട് തടി കുറച്ചതാണ്, എന്നിട്ടും സർജറി ചെയ്തോ എന്ന് ചോദിച്ചു’;സ്ത്രീകൾ എപ്പോഴും ജഡ്ജ് ചെയ്യപ്പെടുന്നുണ്ട്: കീർത്തി സുരേഷ്

അജ്മല്‍ കെ

ശരീരഭംഗിയുടെ പേരിൽ നേരിടേണ്ടിവരുന്ന വിമർശനങ്ങളെക്കുറിച്ചും കോസ്മെറ്റിക് സർജറി നടത്തിയെന്ന അഭ്യൂഹങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി കീർത്തി സുരേഷ്. ശരീരത്തിൽ വന്ന മാറ്റങ്ങൾക്കുപിന്നിൽ താൻ ചെയ്ത കഠിനാധ്വാനമുണ്ടായിരുന്നിട്ടും അതിനെ അംഗീകരിക്കാതെ സർജറി ചെയ്തതാണെന്ന് ആളുകൾ ആരോപിച്ചുവെന്ന് കീർത്തി പറഞ്ഞു. തന്റെ ശരീരത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുകയും വ്യായാമരീതികളിൽ മാറ്റം വരുത്തുകയും ചെയ്ത അനുഭവവും താരം പങ്കുവെച്ചു. തന്റെ ഏറ്റവും പുതിയ സീരിസായ ‘അക്ക’യുടെ പ്രൊമോഷന്റെ ഭാഗമായി സൂം ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഒന്നും അത്ര എളുപ്പമായിരുന്നില്ല. ഓരോ ദിവസവും ഞാൻ എന്റെ ശരീരത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നുണ്ട്. നമ്മൾ എപ്പോഴും ജഡ്ജ്‌മെന്റ് ചെയ്യപ്പെടുകയും അതിന് ഇരകളാവുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ച്, ആളുകൾക്ക് എളുപ്പത്തിൽ അഭിപ്രായം പറയാൻ കഴിയുന്ന ഒരു ഇടത്തിലാണ് നമ്മൾ നിൽക്കുന്നത് എന്നാണ് ഞാൻ മനസിലാകുന്നത്.

കീർത്തി സുരേഷ്. Photo. Screen Grab/ Youtube.

ഒരു സമയത്ത് ഞാൻ വ്യായാമമൊന്നും ചെയ്യാറില്ലായിരുന്നു. ഷൂട്ടിങ്ങിന് പോവുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക എന്നതായിരുന്നു പതിവ് രീതികൾ. അന്ന് എനിക്ക് നല്ല തുടുത്ത കവിളുകളൊക്കെയുണ്ടായിരുന്നു. ആ രൂപവും എനിക്ക് ഇഷ്ടമായിരുന്നു. പിന്നീട് വ്യായാമം ചെയ്യണമെന്ന് തോന്നി. അങ്ങനെ വർക്കൗട്ട് തുടങ്ങുകയായിരുന്നു,’ കീർത്തി പറഞ്ഞു.

എന്നാൽ തുടക്കത്തിൽ വ്യായാമം ശരിയായ രീതിയിലായിരുന്നില്ലെന്നും അമിതമായി കാർഡിയോ ചെയ്തിരുന്നെങ്കിലും സ്ട്രെങ്ത് ട്രെയിനിങ്ങിന് വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ലെന്നും താരം വ്യക്തമാക്കി. ഇതോടെ ശരീരഭാരം ഒരുപാട് കുറഞ്ഞു. പിന്നാലെ കോസ്മെറ്റിക് സർജറി ചെയ്തിട്ടുണ്ടോ എന്ന ചോദ്യങ്ങളും ഉയർന്നുവന്നെന്നും താരം പറഞ്ഞു.

‘ഞാൻ ഒരുപാട് ഭാരം കുറച്ചപ്പോൾ ആളുകൾ വന്ന് സർജറി ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഞാൻ ഇതിന് വേണ്ടി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ടാകാമെന്ന് അവർക്ക് ചിന്തിച്ചുകൂടേ? അതിന് പകരം ഞാൻ സർജറി ചെയ്തതാണെന്ന് നേരിട്ട് അങ്ങ് തീരുമാനിക്കുകയാണ് ചെയ്തത്,’ കീർത്തി പറഞ്ഞു.

പിന്നീട് തന്റെ ശരീരത്തിന് എന്താണ് ആവശ്യമെന്നും ഏതുതരം ഭക്ഷണമാണ് കഴിക്കേണ്ടതെന്നും മനസിലാക്കാൻ തുടങ്ങിയതോടെ വ്യായാമരീതികളിലും മാറ്റം വരുത്തി. സ്ട്രെങ്ത് ട്രെയിനിങ്, അനിമൽ ഫ്ലോ, യോഗ, കാലിസ്തെനിക്സ് തുടങ്ങിയ പരിശീലനങ്ങൾ ആരംഭിച്ചു. ശരീരത്തെക്കുറിച്ച് കൂടുതൽ ആത്മവിശ്വാസം തോന്നിയപ്പോഴാണ് നേരത്തേ എഴുതിവെച്ചിരുന്ന ആ കുറിപ്പ് പങ്കുവെച്ചതെന്നും കീർത്തി വ്യക്തമാക്കി.

‘എന്റെ ശരീരത്തെക്കുറിച്ച് എനിക്ക് വളരെ ആത്മവിശ്വാസം തോന്നിയ സമയത്താണ് ആ പോസ്റ്റ് പങ്കുവെച്ചത്. ഒരുപാട് നാളായി എഴുതണമെന്ന് ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു അത്. എന്തെങ്കിലും നേടാൻ ഒരാൾ കഠിനാധ്വാനം ചെയ്യുമ്പോൾ അതിനെ വെറുതെ സർജറി ചെയ്തതാണെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ലെന്ന് വ്യക്തമാക്കണമെന്നുണ്ടായിരുന്നു.

കീർത്തി സുരേഷ്. Photo. Screen Grab/ Youtube.

എന്റെ മുഖത്തുപോലും കാര്യങ്ങൾ നാച്ചുറലായി നിലനിർത്താനാണ് എനിക്ക് ഇഷ്ടം. മുഖത്ത് പോലും സ്വാഭാവികമല്ലാത്ത എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല. അങ്ങനെയുള്ളപ്പോൾ ശരീരത്തിൽ അത്തരമൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഞാൻ അങ്ങനെയൊന്നും ചിന്തിക്കുന്ന ആളല്ല,’ കീർത്തി സുരേഷ് പറഞ്ഞു.

Content Highlight: Actress Keerthy Suresh has spoken openly about the criticism she has faced regarding her physical appearance, as well as the rumors that she underwent cosmetic surgery

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more