| Thursday, 19th February 2026, 10:03 am

കാലിന്മേൽ കാൽ കേറ്റി വെക്കുന്നതൊക്കെയാണ് ഇവിടത്തെ ഡിസ്കഷൻ; പ്രതികരിക്കേണ്ട കാര്യമാണെങ്കിൽ മാത്രം പ്രതികരിക്കും: കനി കുസൃതി

നന്ദന എം.സി

മലയാള സിനിമയിൽ തൻ്റെതായ അഭിപ്രായങ്ങളിൽ ഉറച്ചുനിൽക്കുന്ന ചുരുക്കം നടിമാരിലൊരാളാണ് കനി കുസൃതി. ബിരിയാണി എന്ന സിനിമയിലൂടെ സുപരിചിതയായ നടി കൂടിയാണ് കനി.

ഇക്കഴിഞ്ഞ കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ കനി ബോളിവുഡ് സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സാമൂഹിക നിരീക്ഷകൻ മൈത്രേയനും ഡോക്ടറായ ജയശ്രീയുമാണ് കനിയുടെ മാതാപിതാക്കൾ.

കനി കുസൃതി, Photo: IMDb

ഇപ്പോഴിതാ തനിക്കെതിരെ വരുന്ന സ്റ്റേറ്റ്‌മെന്റുകളെ കുറിച്ചും അത്തരം കാര്യങ്ങൾ താൻ ശ്രദ്ധിക്കാറില്ലെന്നും എന്നാൽ ആവശ്യമുള്ളത് പറയാൻ മടിക്കാത്ത വ്യക്തിയാണെന്നും പറയുകയാണ് കനി കുസൃതി.

‘ഇന്റർവ്യൂയിൽ കാലിന്മേൽ കാൽ കേറ്റി വെക്കുന്നതൊക്കെയാണ് കേരളത്തിൽ ഡിസ്കഷനിൽ ഉള്ളത്. ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും സ്റ്റേറ്റ്‌മെന്റ് ആയി വരുന്നത് ഞാൻ വായിക്കാറില്ല, അതാണ് ഒന്നാമത്തെ കാര്യം.

ചിലപ്പോൾ ആരെങ്കിലുമത് അയച്ചുതരും, നമ്മൾ ഇത് കണ്ടില്ലെങ്കിലോ എന്ന് കരുതിയിട്ട്. അപ്പോൾ അത് വായിക്കാൻ തുടങ്ങുമ്പോൾ തന്നെ എനിക്ക് മനസിലാകും. അതുകൊണ്ട് അതൊന്നും ഞാൻ നോക്കാറില്ല. ചിന്തിക്കേണ്ട അല്ലെങ്കിൽ സംസാരിക്കേണ്ട കാര്യമാണെങ്കിൽ മാത്രം ഞാൻ സംസാരിക്കും.

കനി കുസൃതി, Photo: IMDb

അല്ലാത്ത കാര്യം ഞാൻ സംസാരിക്കാറുമില്ല, നോക്കാറുമില്ല. ഈ പറഞ്ഞ കാലിന്മേൽ കാൽ കേറ്റി വെക്കുന്നതൊക്കെ ചർച്ചയാകുന്നത് എന്തിനാണ് നമ്മൾ നോക്കുന്നത്, അതിനൊക്കെ എന്ത് പറയാനാണ്,’ കനി കുസൃതി പറഞ്ഞു.

അതേസമയം, തപ്പഡ് ന് ശേഷം തപ്‌സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി അനുഭവ് സിൻഹ ഒരുക്കുന്ന ചിത്രമാണ് ‘അസ്സി’. ഫെബ്രുവരി 20ന് റിലീസിനെത്തുന്ന ചിത്രത്തിൽ കനി കുസൃതിയും രേവതിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

‘എൺപത്’ എന്ന അർഥം വരുന്ന ‘അസ്സി’ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ മുൻനിർത്തിയാണ് കഥ പറയുന്നത്. ഒരു ദിവസം എൺപതോളം സെക്ഷ്വൽ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അതിനാലാണ് ‘എൺപത്’ എന്ന അർഥമുള്ള ‘അസ്സി’ എന്ന പേര് ചിത്രത്തിന് നൽകിയതെന്നും കനി കൂട്ടിച്ചേർത്തു.

Content Highlight: Actress Kani Kusruthi speaks out about the statements made against her

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more